- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നിതീഷിനെ മുഖ്യമന്ത്രിയാക്കാതിരിക്കാന് പാര പണിത് ബിജെപി; ആര്‍.ജെ.ഡിയും കോണ്‍ഗ്രസും തമ്മിലും കാലുവാരല്‍; മഹിള- യൂത്ത് വോട്ട് ലക്ഷ്യമിട്ട് എന്‍ഡിഎ; മുസ്ലിം- യാദവ വോട്ട് ലക്ഷ്യമിട്ട് മഹാസഖ്യം; മാറ്റുരയ്ക്കുന്നത് എം വൈ ഫാക്ടര്‍; ബീഹാറില്‍ യഥാര്‍ത്ഥ പോര് മുന്നണിക്കള്ക്കകത്ത്!
ബീഹാറില്‍ യഥാര്‍ത്ഥ പോര് മുന്നണിക്കള്ക്കകത്ത്!
പാറ്റ്‌ന: സാധാരണ ഒരു തിരഞ്ഞെടുപ്പില്‍ മുന്നണികള്‍ തമ്മിലാണ് മത്സരമെങ്കില്‍ ബീഹാറിലെ ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണികള്‍ക്ക് അകത്താണ് മത്സരം! നവമ്പര്‍ 6ന് ഒന്നാംഘട്ട തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇരുമുന്നണികളിലും പടലപ്പിണക്കങ്ങളുടെയും കുതികാല്‍ വെട്ടിന്റെയും വാര്‍ത്തകളാണ് പുറത്തുവരുന്നത്.
എന്‍ഡിഎ സഖ്യകക്ഷികളായ ജെഡിയുവും, ബിജെപിയും തമ്മില്‍ തീരെ നല്ല ബന്ധത്തിലല്ല. ഇത്തവണ ജെഡിയുവിന്റെ സീറ്റുകള്‍ പരമാവധി കുറച്ച് മുഖ്യമന്ത്രി സ്ഥാനം തട്ടിയെടുക്കുക എന്നതാണ് ബിജെപിയുടെ അജണ്ട എന്നാണ് ഇന്ത്യാടുഡെപോലുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മറുഭാഗത്ത് മഹാസഖ്യമെന്ന പേരില്‍ വിളിക്കുന്ന പ്രതിപക്ഷ സഖ്യത്തിലും കടുത്ത ഭിന്നതയാണ്. കോണ്‍ഗ്രസും ആര്‍ജെഡിയും പരസ്പരം പാര വെക്കുകയാണ്. ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിലും പടലപ്പിണക്കമാണ്.
നിതീഷിനെ വെട്ടാന്‍ ബിജെപി
എന്തൊക്കെ അപവാദങ്ങള്‍ ഉണ്ടെങ്കിലും ബീഹാറിലെ ഏറ്റവും ജനപ്രിയ മുഖ്യമന്ത്രിയാണ് 74-കാരനായ നിതീഷ് കുമാര്‍. അധികാരമുറപ്പിക്കാന്‍ മുന്നണികള്‍ മാറി രാഷ്ട്രീയ കസേരകളി നടത്തുന്നുണ്ടെങ്കിലും, ഒരുകാലത്ത് ജംഗിള്‍ രാജ് എന്ന വിമര്‍ശിക്കപ്പെട്ട കുത്തഴിഞ്ഞ് കിടന്നിരുന്ന ബീഹാര്‍ ഭരണം മെച്ചപ്പെടുത്താന്‍ നിതീഷിന് കഴിഞ്ഞിട്ടുണ്ട്. നിതീഷുമായി ചേര്‍ന്ന് ഭരിക്കുമ്പോഴും സ്വന്തമായി ഭരണം പിടിക്കുക എന്നതാണ് തന്നെയാണ് ബിജെപിയുടെ സ്വപ്നം.
നിതീഷിന്റെ പ്രതിച്ഛായ മോശമായി എന്ന് പരോക്ഷ കാമ്പയിന്‍ നടത്തുന്നത് ബിജെപി തന്നെയാണ്. കഴിഞ്ഞ തവണത്തെ പോലെ നിതീഷിനെ സംബന്ധിച്ച് മുഖ്യമന്ത്രിപദം ഇത്തവണ എളുപ്പമായിരിക്കില്ല. നിതീഷിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ ബിജെപി ഇതുവരെ തയ്യാറായിട്ടില്ല. 'നിതീഷ് ഇപ്പോള്‍ മുഖ്യമന്ത്രിയാണ്, ഇലക്ഷനുശേഷവും മുഖ്യമന്ത്രിയായി തുടരും' എന്ന് പാര്‍ട്ടി വക്താവ് നീരജ് കുമാര്‍ പറയുന്നു. പക്ഷേ അമിത് ഷാ പറഞ്ഞത് ഇങ്ങനെയാണ്-'ഇലക്ഷനുശേഷം സഖ്യകക്ഷി നേതാക്കള്‍ ചേര്‍ന്ന് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കും'. ഒരു പ്രചാരണയോഗത്തില്‍ പോലും നിതീഷിന്റെ പേര് അടുത്ത മുഖ്യമന്ത്രിയെന്ന നിലയ്ക്ക് പറയാതിരിക്കാന്‍ അമിത് ഷാ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്‍ഡിഎയില്‍ ബിജെപിയും ജെ.ഡിയുവും 101 സീറ്റുകളില്‍ വീതമാണ് മത്സരിക്കുന്നത്. മറ്റു ഘടകകക്ഷികളായ ഉപേന്ദ്ര കുഷ്വാഹയുടെ രാഷ്ട്രീയ ലോക് മോര്‍ച്ച കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച (സെക്യുലര്‍) എന്നിവര്‍ക്ക് ആറു വീതം സീറ്റുണ്ട്. മഹാരാഷ്ട്രയില്‍ ശിവസേനക്കെതിരെ ഏക്‌നാഥ് ഷിന്‍ഡേയെ ഉപയോഗിച്ച് നടത്തിയ വിഭജനതന്ത്രം തന്നെയാണ് ബിജെപി ബീഹാറിലും പയറ്റുന്നത്. ഇതിന്റെ ഭാഗമായി ആര്‍.എല്‍.എം, ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച തുടങ്ങിയ സഖ്യകക്ഷികളെയും നിതീഷിനെതിരെ തങ്ങളുടെ പക്ഷത്താക്കാന്‍ സീറ്റ് വിഭജനത്തിലൂടെ അമിത് ഷായ്ക്ക് നിഷ്പ്രയാസം കഴിഞ്ഞിട്ടുണ്ട്.
കഴിഞ്ഞതവണ ജെ.ഡി-യുവിനെ പിടിച്ചുകെട്ടിയ ചിരാഗ് പാസ്വാന്റെ എല്‍.ജെ.പിക്ക് നല്ല പരിഗണയാണ് ബിജെപി നല്‍കിയിത്. ഒരു എംഎല്‍എ മാത്രമുള്ള എല്‍ജെപിയ്ക്ക് ബി.ജെ.പി നല്‍കിയത് 29 സീറ്റാണ്. നിതീഷിനെതിരായ സമ്മര്‍ദ്ദസീറ്റുകളായി ഇവ ഉപകാരപ്പെടുമെന്നാണ് ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ പ്രതീക്ഷ. 2020-ല്‍ എന്‍ഡിഎയുടെ ഭാഗമല്ലാതിരുന്നിട്ടും ലോക് ജനശക്തി പാര്‍ട്ടിയെ ഉപയോഗിച്ച് നിതീഷിനെ ഒതുക്കാനായി എങ്കില്‍, ഇത്തവണ സഖ്യകക്ഷിയായി മാറിയ ഇതേ പാര്‍ട്ടിയെ ഉപയോഗിച്ചുതന്നെ നിതീഷിനെ നേരിടുകയാണ് ബിജെപി.
മാറ്റുരയ്ക്കുന്നത് എം വൈ ഫാക്ടര്‍
ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഏറ്റവും നിര്‍ണ്ണായകമാവുുന്നത് എം വൈ ഫാക്ടര്‍ എന്ന ഘടകമാണ്. വികസനത്തിലുടെ മഹിള- യുവ വോട്ടുകള്‍ തങ്ങള്‍ക്ക് ഗുണമാവുമെന്ന് നിതീഷും ടീമും കരുതുന്നു. എന്നാല്‍ ആര്‍ജെഡി- കോണ്‍ഗ്രസ് സഖ്യത്തിന് മുന്നോട്ട് വെക്കാനുള്ളത്, ജാതി രാഷ്ട്രീയം തന്നെയാണ്. മുസ്ലിം- യാദവ് വോട്ടുകളുടെ ഏകീകരണമാണ് അവരുടെ എം വൈ വോട്ട് ബാങ്ക്. ഇതില്‍ ഏത് ഫലിക്കുമെന്ന് കണ്ടറിയണം.
തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കുമ്പോഴും, ഭരണ- പ്രതിപക്ഷ സഖ്യങ്ങളില്‍ പടലപ്പിണക്കമാണ്. മഹാസഖ്യം തേജസ്വി യാദവിനെ നേതാവായി തിരഞ്ഞെടുത്തിട്ടുണ്ടെങ്കിലും കോണ്‍ഗ്രസുമായി അവരുടെ ബന്ധം നല്ലതല്ല. സ്ഥാനാര്‍ഥി തര്‍ക്കവും സീറ്റ് വിഭജനവുമാണ് സഖ്യത്തെ പ്രതിസന്ധിയിലാക്കുന്നത്. വിമതരുടെയും, ഘടകകക്ഷികളുടെ സൗഹൃദമത്സരവുമാണ് മുന്നണിയില്‍.
ആര്‍ജെഡിയ്ക്കും കോണ്‍ഗ്രസിനും കൃത്യമായ സീറ്റുധാരണയുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഏതാനും പ്രമുഖ സീറ്റുകളില്‍ യോജിപ്പിലെത്തി എന്നു പറയാം. 'സഖ്യത്തിലെ പാര്‍ട്ടികള്‍ ഒറ്റയ്‌ക്കൊറ്റയ്ക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഒമ്പതു മണ്ഡലങ്ങളില്‍ സഖ്യത്തിലെ പാര്‍ട്ടികള്‍ തമ്മില്‍ 'സൗഹൃദ മത്സര'ത്തിലുമാണ്. ആറു സീറ്റില്‍ കോണ്‍ഗ്രസും ആര്‍.ജെ.ഡിയും മൂന്നിടത്ത് കോണ്‍ഗ്രസും സി.പി.എയും തമ്മില്‍ നേരിട്ട് മത്സരിക്കുന്നു.
അതിനിടെ ലാലു കുടുംബത്തിലും പടലപ്പിണക്കമാണ്. ലാലുവിന്റെ ആണ്‍മക്കളില്‍ മൂത്തയാളായ തേജ് പ്രതാപ് നേരത്തെ തന്നെ പാര്‍ട്ടിക്ക് പുറത്താണ്. തേജിന്റെ കുടുംബജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്നും അകറ്റിയത്. ഇപ്പോള്‍ ജനശക്തി ജനതാദള്‍ എന്ന പാര്‍ട്ടിയുണ്ടാക്കി മഹുവ മണ്ഡലത്തില്‍നിന്ന് ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.
ഇപ്പോള്‍ ലാലുവിന്റെ രണ്ടാമത്തെ മകളായ റോഹിണി ആചാര്യയും വിമതയായി എന്നാണ് റിപ്പോര്‍ട്ടുകള്‍. മകള്‍ രോഹിണി ആചാര്യ, ലാലുവിനെയും തേജസ്വിയെയും സമൂഹ മാധ്യമത്തില്‍ അണ്‍ഫോളോ ചെയ്തിരിക്കയാണ്. മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ രാഷ്ട്രീയ ഉപദേഷ്ടാവായ സഞ്ജയ് യാദവിന് പാര്‍ട്ടിയില്‍ പ്രാധാന്യം കൂടുന്നുവെന്ന് രോഹിണിക്ക് നേരത്തെ തന്നെ പരാതിയുണ്ട്. ഇതാണ് പൊട്ടിത്തെറിയിലേക്ക് നയിച്ചതെന്നാണ്, മാധ്യമങ്ങള്‍ പറയുന്നു. 2022-ല്‍ ലാലു പ്രസാദിന് വൃക്ക ദാനം ചെയ്തത് മകളായ രോഹിണിയായിരുന്നു. ഇതിന്റെ ഭാഗമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഒരു വൈകാരികമായ സ്വീകരണം രോഹിണിക്കുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍, രോഹിണി ആചാര്യ തോറ്റിരുന്നു. അതിനുശേഷം നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിച്ച അവര്‍ക്ക് സീറ്റ് കൊടുത്തില്ല. ഇതാണ് പടലപ്പിണക്കത്തിന് കാരണം എന്നാണ് അറിയുന്നത്.