- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബില്‍ജിത്തിന്റെ ഹൃദയം അഞ്ചല്‍ കരുകോണ്‍ സ്വദേശിയായ പതിമൂന്നുകാരിയില്‍ തുടിച്ചുതുടങ്ങി; ഹൃദയമാറ്റ ശസ്ത്രക്രിയ പൂര്‍ത്തിയായി; കണ്ണിമ ചിമ്മാതെ ഡോക്ടര്‍മാര്‍; അടുത്ത 48 മണിക്കൂര്‍ നിര്‍ണായകം; എട്ട് അവയവങ്ങള്‍ ദാനം നല്‍കി ബില്‍ജിത്തിന്റെ മടക്കം
ബില്‍ജിത്തിന്റെ ഹൃദയം അഞ്ചല്‍ കരുകോണ്‍ സ്വദേശിയായ പതിമൂന്നുകാരിയില്‍ തുടിച്ചുതുടങ്ങി
കൊച്ചി: വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച നെടുമ്പാശ്ശേരി വട്ടപറമ്പ് മള്ളുശേരി പാലമറ്റം വീട്ടില്‍ ബില്‍ജിത്ത് ബിജു (18) വിന്റെ ഹൃദയം അഞ്ചല്‍ കരുകോണ്‍ സ്വദേശിയായ പതിമൂന്നുകാരിയില്‍ തുടിക്കും. എറണാകുളം ലിസി ആശുപത്രിയില്‍ നടന്ന ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഇന്നു വെളുപ്പിനെ 6.30ഓടെ പൂര്‍ത്തിയായി. പുലര്‍ച്ചെ ഒരു മണിയോടെ അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ നിന്നും ഹൃദയവുമായി തിരിച്ച ആംബുലന്‍സ് പൊലീസിന്റെ സഹായത്തോടെ 20 മിനിറ്റ് കൊണ്ട് ലിസി ആശുപത്രിയില്‍ എത്തി. 1.25 ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തില്‍ ശസ്ത്രക്രിയ ആരംഭിച്ചു. 3.30ന് ഹൃദയം കുട്ടിയില്‍ സ്പന്ദിച്ച് തുടങ്ങി. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകം എന്ന് ലിസി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.
വാഹനാപകടത്തെത്തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച അങ്കമാലി സ്വദേശി ബില്‍ജിത്തിന്റെ ഹൃദയമാണ് പതിമൂന്നുകാരിയായ പെണ്‍കുട്ടിക്ക് നല്‍കിയത്. കാലടി ആദി ശങ്കര എഞ്ചിനീയറിങ് കോളേജ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന ബില്‍ജിത്തിന്റ വൃക്കകള്‍, കണ്ണ്, ചെറുകുടല്‍, കരള്‍ എന്നിവയും ദാനം ചെയ്തിട്ടുണ്ട്. ഇന്നലെ ഉച്ചയോടെയാണ് ശസ്ത്രക്രിയയ്ക്കായി ലിസി ആശുപത്രിയില്‍ എത്താനുള്ള സന്ദേശം പെണ്‍കുട്ടിയുടെ കുടുംബത്തിന് ലഭിക്കുന്നത്. തുടര്‍ന്ന് 7 മണിയോടെ ആശുപത്രിയില്‍ എത്തുകയായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ചികിത്സയിലായിരുന്നു പെണ്‍കുട്ടി. സര്‍ക്കാര്‍ സംവിധാനങ്ങളും ജനവുമൊന്നാകെ ഒന്നിച്ച് തിരുവനന്തപുരത്ത് നിന്നും മസ്തിഷ്‌ക മരണം സംഭവിച്ച ഐസക് ജോര്‍ജിന്റെ ഹൃദയം കൊച്ചിയിലെത്തിച്ച് ഒരു ദിവസം പിന്നിട്ടപ്പോഴാണ് വീണ്ടും മാതൃകയായി അവയവദാനം.
തീരാവേദനയിലും എട്ട് അവയവങ്ങള്‍ ദാനം ചെയ്തു
ഇന്നലെ വൈകിട്ട് ഏഴു മണിക്കാണ് വന്ദേഭാരത് എക്സ്പ്രസില്‍ അച്ഛനും അമ്മയ്ക്കുമൊപ്പം 13കാരി എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെത്തിയത്. പിന്നാലെ പൊലീസ് അകമ്പടിയോടെ നാലു കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക്. തുടര്‍ന്ന് പരിശോധനകള്‍ ആരംഭിച്ചു. റോഡപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച, അങ്കമാലി മള്ളുശ്ശേരി പാലമറ്റത്ത് ബിജുവിന്റെയും ലിന്റയുടേയും മകന്‍ ബില്‍ജിത്തിന്റെ ഹൃദയമാണ് 13കാരിക്കു വേണ്ടി കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട പരിശോധനകള്‍ക്കൊടുവില്‍ ഹൃദയം ഏറ്റുവാങ്ങാന്‍ പെണ്‍കുട്ടിയുടെ ശരീരം സജ്ജമാണെന്ന് ഉറപ്പാക്കിയതോടെ ഡോക്ടര്‍മാരുടെ സംഘം അങ്കമാലിയിലേക്ക്. അവിടെയെത്തി ബില്‍ജിത്തിന്റെ ശരീരത്തില്‍ അവസാനവട്ട പരിശോധനകള്‍.
വെള്ളിയാഴ്ച മസ്തിഷ്‌കമരണം സംഭവിച്ച ബില്‍ജത്തിന്റെ ഹൃദയവുമായി കൊച്ചിയിലേക്ക്. തുടര്‍ന്ന് ആരംഭിച്ച ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് വെളുപ്പിന് ആറരയോടെ അവസാനിച്ചത്. ഒരു രാത്രി മുഴുവന്‍ കണ്ണിമ ചിമ്മാതെ വിവിധ ആശുപത്രികളിലെ വിദഗ്ധ മെഡിക്കല്‍ സംഘങ്ങള്‍ നടത്തിയ പ്രയത്നത്തിനൊടുവിലാണു ശസ്ത്രക്രിയയ്ക്കു വഴിതുറന്നത്. അടുത്ത 48 മണിക്കൂര്‍ ശസ്ത്രക്രിയ പോലെ തന്നെ പ്രധാനപ്പെട്ടതാണെന്ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. ഹൃദയം ചുരുങ്ങുന്ന കാര്‍ഡിയാക് മയോപ്പതി എന്ന അസുഖം 13കാരിക്ക് സ്ഥിരീകരിക്കുന്നത് പത്താം വയസിലാണ്. ഹൃദയത്തിന്റെ വാല്‍വില്‍ സുഷിരമുള്ളതായും കണ്ടെത്തി. മത്സ്യവ്യാപാരിയായ പിതാവിന് ചികിത്സയ്ക്കുള്ള പണം കണ്ടെത്താന്‍ കഴിയാതായതോടെ നാട്ടുകാര്‍ പണസമാഹരണം നടത്തി.
എറണാകുളം നെടുമ്പാശ്ശേരി മള്ളുശ്ശേരി പാലമറ്റം വീട്ടില്‍ ബില്‍ജിത്ത് ബിജുവിന്റെ ഹൃദയം ഉള്‍പ്പടെ 8 അവയവങ്ങളാണ് ദാനം ചെയ്തത്. കാലടി ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആന്‍ഡ് ടെക്നോളജിയിലെ ഒന്നാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയാണ് ബില്‍ജിത്ത്. തീവ്രദു:ഖത്തിലും അവയവദാനത്തിന് സന്നദ്ധരായ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു. ബില്‍ജിത്ത് ബിജുവിന് മന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുകയും ചെയ്തു.
സെപ്റ്റംബര്‍ രണ്ടിന് നെടുമ്പാശ്ശേരി കരിയാട് ദേശീയ പാതയില്‍ രാത്രി ബില്‍ജിത്ത് സഞ്ചരിച്ച ബൈക്കില്‍ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു. ഗുരുതരമായി പരിക്കേറ്റ ബില്‍ജിത്തിനെ ഉടന്‍തന്നെ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതരമായ പരുക്കേറ്റ ബില്‍ജിത്തിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും വെള്ളിയാഴ്ച മസ്തിഷ്‌കമരണം സംഭവിച്ചു. തുടര്‍ന്നാണ് മകന്റെ ശരീരഭാഗങ്ങള്‍ ആവശ്യക്കാര്‍ക്ക് ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ സമ്മതിക്കുന്നത്. ഹൃദയം, രണ്ട് വൃക്ക, കരള്‍, ചെറുകുടല്‍, പാന്‍ക്രിയാസ്, രണ്ട് നേത്രപടലങ്ങള്‍ എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്ക കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനും ഒരു വൃക്ക എറണാകുളം രാജഗിരി ആശുപത്രിയ്ക്കും കരളും ചെറുകുടലും പാന്‍ക്രിയാസും എറണാകുളം അമൃത ആശുപത്രിയ്ക്കും രണ്ട് നേത്രപടലങ്ങള്‍ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയ്ക്കുമാണ് നല്‍കിയത്.
ബില്‍ജിത്തിന്റെ അച്ഛന്‍ ബിജു പാലമറ്റം, അമ്മ ലിന്റ, സഹോദരന്‍ ബിവല്‍ (ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി) എന്നിവരാണ് കുടുംബാംഗങ്ങള്‍. സംസ്‌കാര ചടങ്ങുകള്‍ ഇന്ന് വീട്ടില്‍ വച്ച് നടക്കും.
ആറ് പേര്‍ക്ക് പുതുജീവന്‍ നല്‍കി ഐസക്ക്
കിംസ് ആശുപത്രിയില്‍ നിന്നും എയര്‍ ആംബുലന്‍സില്‍ കൊച്ചിയിലെത്തുന്ന ഐസക്കിന്റെ ഹൃദയം ഇനിമുതല്‍ ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അജിന്‍ എന്ന യുവാവിന്റെ ശരീരത്തില്‍ ജീവന്റെ തുടിപ്പ് നിലനിര്‍ത്തും. കരള്‍, വൃക്കകള്‍, കണ്ണിന്റെ കോര്‍ണിയ അടക്കം ഐസക്കിന്റെ ആറ് അവയവങ്ങളാണ് 6 പേര്‍ക്ക് പുതുജീവന്‍ നല്‍കുക. കൊട്ടാരക്കര സ്വദേശിയും ഹോട്ടലുടമയുമായ ഐസക്ക് ജോലി കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുന്ന സമയത്താണ് എതിരെ വന്ന വാഹനമിടിച്ച് പരിക്കേല്‍ക്കുന്നത്. അപ്പോള്‍ത്തന്നെ തിരുവനന്തപുരം ആശുപത്രിയിലേക്ക് എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഐസക്കിന് ഇന്നലെയാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ അവയവ ദാനത്തിനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു.