- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കാണാതായ മാല വീട്ടില്‍നിന്ന് തന്നെ കിട്ടിയിട്ടും ക്ഷമ പോലും പറയാന്‍ തയ്യറാകാത്ത ഓമനാ ഡാനിയേല്‍; താന്‍ ആത്മഹത്യയുടെ വക്കിലെത്തിയിരുന്നുവെന്നും ഇനി നീതി കിട്ടിയാല്‍ മാത്രമേ ജീവിക്കാന്‍ കഴിയുവെന്നും പറയുന്ന ബിന്ദു; പേരൂര്‍ക്കടയില്‍ ഇപ്പോഴും നിഷേധിക്കുന്നത് സാമാന്യ നീതി; മുഖ്യമന്ത്രിയുടെ ഓഫീസ് പിഴവില്‍ അന്വേഷണമില്ല
തിരുവനന്തപുരം: കള്ളപ്പരാതിയില്‍ കസ്റ്റഡിയിലെടുത്ത് 20 മണിക്കൂറിലധികം പോലീസ് സ്റ്റേഷനില്‍ ക്രൂര മാനസികപീഡനത്തിനു ഇരയായ ദളിത് യുവതിക്കു മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നു നേരിട്ടത് കടുത്ത അവഗണനയെന്ന ആരോപണത്തില്‍ അന്വേഷണമുണ്ടാകില്ല. എന്നാല്‍ ഇനി ഇത്തരം പരാതികളുണ്ടാകരുതെന്ന നിര്‍ദ്ദേശം തന്റെ ഓഫീസിലുള്ളവര്‍ക്ക് മുഖ്യമന്ത്രി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പുതുതായി എത്തുന്ന ആര്‍ പ്രദീപ് കുമാറിന് ഇത് ഉറപ്പാക്കേണ്ട ചുമതലയും നല്‍കും. തന്നെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിയപ്പോള്‍ തന്റെ പരാതി വായിച്ചുനോക്കാന്‍ പോലും, പരാതി വാങ്ങിയ ഉദ്യോഗസ്ഥന്‍ തയാറായില്ലെന്നും നല്കിയ പരാതി മേശപ്പുറത്തേക്ക് ഇടുകയായിരുന്നുവെന്നും നെടുമങ്ങാട് ചുള്ളിയൂര്‍ സ്വദേശിനിയായ ബിന്ദു പ്രതികരിച്ചിരുന്നു. പൊളിട്ടിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയായിരുന്നു ആരോപണം. ഇത് ശശി നിഷേധിക്കുകയും ചെയ്തു.
വീട്ടുജോലിക്കായി പോയ പേരൂര്‍ക്കടയിലെ വീട്ടില്‍നിന്നു മാല മോഷണം പോയെന്ന പരാതിയിലാണ് കഴിഞ്ഞ മാസം 23നു നെടുമങ്ങാട് സ്വദേശിനിയായ യുവതിയെ പേരൂര്‍ക്കട പോലീസ് വിളിച്ചുവരുത്തി മണിക്കൂറുകളോളം സ്റ്റേഷനില്‍ ചോദ്യംചെയ്യല്‍ നടത്തിയത്. താന്‍ മോഷണം നടത്തിയിട്ടില്ലെന്നു യുവതി പോലീസിനോടു പറഞ്ഞിട്ടും പോലീസ് യുവതിയെ ഒരു ദിവസത്തോളം സ്റ്റേഷനില്‍ത്തന്നെ നിര്‍ത്തി. പരാതിക്കാര്‍ക്ക് വീട്ടില്‍ നിന്നുതന്നെ മാല ലഭിച്ചതോടെയാണ് ചെയ്യാത്ത കുറ്റത്തിനു കസ്റ്റഡിയിലായ യുവതിയെ പോലീസ് വിട്ടയച്ചത്. ബിന്ദു അന്പലമുക്കിലെ ഒരു വീട്ടില്‍ ജോലിക്കു നിന്നപ്പോഴാണ് മാല മോഷണം പോയെന്നു കാട്ടി വീട്ടുകാര്‍ പേരൂര്‍ക്കട പോലീസില്‍ പരാതി നല്കിയത്. തുടര്‍ന്ന് ബിന്ദുവിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി. താന്‍ മോഷണം നടത്തിയിട്ടില്ലെന്നു ബിന്ദു പറഞ്ഞിട്ടും പോലീസ് അംഗീകരിക്കാന്‍ തയാറായില്ല. പെണ്‍മക്കളെയും കേസില്‍ പെടുത്തുമെന്ന ഭീഷണിയാണു പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. സ്റ്റേഷനില്‍വച്ച് കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ ശുചിമുറിയില്‍ പോയി കുടിക്കാനാണു ദളിത് യുവതിയോട് പേരൂര്‍ക്കട സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതെന്നും ബിന്ദു പറഞ്ഞു.
തന്നെ മോഷ്ടാവായി ചിത്രീകരിച്ച് കസ്റ്റഡിയിലെടുത്ത പോലീസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള പരാതിയുമായാണു കഴിഞ്ഞ ദിവസം യുവതി മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയത്. എന്നാല്‍, പരാതിയുണ്ടെങ്കില്‍ കോടതിയില്‍ പോകാനാണു മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നു നല്കിയ മറുപടിയെന്നു യുവതി പറഞ്ഞു. അഭിഭാഷകനൊപ്പമാണു മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. ഇതോടെയാണ് സംഭവം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. തുടര്‍ന്ന് വിവാദമായി. പിന്നീട് പീഡിപ്പിച്ച എസ് ഐയെ സസ്‌പെന്‍ഡ് ചെയ്ത് സര്‍ക്കാര്‍ തലയൂരി.
പേരൂര്‍ക്കട എസ്‌ഐ പ്രസാദിനെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സ്‌പെഷല്‍ ബ്രാഞ്ച് നല്കിയ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. കന്റോണ്‍മെന്റ് എസിപിയുടെ വിശദ റിപ്പോര്‍ട്ടിനുശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നു സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. എസ് ഐയെ സസ്‌പെന്‍ഡ് ചെയ്തത് സന്തോഷമുള്ളതാണെങ്കിലും അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്ത് പൊലീസുകാര്‍ക്ക് അടക്കമുള്ളവര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ബിന്ദു ആവശ്യപ്പെട്ടു വീട്ടുടമ ഓമന ഡാനിയേലിനെതിരെയും പരാതി നല്‍കും. കാണാതായ മാല വീട്ടില്‍നിന്ന് തന്നെ കിട്ടിയിട്ടും ക്ഷമ പോലും പറയാന്‍ അവര്‍ ഇതുവരെ തയാറായിട്ടില്ല.
താന്‍ ആത്മഹത്യയുടെ വക്കിലെത്തിയിരുന്നുവെന്നും ഇനി നീതി കിട്ടിയാല്‍ മാത്രമേ ജീവിക്കാന്‍ കഴിയുവെന്നും ബിന്ദു പറഞ്ഞു. മാലമോഷണക്കേസില്‍ പൊലീസിന്റെ കടുത്ത മാനസിക പീഡനവും അവഹേളനവും ഏല്‍ക്കേണ്ടി വന്നു. കേട്ടാല്‍ അറയ്ക്കുന്ന അസഭ്യവും ഭീഷണിയുമായിരുന്നു രാത്രി മുഴുവന്‍. കുടുംബത്തിന്റെ പിന്തുണ കൊണ്ടുമാത്രമാണ് മാനസിക നില വീണ്ടെടുത്തതെന്നും ബിന്ദു പറഞ്ഞു.