- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
എല്ലായിടത്തും ഓടിയെത്തുന്ന മന്ത്രി വാസവന്‍ ആ കുടുംബത്തെ തീര്‍ത്തും അവഗണിച്ചു; ഫോണില്‍ പോലും ബന്ധുക്കളെ വിളിച്ചില്ല; മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ തീവ്രശ്രമത്തില്‍; ആരോഗ്യ വകുപ്പിനെതിരെ രോഷം ഇരമ്പുമ്പോഴും വീഴ്ച്ചയില്ലെന്ന് ന്യായീകരണം തുടരുന്നു; അപകടം നടന്നയിടത്തേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനം തടഞ്ഞു
എല്ലായിടത്തും ഓടിയെത്തുന്ന മന്ത്രി വാസവന്‍ ആ കുടുംബത്തെ തീര്‍ത്തും അവഗണിച്ചു
കോട്ടയം: അധികാരികളുടെ അനാസ്ഥയില്‍ ഒരു വീട്ടമ്മയുടെ ജീവിന്‍ പൊലിഞ്ഞിട്ടും സര്‍ക്കാര്‍ ന്യായീകരങ്ങള്‍ തുടരുന്നു. ജീവന്‍ പോയതിനേക്കാള്‍ സംസ്ഥാന സര്‍ക്കാറിനെ അലോസരപ്പെടുത്തുന്നത് ഉണ്ടായ പ്രതിച്ഛായ കോട്ടമാണ്. മൂന്നാമൂഴം ലക്ഷ്യമിട്ട് നീങ്ങുന്ന സര്‍ക്കാറിന്റെ വീഴ്ച്ചക്ക് ആക്കം കൂട്ടുന്ന കാര്യങ്ങളാണ് എന്നതാണ് സര്‍ക്കാറിന്റെ പ്രശ്‌നം. മന്ത്രിമാര്‍ ഇന്നലെ ഓടിയെത്തി നടത്തിയതും വീഴ്ച്ച മറയ്ക്കാനുള്ള ശ്രമങ്ങളായിരുന്നു. മറിച്ച് രക്ഷാപ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ചിന്ത അവര്‍ക്ക് പോയില്ല.
എല്ലായിടത്തും ഓടിയെത്തുന്ന മന്ത്രി വാസവന്‍ ആ കുടുംബത്തെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിക്കാന്‍ പോലും തയ്യാറായില്ല. അതുകൊണ്ടും തീര്‍ന്നില്ല കോട്ടയം മെഡിക്കല്‍ കോളേജില്‍ തകര്‍ന്നുവീണ ശൗചാലയം സ്ഥിതി ചെയ്തിരുന്ന കെട്ടിടത്തിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പകര്‍ത്തുന്നതിന് എതിരെയാണ് സര്‍ക്കാറിന്റെ ആശങ്ക. അതുകൊണ്ട് മാധ്യമങ്ങളുടെ ക്യാമറാ കണ്ണുകളെ മൂടിക്കെട്ടാനാണ് ശ്രമിച്ചത്. ഇന്നും സംഭവത്തില്‍ പുകമറ സൃഷ്ടിക്കാനാണ് മന്ത്രി വാസവന്‍ അടക്കം ശ്രമം നടത്തിയത്. ഇതില്‍ പ്രതിഷേധം ശക്തമാകുകയാണ്.
തകര്‍ന്നു വീണ കെട്ടിടത്തിന്റെ പലഭാഗങ്ങളും ജീര്‍ണ്ണിച്ച അവസ്ഥയിലാണ്. അപകടം നടന്നയിടത്തേക്ക് മാധ്യമങ്ങള്‍ക്കുള്ള പ്രവേശനം മെഡിക്കല്‍ കോളേജ് അധികൃതര്‍ നിഷേധിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് സുരക്ഷാ ജീവനക്കാര്‍ വിലക്കി. സുരക്ഷിത അകലത്തില്‍ നിന്നുകൊണ്ട് റിപ്പോര്‍ട്ടിംഗ് ചെയ്യാമെന്ന് ആവശ്യപ്പെട്ടെങ്കിലും ആ ഭാഗത്തേക്ക് പ്രവേശനം അനുവദിച്ചില്ല.
കോണ്‍ക്രീറ്റ് ഭാഗം ഇളകി കമ്പികള്‍ പുറത്തുകാണുന്ന അവസ്ഥയിലാണ് കെട്ടിടത്തിന്റെ പലഭാഗങ്ങളും. സമാനമായ കെട്ടിടത്തിന്റെ എതിര്‍ഭാഗത്ത് കടകള്‍, കണ്‍സ്യൂമര്‍ സ്റ്റോര്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഒപ്പം മറ്റുവാര്‍ഡിലേക്കുള്ള വഴിയും ഫിറ്റ്നെസ് ഇല്ലാത്ത ഇതേ കെട്ടിടത്തിലൂടെയാണ്.
കെട്ടിടത്തിന് പഞ്ചായത്തിന്റെ ഫിറ്റ്നസ് ഇല്ലായിരുന്നുവെന്ന് ആര്‍പ്പൂക്കര പഞ്ചായത്ത് പ്രസിഡന്റും പറഞ്ഞു. നിലവില്‍ അപകടകരമായ കെട്ടിടങ്ങളുടെ അവസ്ഥ അറിയിക്കാന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് നോട്ടീസ് നല്‍കും. വീഴ്ച്ച മറയ്ക്കാന്‍ മന്ത്രി നടത്തുന്ന ശ്രമങ്ങളില്‍ കുടുംബവും കടുത്ത അതൃപ്തിയിലാണ്. മന്ത്രി ഇല്ലാത്ത കാര്യം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ബിന്ദുവിന്റെ ഭര്‍ത്താവ് ആരോപിക്കുന്നത്.
നേരത്തെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നെങ്കില്‍ ചിലപ്പോള്‍ ബിന്ദുവിനെ രക്ഷപ്പെടുത്താന്‍ കഴിയുമായിരുന്നുവെന്ന് ഭര്‍ത്താവ് വിശ്രുതന്‍ പ്രതികരിച്ചു. ആരെയും കുറ്റപ്പെടുത്താനില്ലെന്നും ഉണ്ടായത് കടുത്ത അനാസ്ഥയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഉപയോഗശൂന്യമായ കെട്ടിടമെന്ന് മന്ത്രി പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു. 'വീട് നോക്കിയിരുന്നത് അവളാണ്. അവള്‍ക്ക് പകരം ഞാന്‍ പോയാല്‍ മതിയായിരുന്നു', വിശ്രുതന്‍ കൂട്ടിച്ചേര്‍ത്തു. മന്ത്രി ഇല്ലാത്ത കാര്യം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു.
വീഴ്ച മറച്ചു വയ്ക്കാന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ ശ്രമിച്ചു. ആശ്വാസ വാക്കുമായി ആരും വന്നില്ല. കളക്ടറോ അധികാരികളോ മന്ത്രിമാരോ ബന്ധപ്പെട്ടില്ല. മകളുടെ തുടര്‍ ചികിത്സ ഉറപ്പാക്കാമെന്ന് സിപിഐഎം നേതാക്കള്‍ അറിയിച്ചുവെന്നും ബിന്ദുവിന്റെ ഭര്‍ത്താവ് പറഞ്ഞു. അതേസമയം കോട്ടയം മെഡിക്കല്‍ കോളേജില്‍ തകര്‍ന്നുവീണ കെട്ടിടം റവന്യൂ സംഘം ഇന്ന് പരിശോധിക്കും. കളക്ടറുടെ നേതൃത്വത്തിലാവും റവന്യൂ സംഘം പരിശോധന നടത്തുക. ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.
ഇതിനിടെ വിഷയത്തില്‍ സംസ്ഥാന വ്യാപക പ്രതിഷേധത്തിനാണ് പ്രതിപക്ഷം തയാറെടുക്കുന്നത്. കെപിസിസി അധ്യക്ഷന്‍ അടക്കം സ്ഥലം സന്ദര്‍ശിച്ചിട്ടുണ്ട്. ബിന്ദുവിന്റെ മരണത്തിന് കാരണം ആരോഗ്യ മന്ത്രിയാണെന്നും മന്ത്രിക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
മകള്‍ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ എത്തിയതായിരുന്നു ബിന്ദു. രാവിലെ കുളിക്കാനായാണ് ബിന്ദു കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിയിലേക്ക് പോയത്. അപ്പോഴായിരുന്നു അപകടം. ബിന്ദുവിനെ പുറത്തെടുക്കുമ്പോള്‍ തന്നെ ജീവനറ്റനിലയിലായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ബിന്ദു രണ്ട് മണിക്കൂറോളം കെട്ടിടാവശിഷ്ടത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.
തലയോലപ്പറമ്പ് പള്ളിക്കവലയില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന ബിന്ദു വസ്ത്രശാലയില്‍ ജീവനക്കാരിയായിരുന്നു. നിര്‍മ്മാണ തൊഴിലാളിയാണ് ഭര്‍ത്താവ് വിശ്രുതന്‍. കെട്ടിടം തകര്‍ന്നതിന് പിന്നാലെ ബിന്ദുവിനെ കാണാനില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ഭര്‍ത്താവായിരുന്നു പരാതി ഉന്നയിച്ചത്. തകര്‍ന്നുവീണ 13-ാം വാര്‍ഡിലാണ് ബിന്ദു പോയതെന്നും 13, 14 വാര്‍ഡിലുള്ളവര്‍ 14-ാം വാര്‍ഡിലാണ് പ്രാഥമിക കൃത്യങ്ങള്‍ക്കായി പോകുന്നതെന്നുമായിരുന്നു ബന്ധുക്കള്‍ ആരോപിച്ചത്. കാഷ്വാലിറ്റിയില്‍ അടക്കം തെരച്ചില്‍ നടത്തിയിട്ടും ബിന്ദുവിനെ കണ്ടുകിട്ടാതെ വന്നതോടെ ബന്ധുക്കള്‍ പരാതി ഉന്നയിക്കുകയായിരുന്നു.