തിരുവനന്തപുരം: ലൈംഗികാതിക്രമ ആരോപണത്തില്‍ കേസെടുത്ത പശ്ചാത്തലത്തില്‍ നടനും എംഎല്‍എയുമായ മുകേഷിന്റെ രാജിക്കായി കടുത്ത സമ്മര്‍ദ്ദവുമായി സിപിഐ. മുകേഷ് മാറിയേ തീരൂ എന്ന ആവശ്യമുന്നയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. മുകേഷ് മാറി നില്‍ക്കണം എന്നാണ് പാര്‍ട്ടി നിലപാട് എന്ന് ബിനോയ് വിശ്വം മുഖ്യമന്ത്രിയെ അറിയിച്ചു.

ധാര്‍മികതയുടെ പേരില്‍ മാറി നില്‍ക്കണം എന്നാണ് പാര്‍ട്ടി നിലപാട്. പാര്‍ട്ടി എക്‌സിക്യൂട്ടീവ് തീരുമാന പ്രകാരമാണ് ബിനോയ് വിശ്വം നിലപാട് അറിയിച്ചത്. മുകേഷിന്റെ രാജി സംബന്ധിച്ച് സിപിഐ കടുപ്പിച്ചതോടെ സിപിഎം കൂടുതല്‍ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്.

എം മുകേഷ് എംഎല്‍എ സ്ഥാനം തല്‍ക്കാലം രാജിവെക്കേണ്ടെന്നായിരുന്നു സിപിഎം നേരത്തെ സ്വീകരിച്ച നിലപാട്. പാര്‍ട്ടി അവൈലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ധാരണയായത്. കേസിന്റെ തുടര്‍നടപടി നിരീക്ഷിച്ച ശേഷമാകും തീരുമാനമെടുക്കുക. അതേസമയം സിനിമാ നയരൂപീകരണ സമിതിയില്‍ നിന്നും മുകേഷിനെ മാറ്റാനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ധാരണയായിരുന്നു. എന്നാല്‍ ഘടക കക്ഷിയായ സിപിഐ നിലപാട് കടുപ്പിച്ചതോടെ സിപിഎം പ്രതിരോധത്തിലായിരിക്കുകയാണ്. നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും വിഷയം ചര്‍ച്ച ചെയ്യും.

മുകേഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു എന്നതു പരിഗണിച്ച് തിടുക്കപ്പെട്ട് രാജി വെക്കേണ്ടതില്ലെന്നാണ് പൊതുവില്‍ സിപിഎമ്മില്‍ ധാരണയായിട്ടുള്ളത്. മുകേഷിനെ സംരക്ഷിച്ചുകൊണ്ടാണ് രാവിലെ ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. സമാനമായ പീഡനക്കേസില്‍പ്പെട്ടിട്ടുള്ള കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആദ്യം രാജിവെക്കട്ടെ. അതിനുശേഷം മുകേഷ് രാജിവെക്കുന്ന കാര്യം തീരുമാനിക്കാമെന്നായിരുന്നു ജയരാജന്‍ പ്രതികരിച്ചത്. കേസുമായി ബന്ധപ്പെട്ട് മുഖം നോക്കാതെ ശക്തമായ നടപടി ഉണ്ടാകുമെന്നും ഇടതു മുന്നണി കണ്‍വീനര്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം മുകേഷ് രാജിവെക്കണമെന്ന് സിപിഐ നേതാവ് ആനി രാജ ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ സിപിഐയില്‍ ഭിന്നത നിലനില്‍ക്കുന്നതായാണ് സൂചന. സര്‍ക്കാരിനെയും മുന്നണിയെയും പ്രതിസന്ധിയിലാക്കാതെ, ഇടതുപക്ഷത്തിന്റെ ഒരു എംഎല്‍എ എന്ന നിലയില്‍ മുകേഷ് തീരുമാനം എടുക്കേണ്ടതാണെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പ്രകാശ് ബാബു പറഞ്ഞു.

മുകേഷിനെതിരെ ഉയര്‍ന്നിട്ടുള്ളത് ഗൗരവമായ ആരോപണമാണെന്നും പ്രകാശ് ബാബു പറഞ്ഞു. ധാര്‍മ്മികമായി, രാജിവെക്കാതെ മുന്നോട്ടു പോകുന്നത് ശരിയല്ലെന്നാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷാഭിപ്രായം. എന്നാല്‍ രാജിക്കാര്യം സിപിഎമ്മും മുകേഷും തീരുമാനിക്കട്ടെ എന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നേരത്തെ യോഗത്തില്‍ അഭിപ്രായപ്പെട്ടത്.

നടിയുടെ ലൈംഗിക പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എയ്ക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊച്ചി മരട് പൊലീസാണ് കേസെടുത്തത്. ഐപിസി 376 (1) ബലാത്സംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ബലപ്രയോഗം, ഐസിപി 452 അതിക്രമിച്ച് കടക്കല്‍, ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകള്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

മുകേഷിന് നിരപരാധിത്വം തെളിയിക്കാനായില്ലെങ്കില്‍ അറസ്റ്റിലേക്ക് പോകുന്ന സാഹചര്യമുണ്ടാകും. നടനും അമ്മ ജനറല്‍ സെക്രട്ടറിയുമായിരുന്ന സിദ്ദിഖിനെതിരെ കേസെടുത്തതിന് സമാനമായ സാഹചര്യമാണ് മുകേഷും അഭിമുഖീകരിക്കുന്നത്.

നിലവില്‍ പരസ്യമായി മുകേഷിനെ തള്ളിപ്പറയില്ലെങ്കിലും താരത്തിനെ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ പിന്തുണച്ച് രംഗത്ത് വരേണ്ടതില്ലെന്നാണ് സിപിഎം നേതാക്കള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശമെന്നാണ് വിവരം. കേസിന്റെ പശ്ചാത്തലത്തില്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടി വരുമോ എന്നുള്ളതാണ് രാഷ്ട്രീയ എതിരാളികള്‍ ഉറ്റുനോക്കുന്നത്.

നിലവില്‍ രാജിവെക്കാന്‍ മുകേഷിനോട് പാര്‍ട്ടി ആവശ്യപ്പെടില്ല. പകരം രാജി ആവശ്യത്തെ കോണ്‍ഗ്രസ് എംഎല്‍എമാരായ എല്‍ദോസ് കുന്നപ്പള്ളിക്കും എം. വിന്‍സന്റിനുമെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സിപിഎം പ്രതിരോധിക്കുന്നത്. ആരോപണങ്ങളും കേസും വന്നപ്പോളും ഇരുവരും രാജിവെച്ചിരുന്നില്ലെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ചൂണ്ടിക്കാണിച്ചത്. പക്ഷെ മുകേഷിനെ പോലീസ് അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടാകുന്നതിന് മുന്നെ ഒരു തീരുമാനം പാര്‍ട്ടി കൈക്കൊള്ളും.

നിലവില്‍ കൊല്ലത്തെ പാര്‍ട്ടി നേതൃത്വവുമായി മുകേഷ് അത്ര നല്ല ബന്ധത്തിലല്ല. പാര്‍ട്ടിയുമായി സഹകരിക്കുന്നില്ലെന്നതുള്‍പ്പെടെയുള്ള വിമര്‍ശനം പാര്‍ട്ടിക്കുള്ളിലുണ്ട്. ഇതിന് പിന്നാലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയും കൂടി ആയപ്പോള്‍ പാര്‍ട്ടിയും മുകേഷും തമ്മിലുള്ള അകലം കൂടിയിരുന്നു. ഇതിനിടെയാണ് ലൈംഗികാതിക്രമ കേസ് വരുന്നത്.

വിഷയം പാര്‍ട്ടിയുടെ കൈവിട്ട് പോകുന്ന നിലയിലേക്കാണ് എത്തിയിരിക്കുന്നത്. ജീവപര്യന്തം വരെ ശിക്ഷ ലഭിച്ചേക്കാവുന്ന ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്. ഇതിന് പുറമെ മുന്‍ ഭാര്യ സരിതയുടെ പഴയ പരാമര്‍ശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കൂടുതല്‍ പ്രചരിക്കുന്നുണ്ട്.

മുകേഷിനെ സംരക്ഷിച്ചാല്‍ അടുത്ത തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയുണ്ടാകുമെന്നാണ് കൊല്ലത്തെ പാര്‍ട്ടി നേതൃത്വം കരുതുന്നത്. അതേസമയം മുകേഷ് രാജിവെക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ സിപിഎം ഉടന്‍ തീരുമാനം എടുത്തില്ലെങ്കില്‍ സമരം കടുപ്പിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ആലോചിക്കുന്നുണ്ട്.