തൃശൂര്‍: ന്യൂഡല്‍ഹിയില്‍ കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിന് പ്രധാനമന്ത്രി മോദി വന്നതില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രിയുടെ അംഗീകാരം സി.ബി.സി.ഐ സ്വീകരിക്കുന്നുവെന്നും തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പും സി.ബി.സി.ഐ പ്രസിഡന്റുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. തൃശ്ശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

്ഞങ്ങള്‍ ക്ഷണിച്ചത് ബി.ജെ.പിയുടെ ആളെയല്ല, ഇന്ത്യന്‍ പ്രധാനമന്ത്രിയാണ്. പ്രധാനമന്ത്രിയില്‍നിന്നും പോസിറ്റീവായ മറുപടിയാണ് ലഭിച്ചത്. രാഷ്ട്രീയ പാര്‍ട്ടി നോക്കിയല്ല വിളിച്ചത്. ക്രൈസ്തവര്‍ നേരിടുന്ന അക്രമങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയോട് പറഞ്ഞു.അതിലുള്ള വേദനയും അദ്ദേഹത്തെ അറിയിച്ചു. ഭരണഘടന അനുസരിച്ച് എല്ലാവരെയും ഉള്‍ക്കൊള്ളിച്ച് വേണം ഭാരതത്തിന്റെ വളര്‍ച്ച കൈവരിക്കാന്‍ എന്നാണ് അദ്ദേഹത്തോട് പറഞ്ഞത്.

പാലക്കാട് ചിറ്റൂര്‍ തത്തമംഗലത്തും നല്ലേപ്പിള്ളിയിലും ക്രിസ്മസ് ആഘോഷത്തിന് നേരെ സംഘ് പരിവാര്‍ സംഘടനകള്‍ അക്രമം നടത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് 'എല്ലാ മതങ്ങള്‍ക്കും സ്വാതന്ത്ര്യമുള്ള ഭരണഘടനയാണ് ഇന്ത്യയുടേത്' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മതസൗഹാര്‍ദത്തോടെ പ്രവര്‍ത്തിക്കണമെന്നാണ് സഭ ആഗ്രഹിക്കുന്നത്. അതിന് എതിരായി നിര്‍ബന്ധ ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നത് തെറ്റാണ്. ആക്രമണങ്ങളെ ഇന്ത്യയില്‍ ഒരു പൗരനും അംഗീകരിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ മിലിത്തിയോസിന്റെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്നും എല്ലാവര്‍ക്കും അവരുടേതായ അഭിപ്രായമുണ്ടാകുമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ക്രിസ്മസ് ആഘോഷങ്ങളിലെ ആക്രമണങ്ങളില്‍ ബി ജെ പിക്കും പ്രധാനമന്ത്രിക്കും എതിരായ വിമര്‍ശനം തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് ആവര്‍ത്തിച്ചതോടെ മെത്രാപ്പോലീത്തയുടെ നിലപാട് തള്ളി ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ മാര്‍ത്തോമാ മാത്യൂസ് തൃതിയന്‍ കാതോലിക്കാ ബാവ രംഗത്തുവന്നിരുന്നു. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും സഭയ്ക്ക് എല്ലാ നേതാക്കളോടും സമദൂരമാണെന്നും കാതോലിക്കാ ബാവ വ്യക്തമാക്കി. നിഷേധാത്മകമായ സമീപനം ആവശ്യമില്ലെന്നും കാതോലിക്കാ ബാവ കൂട്ടിച്ചേര്‍ത്തു.

സഭയ്ക്ക് അങ്ങനെ ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയുടെയോ അല്ലെങ്കില്‍ പ്രധാനമന്ത്രിയുടെയോ പ്രസിഡന്റിന്റെയോ ഒന്നും പ്രസ്താവനകളോട് നിഷേധാത്മകമായ സമീപനമില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും എല്ലാ സ്ഥാനികളെയും വളരെയധികം ബഹുമാനിക്കുന്നു. സഭയ്ക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. സഭയ്ക്ക് ആശങ്കയുണ്ട് എന്ന സത്യം മറച്ചുവെയ്ക്കുന്നുമില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും നേതാക്കന്മാരോടും സഭയ്ക്ക് സമദൂര സമീപനമാണുള്ളത്. അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാടാണത്. സഭ ഔദ്യോഗികമായി അങ്ങനെയുള്ള കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല.

'അവിടെ മെത്രാന്മാരെ ആദരിക്കുന്നു പുല്‍ക്കൂട് വന്ദിക്കുന്നു. ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു'' എന്നായിരുന്നു തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. വിമര്‍ശനത്തില്‍ ഉറച്ചുനിന്ന അദ്ദേഹം ഈ രാജ്യത്ത് സവര്‍ണ ഹിന്ദുക്കള്‍ അല്ലാതെ മറ്റാരും പാടില്ലെന്ന സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണിതെന്ന് ആരോപിക്കുകയും ചെയ്തു. എന്നാല്‍ അത് നടപ്പാക്കുകയെന്നത് എളുപ്പമല്ല. അത് തന്ത്രത്തിലൂടെ മാത്രമേ സാധിക്കൂ. ആ തന്ത്രമാണ് പ്രധാനമന്ത്രി നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു.

ബി.ജെ.പി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതുമുതല്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഒരു നടപടി പല തലങ്ങളില്‍ പല ശൈലിയില്‍ നടപ്പാക്കുന്നുണ്ട്. അതിന്റെ പുതിയ ഉദാഹരണങ്ങളായി രണ്ടുകാര്യങ്ങളുണ്ട്. ഒന്ന് ഡല്‍ഹിയില്‍ ക്രൈസ്തവസഭാ നേതാക്കളെ പ്രധാനമന്ത്രി സി.ബി.സി.ഐ ആസ്ഥാനത്തുപോയി അവിടെയുള്ള പുല്‍ക്കൂട്ടില്‍ പുഷ്പാര്‍ച്ചന നടത്തുന്നതാണ്. അതേസമയം, അദ്ദേഹം പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയുടെ പ്രാദേശിക ഘടകം പാലക്കാട് രണ്ടുസ്‌കൂളുകളില്‍ ഇതേ പുല്‍ക്കൂട് നശിപ്പിക്കുകയും അത് ക്രമീകരിച്ച അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ക്രിസ്മസ് കരോള്‍ സര്‍വീസുകളെ ശല്യപ്പെടുത്തുന്നു. - യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു.

ഇവിടെ വ്യക്തമായ വൈരുധ്യമുണ്ട്. അതില്‍ കാണുന്ന ഒരു ലക്ഷ്യം ഒരേസമയം നേതൃത്വത്തെ പ്രീണിപ്പിച്ച് നിര്‍ത്താന്‍ ശ്രമിക്കുകയും ഊതിക്കൊണ്ട് കഴുത്തറക്കുന്നു എന്നുപറയുന്നത് പോലെ ആ സമൂഹത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇത് ഈ രാജ്യത്ത് സവര്‍ണ ഹിന്ദുക്കള്‍ അല്ലാതെ മറ്റാരും പാടില്ലെന്ന സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ അല്ലാത്തവര്‍ ഒന്നുകില്‍ പുറത്തുപോവുകയോ അല്ലെങ്കില്‍ അടിമകളായി ജീവിക്കുകയോ ചെയ്യണം എന്നുള്ളതാണ്. പക്ഷേ അത് അത്ര എളുപ്പത്തില്‍ നടപ്പിലാക്കാന്‍ സാധിക്കില്ല. അത് തന്ത്രത്തിലൂടെ മാത്രമേ സാധിക്കൂ. ആ തന്ത്രമാണ് പ്രധാനമന്ത്രി നടപ്പാക്കാന്‍ ശ്രമിക്കുന്നത്.- യൂഹാനോന്‍ മാര്‍ മിലിത്തിയോസ് കൂട്ടിച്ചേര്‍ത്തു.