തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ രേഖകള്‍ കേന്ദ്ര ഏജന്‍സി കൈക്കലാക്കുമോ എന്ന ആശങ്കയില്‍ സിപിഎം. ശബരിമലയിലെ പ്രതിസന്ധി കണക്കിലെടുത്ത് കെ ജയകുമാറിനെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷനാക്കുന്നത്. കേരളത്തിലെ ബിജെപി നേതാക്കളുമായി ജയകുമാറിന് ബന്ധമുണ്ടെന്ന് കരുതുന്ന സിപിഎമ്മുകാരുണ്ട്. ഈ സാഹചര്യത്തില്‍ ദേവസ്വത്തിലെ രേഖകള്‍ പുറത്തു പോകുന്നില്ലെന്ന് ഉറപ്പിക്കാന്‍ സിപിഎം പ്രത്യേക സംവിധാനം ഒരുക്കും. ഈ സാഹചര്യത്തെ കരുതലോടെ കാണാന്‍ സിപിഎം അനുകൂല സംഘടനാ നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കെ ജയകുമാര്‍ ചതിയ്ക്കില്ലെന്ന പ്രതീക്ഷയിലാണ് ദേവസ്വം പ്രസിഡന്റ് പദം നല്‍കുന്ന ഹൈ റിസ്‌ക് സിപിഎം എടുക്കുന്നത്.

'ശബരിമലയില്‍ കേന്ദ്ര ഇടപെടല്‍ അനിവാര്യമാണ്' എന്ന നിലയ്ക്ക് ഒപ്പുശേഖരണം നടത്തണമെന്നാണ് ബിജെപി സംസ്ഥാന കമ്മിറ്റി നിര്‍ദേശിച്ചിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പാണ് തൊട്ടുമുന്നിലുള്ള ലക്ഷ്യമെങ്കിലും ശബരിമല ക്ഷേത്രഭരണം സംബന്ധിച്ച് വരാന്‍പോകുന്ന കേന്ദ്രനിയമം നിര്‍ണ്ണായകമാകും. ശബരിമലയില്‍ കേന്ദ്ര ഇടപെടലുണ്ടാകുമെന്നും വിശ്വാസ സംരക്ഷണം ഉറപ്പിക്കുമെന്നും പ്രധാനമന്ത്രി മോദി വാക്ക് നല്‍കിയിരുന്നു. ഇതിനൊപ്പം ശബരിമല സ്വര്‍ണ്ണ കൊള്ളയിലെ അന്വേഷണത്തിനും കേന്ദ്ര ഏജന്‍സി വരുമെന്നാണ് സൂചന. ക്ഷേത്രങ്ങളുടെ പരിപാലനം, സ്വത്തു സംരക്ഷണം എന്നിവ ഉള്‍പ്പെടുത്തി പുതിയ നിയമം ആലോചനയിലുണ്ട്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഇതിന് പിന്നിലുണ്ട്. ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളുടെ ഭരണത്തിനായി കേന്ദ്ര സര്‍ക്കാരിന് കൂടി പ്രാധാന്യമുള്ള ട്രസ്റ്റുകള്‍ വരും. അയോധ്യ മാതൃകയിലുള്ള ട്രസ്റ്റ് ആകാനാണ് സാധ്യത. കേന്ദ്ര സുരക്ഷയും ഉറപ്പു വരുത്തും. ജയകുമാറിനെ ബിജെപി കൈയ്യിലെടുക്കുമെന്ന് കരുതുന്ന സിപിഎമ്മുകാര്‍ ഏറെയാണ്. കേന്ദ്ര സാഹത്യ അക്കാദമി ചെയര്‍മാന്‍ സ്ഥാനം ജയകുമാറിന് ഓഫര്‍ ചെയ്ത് രേഖകളെല്ലാം കൊണ്ടു പോകുമെന്നാണ് ആശങ്ക.

ദേവസ്വം ബോര്‍ഡിലുള്ളവരിലേക്ക് അന്വേഷണം കടന്നതും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍കൂടി ഇതിലേക്ക് എത്തുമെന്ന സംശയം സിപിഎമ്മിനുണ്ട്. ഇതുവരെ, കേസ് സര്‍ക്കാരിനെയോ സിപിഎമ്മിനെയോ ബാധിക്കാത്തവിധം മാറ്റിനിര്‍ത്താനുള്ള ശ്രമമാണ് നേതാക്കള്‍ നടത്തിയത്. എന്‍. വാസു അറസ്റ്റിലായതും പത്മകുമാര്‍ പ്രതിസ്ഥാനത്തുള്ളതും സിപിഎമ്മിനെ അലോസരപ്പെടുത്തുന്നു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം നടത്താന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തയ്യാറെടുപ്പുകള്‍ തുടങ്ങിയിട്ടുണ്ട്. കേസില്‍ കള്ളപ്പണ ഇടപാട് കണ്ടെത്തിയെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചു. പ്രാഥമികാന്വേഷണത്തില്‍തന്നെ കള്ളപ്പണ ഇടപാട് ബോധ്യപ്പെട്ടെന്ന് വ്യക്തമാക്കിയ ഇഡി, കേസിലെ എഫ്ഐആറുകളുടെ പകര്‍പ്പ് ആവശ്യപ്പെട്ടു. കേസിലെ രണ്ട് എഫ്ഐആറുകളും കൈമാറണമെന്നാണ് ആവശ്യം. ധനമന്ത്രാലയത്തിന് കീഴിലാണ് ഇഡി. എന്നാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇക്കാര്യത്തില്‍ പ്രത്യേക താല്‍പ്പര്യം എടുത്തിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് നേരത്തേ റാന്നി മജിസ്ട്രേറ്റ് കോടതിയില്‍ എഫ്ഐആര്‍ പകര്‍പ്പ് ആവശ്യപ്പെട്ട് ഇഡി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, കോടതി അപേക്ഷ തള്ളുകയായിരുന്നു. നിലവില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം കേസന്വേഷിക്കുന്നുണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്. അതുകൊണ്ടുതന്നെ, സമാന്തരമായി മറ്റൊരു ഏജന്‍സി അന്വേഷണം നടത്തേണ്ടതില്ലെന്നും എഫ്ഐആര്‍ പകര്‍പ്പ് കൈമാറാനാവില്ലെന്നുമായിരുന്നു കോടതി വ്യക്തമാക്കിയത്. അതിനെതിരേയാണ് ഇഡി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഇത് നിര്‍ണ്ണായകമാണ്. ഇഡിയിലേക്ക് അന്വേഷണമെത്തിയാല്‍ കെ ജയകുമാറിന്റെ നിലപാട് ഇനി നിര്‍ണ്ണായകമാകും. പി എസ് പ്രശാന്തിന്റെ കാലത്ത് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ട് പോലും ചില രേഖകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയില്ല. ഇതോടെ അവര്‍ റെയ്ഡ് നടത്തി പിടിച്ചെടുത്തു. ഈ സാഹചര്യത്തില്‍ ജയകുമാറിന്റെ നിലപാടുകള്‍ ഏറെ നിര്‍ണ്ണായകമാണ്.

കേസിലെ പ്രതികള്‍ക്കെതിരേ പിഎംഎല്‍എ കുറ്റം നിലനില്‍ക്കുമെന്ന വാദമാണ് ഇഡി മുന്നോട്ടുവെയ്ക്കുന്നത്. അടുത്ത ദിവസങ്ങളില്‍ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍ വരും. നിലവില്‍ പ്രത്യേക അന്വേഷണ സംഘം ഈ കേസില്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം ചുമത്തിയിട്ടുണ്ട്. അതുവഴി ഇഡിക്ക് ഈ കേസിലേക്ക് പ്രവേശിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു. പ്രത്യേക അന്വേഷണ സംഘത്തിലെ ചിലരും തങ്ങള്‍ക്ക് എതിരാണെന്ന് സിപിഎം കരുതുന്നു. കേസിലെ കുറ്റകൃത്യങ്ങള്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന 'ഷെഡ്യൂള്‍ഡ് കുറ്റകൃത്യങ്ങള്‍' ആണെന്ന് ഇ.ഡിയുടെ ഹര്‍ജിയില്‍ പറയുന്നു.

കള്ളപ്പണം വെളുപ്പിക്കലില്‍ അന്വേഷണം നടത്താന്‍ നിയമപരമായി അധികാരമുള്ള ഏക ഏജന്‍സിയാണ് ഇ.ഡി. പിഎംഎല്‍എ നിയമപ്രകാരം അന്വേഷണം ആരംഭിക്കുന്നതിനും, കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച സ്വത്തുക്കള്‍ കണ്ടെത്തി കണ്ടുകെട്ടുന്നതിനും എഫ്ഐആറിന്റെ പകര്‍പ്പ് അനിവാര്യമാണ്. ഇ.ഡി അന്വേഷണത്തിന്റെ നിയമസാധുത പരിശോധിക്കാനോ അതില്‍ തീരുമാനമെടുക്കാനോ മജിസ്ട്രേട്ട് കോടതിക്ക് അധികാരമില്ല. അതിനാല്‍ രേഖകള്‍ നല്‍കാന്‍ മജിസ്‌ട്രേട്ട് കോടതിക്ക് നിര്‍ദേശം നല്‍കണമെന്നാണ് ഇ.ഡിയുടെ ആവശ്യം. ശബരിമല സന്നിധാനത്തെ കൊള്ളയില്‍ കേരളത്തെ പിടിച്ചുലയ്ക്കുന്ന തരത്തിലെ നീക്കങ്ങള്‍ ഇഡി നടത്തുമെന്നാണ് സൂചന.