കൊച്ചി: വയനാട് ദുരിതബാധിതര്‍ക്ക് 25 വീട് നിര്‍മിക്കാനുള്ള ധനസമാഹരണത്തിന്റെ ഭാഗമായാണ് ഡിവൈഎഫ്‌ഐ എറണാകുളം സൗത്തില്‍ നടത്തിയ തട്ടുകടയെ ചൊല്ലി തര്‍ക്കം. ഡിവൈഎഫ്‌ഐയുടെ തട്ടുകട അനധികൃതമാണെന്നും ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ആരോപിച്ചു കൊച്ചി കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ പത്മജ എസ് മേനോന്‍ രംഗത്തുവന്നതാണ് വാക്കുതര്‍ക്കത്തിന് ഇടയാക്കിയത്.

ലൈസന്‍സില്ലാതെയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുമാണു തട്ടുകട പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ചായിരുന്നു പത്മജ എസ്.മേനോന്‍ പ്രതിഷേധിച്ചത്. ഇവരെ എതിര്‍ത്തു കൊണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും രംഗത്തെത്തിയതോടെ പോലീസിനും വിഷയത്തില്‍ ഇടപെടേണ്ടി വന്നു. വയനാട് ഫണ്ട് സ്വരൂപിക്കാനെന്ന ഡിവൈഎഫ്‌ഐ ഫുട്പാത്ത് കയ്യേറി അനധികൃത ഭക്ഷണ വില്‍പ്പന നടത്തിയതാണ് കൗണ്‍സിലര്‍ ചോദ്യം ചെയ്തത്. ഇത്

എറണാകുളം സൗത്ത് ജംഗ്ഷനില്‍ ഞായറാഴ്ച്ച വൈകുന്നേരമായിരുന്നു സംഭവം. കൊച്ചി കോര്‍പ്പറേഷനിലെ ബിജെപി പ്രതിനിധി പത്മജ എസ് മേനോന്‍ ആയിരുന്നു ഡിവൈഎഫ്‌ഐയുടെ നടപടി ചോദ്യം ചെയ്തത്. തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മോശമായി പെരുമാറിയെന്നാണ് പരാതി. കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ ലൈസന്‍സ് എടുത്താണ് ഭക്ഷണ വില്‍പ്പന നടത്തേണ്ടതെന്ന് ഡിവിഷന്‍ കൗണ്‍സിലര്‍ ചൂണ്ടിക്കാണിച്ചതാണ് ഡിവൈഎഫ്‌ഐയെ പ്രകോപിപ്പിച്ചത്.

കൗണ്‍സിലറെ പിന്തുണച്ചയാളെ മര്‍ദ്ദിച്ചതായും പരാതിയുണ്ട്. സംഭവത്തിന് പിന്നാലെ എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പത്മജ എസ് മേനോന്‍ പരാതി നല്‍കി. ഇതുസംബന്ധിച്ച വീഡിയോയും കുറിപ്പും പത്മജ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്:

സൗത്ത് ഗേള്‍സ് ഹൈസ്‌കൂള്‍ ജംഗ്ഷനിലെ എല്ലാ പെട്ടിക്കടകള്‍ക്കും ലൈസന്‍സ് ഉണ്ടോ അതിലെ ഗ്യാസ് പ്രവര്‍ത്തിക്കുന്നുണ്ടോ എന്നൊക്കെ നോക്കി വരുമ്പോള്‍ ഡിവൈഎഫ്‌ഐക്കാര്‍ റോഡിലേക്ക് കാലൊക്കെ നാട്ടി വച്ചിട്ട് ഫുട്പാത്ത് മുഴുവനും എടുത്ത് ഒരു തട്ടുകട നടത്തുന്നു. വയനാട് ദുരിതാശ്വാസം എന്നൊക്കെ എഴുതി വച്ചിരിക്കുന്നത് കണ്ടു. അപ്പോള്‍ ലൈസന്‍സ് ഉണ്ടോ എന്ന് ഞാന്‍ ചോദിച്ചു. ലൈസന്‍സ് ഇല്ല, കേരളം ഭരിക്കുന്ന പാര്‍ട്ടിയാണ് എന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു നിങ്ങള്‍ തന്നെയാണല്ലോ കൊച്ചിന്‍ കോര്‍പ്പറേഷനും ഭരിക്കുന്നത്. അപ്പോള്‍ നിങ്ങള്‍ക്ക് ഒരു ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വഴി ലൈസന്‍സ് എടുക്കാന്‍ ബുദ്ധിമുട്ടുണ്ടോ എന്ന് ചോദിച്ചു. അതേ തുടര്‍ന്ന് അവര്‍ ഇനി പറയാനൊന്നും ബാക്കിയില്ല. രണ്ടു പൊറോട്ടയും ബീഫും എന്റെ വായിലേക്ക് തള്ളിവച്ച് കേറ്റി കൊടുക്കാന്‍ പറഞ്ഞു. ഒരു മുന്‍ പരിചയം ഇല്ലാത്ത ഒരാള്‍ എന്റെ സമീപം കുറച്ചു നേരമായി നില്‍ക്കുന്നുണ്ടായിരുന്നു. ഇത് കേട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു "ഈ സ്ത്രീ ഒന്നും നിങ്ങളോട് ചോദിച്ചില്ലല്ലോ, പിന്നെന്തിനാണ് അവരുടെ വായില്‍ വച്ച് കൊടുക്കുന്നത് എന്ന്. കുറച്ചുനേരം കൂടെ എന്റെ കൂടെ നന്നിട്ട് അദ്ദേഹം നടന്നുപോയി. ഇവര്‍ പിന്തുടര്‍ന്ന് അദ്ദേഹത്തെ മര്‍ദ്ദിച്ചു. എനിക്ക് തരാനുള്ളത് അദ്ദേഹത്തിന് കൊടുത്തു എന്നു മാത്രം.

അതേസമയം തങ്ങള്‍ ആരെയും മര്‍ദിച്ചിട്ടില്ലെന്നു ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ പ്രതികരിച്ചു. ഡിവൈഎഫ്‌ഐ എറണാകുളം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണു കഴിഞ്ഞ ദിവസം എറണാകുളം സൗത്തില്‍ താല്‍ക്കാലിക ജനകീയ തട്ടുകട ആരംഭിച്ചത്. ഡിവൈഎഫ്‌ഐ സംസ്ഥാനതലത്തില്‍ നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി ആരംഭിച്ച ജനകീയ തട്ടുകടയില്‍ നിന്ന് ആദ്യ ദിവസം 24,000 രൂപ ഫണ്ടിലേക്കു ലഭിച്ചിരുന്നു. തട്ടുകടയില്‍ നിന്നു ഭക്ഷണം കഴിക്കുന്നവര്‍ സംഭാവനയായി നല്‍കുന്ന തുക വയനാട്ടിലെ ദുരിതബാധിതര്‍ക്കു വീടുവച്ചു നല്‍കാനുള്ള ഡിവൈഎഫ്‌ഐ ഫണ്ടിലേക്കാണു നല്‍കുന്നതെന്നു ബ്ലോക്ക് സെക്രട്ടറി അമല്‍ സോഹന്‍ പറഞ്ഞു.

ദുരിതബാധിതരെ സഹായിക്കാനുള്ള പദ്ധതിയെ തകര്‍ക്കാനാണു ബിജെപി കൗണ്‍സിലര്‍ ശ്രമിക്കുന്നതെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു. അതേസമയം, കോര്‍പറേഷന്‍ വഴിയോര ഭക്ഷണശാലകള്‍ പ്രവര്‍ത്തിക്കുന്നതിനു വ്യക്തമായ മാനദണ്ഡമുണ്ടെന്നു കൗണ്‍സിലര്‍ പത്മജ എസ്. മേനോന്‍ പറഞ്ഞു. സൗത്ത് റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴിയോരത്തു സുരക്ഷിതമല്ലാത്ത രീതിയില്‍ ഗ്യാസ് സിലിണ്ടര്‍ വച്ചാണു പാചകം നടത്തുന്നത്. ലൈസന്‍സില്ലാതെ തട്ടുകട പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കാനാകില്ലെന്നും കൗണ്‍സിലര്‍ പറഞ്ഞു. ഇന്നലെ തട്ടുകട നടത്തിയ പ്രദേശത്തു ഭക്ഷ്യാവശിഷ്ടങ്ങള്‍ തള്ളുകയും ചെയ്തിരുന്നു. ഇതു ചൂണ്ടിക്കാട്ടി പത്മജ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിനും പരാതി നല്‍കിയിട്ടുണ്ട്.