തിരുവനന്തപുരം: ഡല്‍ഹിയില്‍ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത് ചര്‍ച്ചയാകുന്നത് കേരളത്തിലാണ്. കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങളിലേക്ക് പാലമിട്ട ബിജെപിയുടെ നീക്കത്തെ ചെറുക്കാന്‍ വേണ്ടി ഈ വിഷയം ആയുധമാക്കുകയാണ് കേരളത്തിലെ ഇടതുപക്ഷവും യുഡിഎഫും. ഡല്‍ഹി സംഭവത്തില്‍ ബിജെപിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ടാണ് രണ്ട് മുന്നണികളും രംഗത്തുവരുന്നത്. ഈ സാഹചര്യത്തില്‍ സംഭവത്തില്‍ പ്രതിരോധം തീര്‍ത്ത് ബിജെപി നേതാക്കള്‍ രംഗത്തെത്തി.

ഡല്‍ഹിയിലേത് സുരക്ഷ മുന്‍നിര്‍ത്തിയുള്ള ഒറ്റപ്പെട്ട സംഭവമാണെന്നാണ് ബിജെപി വിശദീകരിക്കുന്നത്. അത് ക്രൈസ്തവ വിശ്വാസത്തിന് എതിരായ കാര്യമല്ലെന്നും ഹനുമാന്‍ ജയന്തി ഘോഷയാത്രക്ക് പോലും അനുമതി നിഷേധിച്ചിരുന്നതായും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഡല്‍ഹിയിലെ വിവിധ ദേവാലയങ്ങളില്‍ ഇന്ന് നടന്ന ഓശാന തിരുനാള്‍ ശുശ്രൂഷകളും പ്രദക്ഷിണങ്ങളുടെയും ചിത്രങ്ങള്‍ ഷെയര്‍ ചെയ്താണ് ബിജെപി നേതാവ് അനൂപ് ആന്റണി വിഷയത്തില്‍ പ്രതികരിച്ചത്.

അതേസമയം ഈ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തു കൊണ്ടാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചത്. സങ്കടകരമായ വസ്തുതയാണ്, ഓശാന തിരുന്നാളിനെപ്പോലും രാഷ്ട്രീയവല്‍ക്കരിക്കുകയാണ് കോണ്‍ഗ്രസും ഇടതുപക്ഷവും! എത്ര നാള്‍ നാണം കെട്ട രീതിയില്‍ നുണകള്‍ പ്രചരിപ്പിച്ച് വസ്തുതകള്‍ വളച്ചൊടിച്ച് ജനങ്ങളെ കബളിപ്പിക്കും?- രാജീവ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

അതേസമയം ഡല്‍ഹി സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയന് എതിരെയാണ് ഷോണ്‍ ജോര്‍ജ്ജ് പ്രതികരിച്ചത്. ബിജെപിക്കെതിരെയുള്ള ഈ കുത്തിത്തിരുപ്പ് രാഷ്ട്രീയം നിര്‍ത്തി താങ്കള്‍ പോയി ജയിലില്‍ പോകാതിരിക്കാനുള്ള മാര്‍ഗ്ഗം വല്ലതുമുണ്ടോയെന്ന് നോക്കുക എന്നായിരുന്നു ഷോണിന്റെ പ്രതികരണം. ഷോണ്‍ ജോര്‍ജ്ജ് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്:

വഖഫ് ഭേദഗതിക്കെതിരായ സമരങ്ങള്‍ രാജ്യത്തെമ്പാടും തീവ്രവാദസംഘടനകള്‍ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. ഭരണകൂടത്തിനും പോലീസിനും ഇന്റലിജന്‍സ് വിവരങ്ങള്‍ ഉള്‍പ്പെടെ കണക്കിലെടുത്ത് മാത്രമാണ് സര്‍ക്കാരുകള്‍ക്ക് തീരുമാനം എടുക്കാന്‍ കഴിയൂ.. ഡല്‍ഹിയില്‍ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലുമായി ബന്ധപ്പെട്ട കുരുത്തോല പ്രദക്ഷിണത്തിന് നഗരത്തില്‍ സുരക്ഷാ ഭീഷണി മുന്‍നിര്‍ത്തിയാണ് അനുമതി നിഷേധിച്ചത്. ഇന്നലെ ഹനുമദ് ജയന്തി ശോഭായാത്ര ഇത്തരത്തില്‍ സുരക്ഷ ഭീഷണി മൂലം അനുമതി നിഷേധിച്ചിരുന്നു. ബിജെപിക്കെതിരെയുള്ള ഈ കുത്തിത്തിരുപ്പ് രാഷ്ട്രീയം നിര്‍ത്തി താങ്കള്‍ പോയി ജയിലില്‍ പോകാതിരിക്കാനുള്ള മാര്‍ഗ്ഗം വല്ലതുമുണ്ടോയെന്ന് നോക്കുക.

സുരക്ഷാ കാരണങ്ങളാലാണ് ഡല്‍ഹി സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രല്‍ ദേവാലയത്തിന്റെ നേതൃത്വത്തില്‍ ഓശാന ഞായറാഴ്ച നടത്തിയിരുന്ന കുരുത്തോല പ്രദക്ഷണത്തിന് പോലീസ് അനുമതി നിഷേധിക്കാന്‍ കാരണമെന്നാണ് കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍ നേരത്തെ പ്രതികരിച്ചത്. ഈമാസം 11ാം തീയ്യതി മുതല്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. ഹനുമാന്‍ ജയന്തിയോട് അനുബന്ധിച്ചു ശോഭാ യാത്ര നടത്തുന്നതിനും പോലീസ് തടസ്സവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. അതുകൊണ്ടാണ് കുരുത്തോല പ്രദക്ഷിണത്തിനും അനുമതി നിഷേധിച്ചതെന്ന് ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു.

എന്താണ് സുരക്ഷാ കാരണങ്ങള്‍ എന്ന് കേരളത്തിലെ മാധ്യമങ്ങള്‍ അടക്കം വ്യക്തമാക്കിയിരുന്നു. മറ്റു പരിപാടികള്‍ക്ക് അനുമതി നല്‍കാതാത്തതു പോലെ കുരിശിന്റെ വഴിക്കും അനുമതി കൊടുത്തില്ലെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഓള്‍ഡ് ഡല്‍ഹിയിലെ സെന്റ് മേരീസ് ദേവാലയത്തില്‍ നിന്നും സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലിലേക്ക് ഓശാന ഞായറാഴ്ച വിശ്വാസികള്‍ കുരിശിന്റെ വഴി ചൊല്ലി പ്രദക്ഷണമായി എത്തുന്നത് പതിവായിരുന്നു. എന്നാല്‍ ഇന്ന് ഉച്ചയ്ക്ക് നടത്താനിരുന്ന പ്രദക്ഷണത്തിന് സുരക്ഷാ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഡല്‍ഹി പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു.

നിശ്ചയിച്ചപോലെ കുരിശിന്റെ വഴി നടത്താന്‍ പറ്റാത്തതില്‍ നിരാശയെന്ന് ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കുട്ടോ പ്രതികരിച്ചു. സുരക്ഷാകരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചത്. തുടര്‍ന്ന് പള്ളി ഗ്രൗണ്ടിലാണ് കുരിശിന്റെ വഴി ചടങ്ങ് നടത്തിയത്. സെന്റ്മേരീസ് പള്ളിയില്‍ നിന്ന് സേക്രഡ് ഹാര്‍ട്ട് പള്ളിയിലേക്ക് പ്രദക്ഷിണം നടത്താനായിരുന്നു തീരുമാനം. 2:30 ക്ക് പള്ളിക്കകത്ത് പരിപാടി സംഘടിപ്പിക്കുക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷവും സമാനമായി പ്രദക്ഷണം നടത്തുന്നതിന് അനുമതി നിഷേധിച്ചിരുന്നു. ഏകദേശം രണ്ടായിരത്തോളം വിശ്വാസികള്‍ പങ്കെടുക്കുന്ന കുരുത്തോല പ്രദക്ഷണത്തിന് ഡല്‍ഹി പോലീസ് അനുമതി നിഷേധിച്ചത്. അതേസമയം, വളരെ നേരത്തെ തന്നെ പ്രദക്ഷിണത്തിന് അനുമതി തേടിയിരുന്നതാണെന്ന് വികാരി ഫാ. ഫ്രാന്‍സിസ് സോമരാജ് മാധ്യമങ്ങളോടു പറഞ്ഞു.

എന്നാല്‍, സുരക്ഷാ കാരണങ്ങളാല്‍ അനുമതി നല്കാനാവില്ലെന്ന് പോലീസ് അറിയിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ പരാതിയില്ലെന്നും ഇടവക വികാരി വ്യക്തമാക്കി. പ്രധാനമന്ത്രിയടക്കം ബിജെപി നേതാക്കള്‍ ക്രിസ്മസ്, ഈസ്റ്റര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന പള്ളിയാണ് സേക്രഡ് ഹാര്‍ട്ട് പള്ളി. വിഷയം കോണ്‍ഗ്രസും സിപിഎമ്മും രാഷ്ട്രീയമായി ആയുധമാക്കിയതോടെയാണ് ബിജെപി നേതാക്കള്‍ പ്രതികരണവുമായി രംഗത്തുവന്നത്.