- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അവര്‍ ഓടിയത് മരണത്തിലേക്കായിരുന്നു! കോണ്‍ക്രീറ്റ് സ്ലാബ് വീണത് നേരെ ഓടിയവരുടെ തലയിലേക്ക്; വലിയങ്ങാടിയില്‍ സ്ലാബ് വീണ് ഇല്ലാതായത് മൂന്ന് പാവം തൊഴിലാളികളുടെ ജീവന്‍; കോര്‍പ്പറേഷനില്‍ യുദ്ധക്കളം! ദുരന്തത്തില്‍ മേയറുടെ ചേംബറിലേക്ക് ഇരച്ചുകയറി ബിജെപി; പൊലീസും പ്രവര്‍ത്തകരും തമ്മില്‍ തെരുവ് യുദ്ധം

കോഴിക്കോട്: നഗരത്തിന്റെ വ്യാപാര സിരാകേന്ദ്രമായ വലിയങ്ങാടിയെ നടുക്കിയ ദുരന്തത്തില്‍ മൂന്ന് തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടമായത് അധികൃതരുടെ അനാസ്ഥ കാരണമെന്ന് ആരോപിച്ച് വന്‍പ്രതിഷേധം. കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള പഴയ പാസ്‌പോര്‍ട്ട് ഓഫീസ് കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നു വീണാണ് ജബ്ബാര്‍, അഷ്‌റഫ്, ബഷീര്‍ എന്നീ തൊഴിലാളികള്‍ മരണപ്പെട്ടത്. ഉച്ചഭക്ഷണത്തിന് ശേഷം കെട്ടിടത്തിന്റെ ഷട്ടറിനോട് ചേര്‍ന്ന് വിശ്രമിക്കുകയായിരുന്ന തൊഴിലാളികളുടെ മേലേയ്ക്കാണ് ടണ്‍ കണക്കിന് ഭാരമുള്ള കോണ്‍ക്രീറ്റ് സ്ലാബ് പതിച്ചത്. 2 പേര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ തുടരുന്നു.
ദുരന്തം നടന്നത് ഇങ്ങനെ
ഏഴ് തൊഴിലാളികളാണ് അപകടസമയത്ത് അവിടെ ഉണ്ടായിരുന്നത്. അപ്രതീക്ഷിതമായി മുകളില്‍ നിന്ന് ശബ്ദം കേട്ടതോടെ എല്ലാവരും പുറത്തേക്ക് ഓടാന്‍ ശ്രമിച്ചു. എന്നാല്‍ ഈ വെപ്രാളത്തിനിടയില്‍ അഞ്ചുപേര്‍ തകര്‍ന്നു വീണ സ്ലാബിനടിയില്‍ കുടുങ്ങുകയായിരുന്നു. രണ്ട് പേര്‍ തലനാരിഴയ്ക്ക് ഓടി രക്ഷപ്പെട്ടു.
'ശബ്ദം കേട്ടതോടെ എല്ലാവരും പുറത്തേക്കോടി. ഓടിയില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ ഒന്നും സംഭവിക്കില്ലായിരുന്നു. സ്ലാബ് വീണത് നേരെ ഓടിയവരുടെ തലയിലേക്കാണ്.' - ദൃക്സാക്ഷി
അനാസ്ഥയുടെ 50 വര്‍ഷങ്ങള്‍
തകര്‍ന്ന കെട്ടിടത്തിന് ഏകദേശം അമ്പത് വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. 1977-ല്‍ നിര്‍മ്മാണം ആരംഭിച്ച ഈ കെട്ടിടത്തില്‍ 1980 മുതല്‍ പാസ്‌പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നു. കെട്ടിടത്തിന്റെ ശോച്യാവസ്ഥയെക്കുറിച്ച് പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങള്‍ ഇവയാണ്:
2024-ല്‍ പുതിയ കെട്ടിടത്തിനായി ഡി.പി.ആര്‍ തയ്യാറാക്കിയിട്ടും പഴയ കെട്ടിടം പൊളിച്ചുമാറ്റാനോ തൊഴിലാളികളെ ഒഴിപ്പിക്കാനോ നടപടിയുണ്ടായില്ല.അപകടാവസ്ഥയിലുള്ള കെട്ടിടത്തില്‍ മാസങ്ങള്‍ക്ക് മുന്‍പ് പുതിയ സ്ഥാപനത്തിന് ലൈസന്‍സ് നല്‍കിയതായി പ്രതിപക്ഷ നേതാവ് എസ്.കെ. അബൂബക്കര്‍ ആരോപിച്ചു. കെട്ടിടത്തിന്റെ മുകളില്‍ ഫിറ്റ്നസ് സെന്റര്‍ അടക്കം പ്രവര്‍ത്തിച്ചിരുന്നു എന്നത് കെട്ടിടത്തിന്റെ ബലക്ഷയത്തെ കൂടുതല്‍ ഗൗരവതരമാക്കുന്നു.
പ്രതിഷേധക്കടലായി കോഴിക്കോട്
അപകടത്തിന് പിന്നാലെ വലിയങ്ങാടിയില്‍ തൊഴിലാളികള്‍ പണിമുടക്ക് പ്രഖ്യാപിച്ചു. ഇതോടെ ചരക്ക് നീക്കം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. ബി.ജെ.പി കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷമുണ്ടായി. മേയറുടെ ചേംബറിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് തടഞ്ഞത് ഉന്തും തള്ളും വാക്കേറ്റവും സൃഷ്ടിച്ചു.
അപകടം നടന്ന കെട്ടിടത്തിലേക്ക് ഇനി ആരെയും പ്രവേശിപ്പിക്കില്ലെന്ന് മേയര്‍ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം ശക്തമാണ്


