കണ്ണൂര്‍ :പയ്യന്നൂര്‍ കാങ്കോല്‍ ഏറ്റുകുടുക്കയില്‍ ബൂത്ത് ലെവല്‍ ഓഫിസര്‍ അനീഷ് ജോര്‍ജ്

ജീവനൊടുക്കിയത് ജോലി സംബന്ധമായ മാനസിക സമ്മര്‍ദ്ദം മൂലമാണെന്ന വാദം തള്ളി ജില്ലാ ഭരണകൂടം. പയ്യന്നൂര്‍ മണ്ഡലത്തിലെ പതിനെട്ടാം നമ്പര്‍ ബൂത്ത് ലെവല്‍ ഓഫീസറായ അനീഷ് ജോര്‍ജിന്റെ മരണത്തിന് പിന്നില്‍ എസ്.ഐ.ആറുമായി ബന്ധപ്പെട്ട ജോലി സമ്മര്‍ദ്ദമില്ലെന്ന് കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അംഗന്‍വാടി അധ്യാപകരെ ബി. എല്‍ ഒ മാരായി മാറ്റിയതിന്റെ ഭാഗമായാണ് ആലപ്പടമ്പ് കുന്നരു യു.പി സ്‌കുളിലെ ഓഫീസ് അറ്റന്‍ഡറായ അനീഷിനെ ചുമതലയേല്‍പ്പിച്ചത്. ഇദ്ദേഹത്തിന് കഴിഞ്ഞ ഒക്ടോബര്‍ നാലിന് ഇതു സംബന്ധിച്ച തീവ്ര പരിശീലനം നല്‍കിയിരുന്നു. ആകെ 1065 എന്യുമറേഷന്‍ ഫോമാണ് അനീഷിന് വിതരണം ചെയ്യാന്‍ നല്‍കിയിരുന്നത്. ഇതില്‍ 825 എണ്ണം വിതരണം ചെയ്തു. 240ഫോമുകളാണ് ശേഷിച്ചിരുന്നത്. ബാക്കിയുള്ള ഫോമുകള്‍ വിതരണം ചെയ്തിരുന്നുവെങ്കിലും പോര്‍ട്ടലില്‍ അപ്‌ഡേറ്റ് കിട്ടാത്തതിനാല്‍ അന്‍പതു ഫോമുകള്‍ മാത്രമേ ബാക്കിയുള്ളുവെന്ന് ബി. എല്‍. ഒ. ഔദ്യോഗികമായി മേല്‍ ഉദ്യോഗസ്ഥനെ അറിയിച്ചിട്ടുണ്ട്.

ഫീല്‍ഡ് തലത്തില്‍ ഫോറം വിതരണം കാര്യക്ഷമമാക്കുന്നതിനായി റവന്യു ഉദ്യോഗസ്ഥരെയും വാഹനങ്ങളെയും ആവശ്യമായ സൗകര്യങ്ങളോടെ വിവിധ സ്ഥലങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ 15ന് അനീഷിനെ സഹായിക്കുന്നതിനായി ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം ഫീല്‍ഡ് അസി. പ്രദീപന്‍ കൂടെ പോയിരുന്നു. കൃത്യനിര്‍വഹണത്തില്‍ യാതൊരു ബുദ്ധിമുട്ടുമുള്ളതായി അതിനാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ 84. 3 ശതമാനം പുരോഗതി ഇലക്ടറല്‍ ഫോറം വിതരണത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവം നടന്ന ദിവസം രാവിലെ 8.45 ന് ബാക്കിയുള്ള 240ഫോറങ്ങള്‍ പൂരിപ്പിക്കുന്നതിനായി എന്തെങ്കിലും സഹായം ആവശ്യമുണ്ടോയെന്ന കാര്യം ബുത്ത് ലെവല്‍ സൂപ്പര്‍വൈസര്‍ ഷീജ ബി എല്‍ ഒയെ ബന്ധപ്പെട്ടതായും തന്റെ ജോലികള്‍ താന്‍ തന്നെ പൂര്‍ത്തിയാക്കുമെന്നും സഹായം ആവശ്യമില്ലെന്നും ബി. എല്‍.ഒ അനീഷ് പറഞ്ഞിരുന്നു. ദൈനംദിന അവലോകനത്തിന്റെ ഭാഗമായാണ് ബി. എല്‍ ഒയെ ചുമതലയുള്ള ഉദ്യോഗസ്ഥ ഫോണിലൂടെ ബന്ധപ്പെട്ടത്. ഈ കാര്യം പരാമര്‍ശിക്കുന്ന ആത്മഹത്യ കുറിപ്പും പെരിങ്ങോം പൊലിസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ല.

ഔദ്യോഗിക പരിശോധനയില്‍ ബി. എല്‍. ഒ തന്റെ ഔദ്യോഗിക കര്‍ത്തവ്യങ്ങള്‍ ഫലപ്രദമായി നിര്‍വഹിച്ചിട്ടുണ്ട്. ഭരണപരമായ അന്വേഷണങ്ങളില്‍ എസ്.ഐ. ആറുമായി ബന്ധപ്പെട്ട ജോലികളും ബി. എല്‍. ഒയുടെ ആത്മഹത്യയും തമ്മിലുള്ള ബന്ധം കണ്ടെത്താനായിട്ടില്ല. അനീഷ് ജോര്‍ജിന്റെ മരണത്തില്‍ ജില്ലാ ഭരണകൂടം ഹൃദയംഗമായ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിന്റെ നഷ്ടം നികത്താന്‍ കഴിയില്ലെങ്കിലും കുടുംബാംഗങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങളും സാമ്പത്തിക നഷ്ടപരിഹാരവും നല്‍കുമെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അറിയിച്ചു.

അതേസമയം, എസ്.ഐ.ആറുമായി ബന്ധപ്പെട്ട ജോല സമ്മര്‍ദ്ദം തന്നെയാണ് മകന്റെ മരണത്തിന് കാരണമെന്ന് പിതാവും മുന്‍ അധ്യാപകനുമായ ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എസ്ഐആറുമായി ബന്ധപ്പെട്ട് മകന്‍ ടെന്‍ഷനിലായിരുന്നുവെന്നും ഈ ടെന്‍ഷന്‍ ഇത്രത്തോളം എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കുന്നരു യുപി സ്‌കൂളിലെ പ്യൂണ്‍ അനീഷ് ജോര്‍ജിനെയാണ് ഞായറാഴ്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തന്റെ മകന്റെ മരണത്തില്‍ ഏതെങ്കിലും വ്യക്തിക്കോ സമൂഹത്തിനോ പ്രസ്ഥാനത്തിനോ യാതൊരു ബാധ്യതയുമില്ലെന്ന് പിതാവ് ജോര്‍ജ് പറഞ്ഞു. ബുദ്ധിമുട്ടുള്ള പണി ചെയ്ത് ശീലമില്ലാത്തതുകൊണ്ട് വന്നുപോയ ഒരു ടെന്‍ഷനില്‍ നിന്നാണ് ഈ കടുംകൈ ഉണ്ടായത്. ഒരു പരിചയവുമില്ലാത്ത, വിസ്തൃതമായ ഏരിയയിലെ എല്ലാവരെയും കണ്ടുപിടിക്കാനുള്ള ബുദ്ധിമുട്ടാണ് ഇതിന്റെ പ്രധാന കാരണമെന്ന് മനസ്സിലാക്കുന്നത്. ആ സമ്മര്‍ദ്ദം താങ്ങാനാകാതെയായി ആയിരിക്കണം ഇങ്ങനെ ഒരു കടുംകൈ ചെയ്തതെന്നും. പിതാവ് ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചു.