ലഖ്‌നൗ: ജോലി സമ്മർദ്ദം താങ്ങാനാവാതെ ഉത്തർപ്രദേശിൽ ബി.എൽ.ഒ ആത്മഹത്യ ചെയ്തു. മൊറാദാബാദ് സ്വദേശിയും സമീപത്തെ സ്കൂളിൽ അസിസ്റ്റന്റ് അധ്യാപകനുമായിരുന്ന സർവേഷ് സിങിനെയാണ് ഞായറാഴ്ച രാവിലെ വീട്ടിലെ സ്റ്റോർ റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പായി മൊബൈൽ ഫോണിൽ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങളും ആത്മഹത്യാ കുറിപ്പും പുറത്തുവന്നിട്ടുണ്ട്.

ഞായറാഴ്ച രാവിലെ സർവേഷ് സിങിനെ വീട്ടിലെ സ്റ്റോർ റൂമിൽ തൂങ്ങിമരിച്ച നിലയിൽ ഭാര്യ ബാബിൽ ദേവിയാണ് കണ്ടെത്തിയത്. ഉടൻതന്നെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹത്തിന് സമീപത്തുനിന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസറെ അഭിസംബോധന ചെയ്തുകൊണ്ടുള്ള രണ്ട് പേജുള്ള ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. വോട്ടർ പട്ടികയുടെ തീവ്രപരിഷ്‌കരണവുമായി ബന്ധപ്പെട്ട ജോലികൾ പൂർത്തിയാക്കാൻ കഴിയുന്നില്ലെന്ന് വിഡിയോയിൽ സർവേഷ് കരഞ്ഞുകൊണ്ട് പറയുന്നുണ്ട്.

"അമ്മേ.. എന്നോട് ക്ഷമിക്കണം, എന്റെ മക്കളെ പൊന്നുപോലെ നോക്കണം. ഈ ജോലി പൂർത്തിയാക്കാൻ എന്നെക്കൊണ്ട് കഴിയുന്നില്ല. ഞാൻ കടുത്ത തീരുമാനമെടുക്കുകയാണ്," എന്നും വിഡിയോയിൽ അദ്ദേഹം പറയുന്നു. ഒക്ടോബർ ഏഴിനാണ് സർവേഷ് സിങിനെ ബി.എൽ.ഒ ആയി നിയമിച്ചത്. തെരഞ്ഞെടുപ്പ് കമീഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സർവേഷ് ആദ്യമായി ഭാഗമാകുന്നത് ഇത്തവണയായിരുന്നു. രാവും പകലും ജോലി ചെയ്തിട്ടും എസ്.ഐ.ആർ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ തനിക്ക് കഴിയുന്നില്ലെന്നും പലപ്പോഴും മൂന്ന് മണിക്കൂർ മാത്രമാണ് ഉറങ്ങുന്നതെന്നും ആത്മഹത്യാ കുറിപ്പിൽ സർവേഷ് വ്യക്തമാക്കിയിട്ടുണ്ട്.

തുടർച്ചയായ സർവേകളും ഡാറ്റാ വെരിഫിക്കേഷനും തന്റെ സമ്മർദം വർധിപ്പിക്കുകയാണെന്നും അദ്ദേഹം കുറിച്ചു. സർവേഷ് എസ്.ഐ.ആർ മൂലം കടുത്ത സമ്മർദത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങളും പ്രതികരിച്ചു. എന്നാൽ, ജില്ലാ മജിസ്‌ട്രേറ്റ് അനുജ് കുമാർ സർവേഷ് എസ്.ഐ.ആറിന്റെ ഭാഗമായി മികച്ച പ്രവർത്തനമാണ് നടത്തിയതെന്ന് അവകാശപ്പെട്ടു. ജോലിയിൽ സഹായിക്കാനായി സർവേഷിന് രണ്ട് അംഗൻവാടി ജോലിക്കാരെ നൽകിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ, എസ്.ഐ.ആറിന്റെ കാലാവധി തെരഞ്ഞെടുപ്പ് കമീഷൻ നീട്ടി ഉത്തരവിറക്കിയിരുന്നു.