കൊച്ചി: ഹണി റോസിന്റെ പരാതിയിലെടുത്ത കേസില്‍ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങുന്നത് വൈകിപ്പിച്ച ബോബി ചെമ്മണൂരിനെതിരെ രൂക്ഷപരാമര്‍ശങ്ങളുമായി ഹൈക്കോടതി. വേണ്ടിവന്നാല്‍ ജാമ്യം റദ്ദാക്കാനുമറിയാമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. നാടകം വേണ്ടെന്ന് കോടതി ബോബിയുടെ അഭിഭാഷകരോട് പറഞ്ഞു. മറ്റ് പ്രതികള്‍ക്കുവേണ്ടി ജയിലില്‍ തുടരുമെന്ന് പറയാന്‍ ബോബി ചെമ്മണൂര്‍ ആരാണെന്നും കോടതി ചോദിച്ചു. 12 മണിക്ക് മുമ്പ് ബോബി വിശദീകരണം നല്‍കണം. ബോബി സൂപ്പര്‍ കോടതി ചമയേണ്ട. തനിക്ക് മുകളില്‍ ആരുമില്ലെന്ന് ബോബി കരുതേണ്ട. അത് കോടതി കാണിച്ചുതരാം. പുറത്തിറങ്ങാതെ ജയിലിലിട്ട് വിചാരണനടത്താനും കോടതിക്കറിയാമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ മുന്നറിയിപ്പ് നല്‍കി. മുതിര്‍ന്ന അഭിഭാഷകന്‍ എത്തിയതു കൊണ്ടാണ് കഴിഞ്ഞ ദിവസം ജാമ്യം നല്‍കിയതെന്നും കോടതി വിശദീകരിച്ചു. അഡ്വ ബി രാമന്‍പിള്ളയാണ് ബോബി ചെമ്മണ്ണൂരിന് വേണ്ടി ഹൈക്കോടതി ഹാജരായത്.

ഇന്നലെ എന്താണ് സംഭവിച്ചതെന്ന് കോടതി ജില്ലാ ജഡ്ജിയോട് ചോദിച്ചു. ബോബി ചെമ്മണ്ണൂരിന് പുറത്തിറങ്ങാനുള്ള റിലീസ് ഉത്തരവ് ഇന്നലെ തന്നെ ഇറങ്ങിയതാണെന്നും ബോബി ചെമ്മണ്ണൂര്‍ നാടകം കളിക്കരുതെന്നും കോടതി പറഞ്ഞു. വേണ്ടിവന്നാല്‍ താന്‍ ജാമ്യം ക്യാന്‍സല്‍ ചെയ്യും. കോടതിയെ മുന്നില്‍ നിര്‍ത്തി കളിക്കാന്‍ ശ്രമിക്കരുത്. കഥമെനയാന്‍ ശ്രമിക്കുകയാണോ. മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണോ ശ്രമം. ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്യാന്‍ പോലും ഉത്തരവിടാന്‍ കഴിയുമെന്നും കോടതി പറഞ്ഞു. ഹാജരായ മുതിര്‍ന്ന അഭിഭാഷകനെ പോലും അപമാനിക്കുകയാണ് ചെയ്തത്. മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത് എന്നറിയാം ജാമ്യം എങ്ങനെ ക്യാന്‍സല്‍ ചെയ്യണമെന്ന് തനിക്കറിയാമെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു. ഇന്നലത്തെ സംഭവവികാസങ്ങള്‍ മുഴുവന്‍ ശ്രദ്ധിച്ചിട്ടുണ്ട്. കോടതിയെപ്പോലും അപമാനിക്കാന്‍ ആണോ ശ്രമം. ഇത്തരം നടപടികള്‍ അംഗീകരിക്കാന്‍ ആവില്ല. വേണമെങ്കില്‍ ഒരു മാസത്തിനകം പോലും കുറ്റപത്രം സമര്‍പ്പിക്കാന്‍ ആവശ്യപ്പെടാന്‍ തനിക്കറിയാം. ഇന്നലെ എന്തുകൊണ്ട് പുറത്തുവന്ന വന്നില്ല എന്ന് അറിയിക്കണമെന്നും കേസ് 12 മണിക്ക് വീണ്ടും പരിഗണിക്കുമെന്നും ഹൈക്കോടതി പറഞ്ഞു.

നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ ജാമ്യം നല്‍കിയിട്ടും ജയിലില്‍നിന്നു പുറത്തിറങ്ങാതിരുന്ന ബോബി ചെമ്മണൂര്‍ കുരുക്കിലാവുകയാണ്. വിഷയം ഗൗരവമായെടുത്ത ഹൈക്കോടതി, ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ പ്രതിഭാഗം അഭിഭാഷകരോട് ആവശ്യപ്പെട്ടു. ബോബി ഇന്നു രാവിലെ കാക്കനാട് ജില്ലാ ജയിലില്‍നിന്നു പുറത്തിറങ്ങാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങള്‍. ഇന്നലെ രാവിലെ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ ജാമ്യം അനുവദിക്കുകയും ഉച്ചകഴിഞ്ഞ് 3.30ന് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജാമ്യ ഉത്തരവ് ജയിലില്‍ എത്തിച്ചെങ്കിലും ബോബി പുറത്തിറങ്ങിയില്ല. നടപടിക്രമങ്ങള്‍ നീണ്ടു പോയതിനാല്‍ പുറത്തിറങ്ങുന്നത് ഇന്നത്തേക്ക് നീട്ടുകയായിരുന്നു എന്നാണ് വിശദീകരണം. എന്നാല്‍ ഇന്നലെ ശബരിമല മകരവിളക്ക് അടക്കമുള്ള കാര്യങ്ങള്‍ ഉള്ളതിനാല്‍ ആവശ്യമായ മാധ്യമശ്രദ്ധ കിട്ടില്ല എന്നതിനാലാണ് പുറത്തിറങ്ങുന്നത് ഇന്നത്തേക്ക് മാറ്റിയത് എന്നും ചില അഭിഭാഷകര്‍ അഭിപ്രായപ്പെടുന്നു.

ഹണി റോസിന്റെ പരാതിയില്‍ ഈ മാസം എട്ടിനാണ് ബോബി ചെമ്മണൂര്‍ വയനാട്ടില്‍നിന്ന് അറസ്റ്റിലാകുന്നത്. അന്നു വൈകിട്ട് കൊച്ചിയിലെത്തിച്ച ബോബി ചെമ്മണൂരിനെ പിറ്റേന്ന് മജിസ്‌ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. അന്നു മുതല്‍ ബോബി കാക്കനാട് ജില്ലാ ജയിലിലാണ്. വെള്ളിയാഴ്ച ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും പരിഗണിക്കുന്നത് ഇന്നലത്തേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്. ബോബി ചെമ്മണൂരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു കൊണ്ടായിരുന്നു ജാമ്യം അനുവദിച്ചത്.