കൊച്ചി: നിശ്ചിത തുകയുടെ ജാമ്യം നില്‍ക്കാന്‍ ആളെ കിട്ടാതെയും പിഴയടക്കാന്‍ പണമില്ലാതെയും കാക്കാനാട് ജില്ലാ ജയിലില്‍ തുടരുന്ന 26 ഓളം പേര്‍ തന്നെ കണ്ടെന്നും അവരുടെ പ്രശ്നം പരിഹരിക്കാനാണ് ഒരു ദിവസം കൂടി ജയിലില്‍ തങ്ങിയതെന്നും ജയില്‍ മോചിതനായ വ്യവസായി ബോബി ചെമ്മണൂര്‍ പറഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നു. വിചാരണ തടവുകാരുടെ പ്രശ്‌നം നോക്കാന്‍ ഇവിടെ ജ്യുഡീഷ്യറിയുണ്ടെന്ന് ഹൈക്കോടതി ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണന്‍ താക്കീത് ചെയ്യുകയും ചെയ്തു. ബോബി പറഞ്ഞ കാര്യത്തില്‍ വാസ്തവമില്ലെന്ന സാഹചര്യത്തിലായിരുന്നു ജസ്റ്റീസ് കുഞ്ഞികൃഷ്ണന്‍ അസാധാരണ ഇടപെടല്‍ ബോബി കേസില്‍ നടത്തിയത്. ജയില്‍ മോചനത്തിനായി പണമില്ലാത്ത തടവുകാരെ മോചിപ്പിക്കാനായി കേന്ദ്ര പദ്ധതി നിലവിലുണ്ട്. കഴിഞ്ഞ വര്‍ഷമാണ് നിലവില്‍ വന്നത്. ഈ പദ്ധതിയുള്ളപ്പോള്‍ എന്തിനാണ് തടവുകാര്‍ ബോബിയെ സമീപിച്ചതെന്ന് ആര്‍ക്കും മനസ്സിലാകുന്നില്ല.

കോടതി ജാമ്യം അനുവദിച്ചിട്ടും പണമടയ്ക്കാന്‍ നിര്‍വാഹമില്ലാതെ ജയിലില്‍ത്തുടരേണ്ടിവരുന്ന തടവുകാര്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ നിയമസംവിധാനമുണ്ട്. വിചാരണത്തടവുകാര്‍ക്ക് 40,000 രൂപവരെയും ശിക്ഷിക്കപ്പെട്ടവര്‍ക്ക് 25,000 രൂപ വരെയുമാണ് പാവപ്പെട്ടവരെങ്കില്‍ ജാമ്യത്തുകയടയ്ക്കാന്‍ സാമ്പത്തികസഹായം കിട്ടുക. ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ കീഴിലുള്ള ജില്ലാതല എംപവേഡ് കമ്മിറ്റിയാണ് സഹായധനം നല്‍കാന്‍ നടപടിയെടുക്കുന്നത്. ഇത്തരം തടവുകാര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നെന്ന് പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. ജയിലിന്റെ പരിധിയില്‍ വരുന്ന പ്രദേശത്തെ ജഡ്ജി, കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ജയില്‍ സൂപ്രണ്ടുമാര്‍ തുടങ്ങിയവര്‍ ഈ കമ്മിറ്റിയില്‍ അംഗങ്ങളാണ്. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയാണ് കണ്‍വീനര്‍. പണമടയ്ക്കാനില്ലാതെ ജയിലില്‍നിന്ന് ഇറങ്ങാന്‍ സാധിക്കാത്ത പ്രതികളുടെ പട്ടിക ജയിലില്‍നിന്ന് വാങ്ങി ഈ കമ്മിറ്റിയില്‍ വെക്കും. അര്‍ഹരായവര്‍ക്ക് തുക അനുവദിക്കണമെന്ന് കമ്മിറ്റി ശുപാര്‍ശചെയ്യും. ഇതു പ്രകാരമാണ് സര്‍ക്കാര്‍ പണമനുവദിക്കുന്നത്.

പദ്ധതിയുടെ മാനദണ്ഡപ്രകാരം കേരളത്തിലെ എല്ലാ ജയിലുകളിലേയും കണക്കെടുത്താല്‍ പോലും ബോബി പറഞ്ഞത്ര പ്രതികള്‍ വരില്ലെന്ന് ദീപിക റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റ് പല സംസ്ഥാനങ്ങളിലെയും ജയിലുകളില്‍ വര്‍ഷങ്ങളായി വിചാരണ തടവുകാരായി തുടരുന്ന നിരവധിപേരുണ്ടെന്നതും യാഥാര്‍ഥ്യമാണ്. ഒടുവിലത്തെ കണക്ക് പ്രകാരം സംസ്ഥാനത്ത് കാസര്‍ഗോഡുകാരനായ ഒരു പ്രതി മാത്രമാണ് പുറത്തിറങ്ങാന്‍ അര്‍ഹനായുള്ളതെന്നും ദീപിക പറയുന്നു. അപ്പോള്‍ കാക്കാനാട്ടെ ജയിലിലെ ബോബി പറഞ്ഞ ആ പത്തിരുപത്തിയാറു പേര്‍ ആരെന്ന് ആര്‍ക്കും മനസ്സിലാകുന്നില്ല. ജാമ്യം ലഭിച്ച് ഏഴ് ദിവസം കഴിഞ്ഞിട്ടും പുറത്തിറങ്ങാന്‍ കഴിയാത്ത വിചാരണ തടവുകാരുടെ വിവരം ജയില്‍ അധികൃതര്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയെ അറിയിക്കണം. പ്രതിയുടെ സാമ്പത്തിക പശ്ചാത്തലം കൃത്യമായി അന്വേഷിച്ച് ലീഗല്‍ സര്‍വീസ് അതോറിറ്റി എംപവേര്‍ഡ് കമ്മറ്റിക്ക് മുന്നില്‍ വയ്ക്കും. അതിനൊപ്പം കോടതില്‍ നിന്ന് ജാമ്യവ്യവസ്ഥ പുതുക്കി തുക കുറച്ചുകൊണ്ടുവരണം. 40,000 രൂപവരെയെങ്കില്‍ അത് കമ്മറ്റി അടയ്ക്കും. അതിന് മുകളിലാണെങ്കില്‍ സംസ്ഥാനതലത്തില്‍ രൂപീകരിച്ച എംപവേര്‍ഡ് കമ്മറ്റിയുടെ അനുമതി വേണം.

യുഎപിഎ, പോക്സോ, ലഹരി ഇടപാട്, അഴിമതി നിരോധന നിയമം, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം, തുടങ്ങിയവയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. ഒരു തവണമാത്രമാണ് ആനുകൂല്യം ലഭിക്കുക. കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നവരെ പരിഗണിക്കില്ല. ദാരിദ്ര്യരേഖയ്ക്ക താഴെയുള്ളവര്‍ക്ക് മാത്രമാണ് അവസരം. കോടതി ശിക്ഷിച്ച് പിഴത്തുകയടക്കാന്‍ സാധിക്കാതെ ജയിലില്‍ കഴിയുന്നവര്‍ക്കും പദ്ധതി വഴി സഹായം ലഭിക്കും. ഇത്തരം തടവുകാരുടെ വിവരം ഏഴ് ദിവസത്തിനുള്ളില്‍ ജയില്‍ സൂപ്രണ്ട് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയെ അറിയിക്കണം. 25,000 രൂപവരെയുള്ള പിഴത്തുക അന്തിമ തീരുമാനത്തിനൊടവില്‍ കമ്മറ്റി അടയ്ക്കും. അതിന് മുകളിലാണെങ്കില്‍ സംസ്ഥാനതലത്തില്‍ രൂപീകരിച്ച കമ്മറ്റിയുടെ അനുമതി ഇവിടെയും വേണമെന്നതാണ് ചട്ടം.

സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് സ്വതന്ത്രവും നിയമാനുസൃതവുമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും നീതി നേടിയെടുക്കുന്നതിനുള്ള അവസരങ്ങള്‍ സാമ്പത്തികമായോ മറ്റ് രീതികളിലൂടെയോ ഒരു പൗരന് നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും വേണ്ടി നിയമ സേവന അതോറിറ്റികള്‍ രൂപീകരിക്കുക, നിയമ വ്യവസ്ഥയുടെ ആനുകൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും തുല്യ അവസരങ്ങളുടെ അടിസ്ഥാനത്തില്‍ നീതി പൂര്‍വമായ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും ഉറപ്പു വരുത്താന്‍ ലോക് അദാലത്തുകള്‍ സംഘടിപ്പിക്കുക എന്നുള്ളതാണ് കേരള സംസ്ഥാന നിയമ സേവന അതോറിറ്റി ആക്ടിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമാണ് നിശ്ചിത തുകയുടെ ജാമ്യം നില്‍ക്കാന്‍ ആളെ കിട്ടാതെയും പിഴയടക്കാന്‍ പണമില്ലാതെയും ജയിലില്‍ കഴിയുന്നവര്‍ക്കുള്ള സേവനം നല്‍കലും.