കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമര്‍ശം നടത്തിയതിന് റിമാന്‍ഡിലായി ജയിലില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിക്കുമോ എന്ന് ഇന്നറിയാം. ബോബിയുടെ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കയാണ്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയില്‍ ബോബി ചെമ്മണ്ണൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. അഡ്വ. ബി രാമന്‍പിള്ള മുഖാന്തിരമാണ് ബോബി ജാമ്യാപേഷ സമര്‍പ്പിച്ചത്.

ബോബിക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടും. പോലീസ് കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടില്ല. ഇനി അതിന് ശ്രമിക്കുമോ എന്നതാണ് അറിയേണ്ടത്. പരാതിക്കാരിയെ പിന്നാലെ നടന്ന് അപമാനിക്കുക ആയിരുന്നെന്നും പൊതുപരിപാടിയ്ക്കിടെ അനുവാദമില്ലാതെ ശരീരത്തില്‍ കടന്നുപിടിച്ചെന്നും പ്രോസിക്യൂഷന്‍ അറിയിക്കും. എന്നാല്‍ അത്ര ഗുരുതരമായ ആരോപണങ്ങളല്ല തനിക്കെതിരെ ഉളളതെന്നും പൊലീസ് ചോദ്യം ചെയ്യല്‍ അവസാനിച്ചതിനാല്‍ ജാമ്യം നല്‍കണമെന്നുമാകും ബോബി ചെമ്മണ്ണൂരിന്റെ ആവശ്യം. നടിയോട് മോശമായി പെരുമാറിയിട്ടില്ല. തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും മജിസ്‌ട്രേറ്റ് കോടതി താന്‍ ഹാജരാക്കിയ രേഖകള്‍ കൃത്യമായി പരിശോധിച്ചില്ലെന്നുമുള്ള വാദങ്ങളാണ് വെള്ളിയാഴ്ച ബോബി ചെമ്മണ്ണൂര്‍ ഹൈക്കോടതിയില്‍ ഉന്നയിച്ചത്.

എന്നാല്‍ അടിയന്തരമായി ഹര്‍ജി പരിഗണിക്കേണ്ട എന്ത് സാഹചര്യം ആണുള്ളതെന്ന് ചോദിച്ച ശേഷമാണ് ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്. ഇതിനിടെ പൊതുവിടത്തില്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണ്ടേയെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. സമാന കുറ്റവും പരാമര്‍ശങ്ങളും ഇനി ആവര്‍ത്തിക്കില്ലെന്ന് ബോബി ചെമ്മണ്ണൂര്‍ ഉറപ്പു നല്‍കാമെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. മറുപടി പറയാന്‍ സര്‍ക്കാരിന് സമയം നല്‍കിയ ശേഷമാണ് കോടതി ഹര്‍ജി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്.

അതേസമയം ജയിലില്‍ കഴിഞ്ഞ നാല് ദിവമായി കഴിയുകയാണ് ബോച്ചെ. ഇതിനോടകം ജയില്‍ജീവിതത്തോട് പൊരുത്തപ്പെട്ടിട്ടുണ്ട്. ജയില്‍ ഭക്ഷണങ്ങളും അസ്വാസിച്ചു തുടങ്ങി. ജയിലിലെ ചോറും ചപ്പാത്തിയും കടക്കറിയുമൊക്കെ തന്നെയാണ് ഭക്ഷണം. ശനിയാഴ്ച ഉച്ചയ്ക്ക് മട്ടണും ചോറുമാണ് ജയില്‍ മെനുവില്‍ ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ മട്ടന്‍കറിയും കഴിക്കാന്‍ സാധിച്ചു. ചൊവ്വയും ബുധനും മീന്‍കറിയും കിട്ടും. ഇന്ന് അതുകൊണ്ട് തന്നെ മീന്‍കറി കൂട്ടി ഭക്ഷണം കഴിക്കാനുള്ള അവസരമാണ് ബോബിക്കുള്ളത്.

മരുന്നെല്ലാം കൃത്യമായി തന്നെ ബോബി ചെമ്മണ്ണൂര്‍ കഴിക്കുന്നുണ്ട്. എല്ലാ അര്‍ത്ഥത്തിലും പരിഭവം പറയാതെയാണ് ജയില്‍ ജീവിതം. മൊന്തയും പാത്രവുമെല്ലാം നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം പായയും പുതപ്പും. ഇത്രയും സാമഗ്രികള്‍ കൊണ്ടാണ് ബോച്ചെയുടെ ജയില്‍ ജീവിതം. തന്നോട് സംസാരിക്കാന്‍ എത്തുന്നവരോടൊക്കെ സൗഹൃദത്തോടെ തന്നെയാണ് ബോച്ചെ ഇടപെടുന്നതും. ഇതിനൊപ്പം പ്രത്യേക നിരീക്ഷ സുരക്ഷയും ബോബിയ്ക്കായി ഏര്‍പ്പാടാക്കി. മറ്റ് തടവുകാരുടെ ശല്യത്തില്‍ ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് ഇത്. ആര്‍പി 8683 എന്ന നമ്പരാണ് ജയിലില്‍ ബോച്ചെയ്ക്ക് നല്‍കിയിട്ടുള്ളത്. റിമാന്‍ഡ് തടവുകാരനായതിനാല്‍ ബോച്ചെയ്ക്ക് പണികളൊന്നും നല്‍കിയിട്ടില്ല.

ബോബിയെ ജയില്‍ ഡോക്ടര്‍ അടക്കം പരിശോധിച്ചിരുന്നു. നിലവില്‍ ആരോഗ്യ പ്രശ്‌നമൊന്നുമില്ല. തന്റെ കാലിനു പരുക്കുണ്ടെന്ന് ജയിലിലേക്ക് കയറുന്നതിനു മുന്‍പ് ബോബി പറഞ്ഞിരുന്നു. പത്ത് പേര്‍ക്ക് കഴിയാവുന്ന സെല്ലില്‍ നിലവിലുള്ള അഞ്ചു പേര്‍ കഴിഞ്ഞ് ആറാമനായിട്ടാണ് ബോബി ചെമ്മണൂരിനെ സെല്ലിലേക്ക് കയറ്റിയത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 7.10-ഓടെയാണ് ബോബി ചെമ്മണൂരിനെ കാക്കനാട് ജില്ലാ ജയിലിലെത്തിച്ചത്. ഇന്ന് ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.