കൊച്ചി: ലൈംഗികാധിക്ഷേപ കേസില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തതിന് പിന്നാലെ പ്രതികരിച്ച് പരാതിക്കാരിയായ നടി ഹണി റോസ്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് നടി ഹണി റോസ് പ്രതികരിച്ചു. കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് ഇപ്പോഴില്ലെന്നും ഹണി വ്യക്തമാക്കി. നേരത്തെ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് പറയാനുള്ളതെന്നും നിയമം അതിന്റെ വഴിക്ക് നടക്കട്ടെയെന്നും ഹണി റോസ് പറഞ്ഞു. അതേസമയം ബോബി ചെമ്മണ്ണൂരിന് ജാമ്യം നിഷേധിക്കുന്നതിന് ഹണി റോസിന്റെ രഹസ്യ മൊഴിയാണ് നിര്‍ണായകമായെതെന്നമാണ് സൂചന.

താന്‍ തെറ്റു ചെയ്തില്ലെന്ന വാദമാണ് കോടതിയിലും ബോബി ചെമ്മണ്ണൂര്‍ ആവര്‍ത്തിച്ചത്. ഇതോടെ പ്രതിക്ക് കുറ്റബോധമില്ലെന്ന വാദം പ്രോസിക്യൂഷനും ഉയര്‍ത്തി. ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ഇതും കേസില്‍ നിര്‍ണായകമായി. അമിതമായ ആത്മവിശ്വാസമാണ് ഫലത്തില്‍ ബോച്ചെക്ക് തിരിച്ചടിയായി മാറിയത്. ബിഎന്‍എസ് നിയമ പ്രകാരമുള്ള വകുപ്പുകളാണ് ചുമത്തിയത്. ഇതും ബോബിക്ക് എളുപ്പത്തില്‍ ജാമ്യം ലഭിക്കുന്നതായിരുന്നില്ല.

ബോബിക്ക് ദേഹാസ്വാസ്യം അനുഭവപ്പെട്ടതും പ്രതീക്ഷിച്ച വിധി ഇതായിരുന്നില്ലെന്ന തെളിവായിരുന്നു. ജാമ്യമില്ലെന്ന ഉത്തരവ് കേട്ട ബോബി ചെമ്മണൂര്‍ കോടതിയില്‍ കുഴഞ്ഞുവീണു. ഹണി റോസിന്റെ പരാതിയിലെടുത്ത കേസില്‍ ജാമ്യഹര്‍ജി തള്ളിയതിന് പിന്നാലെയാണ് ബോബി കുഴഞ്ഞുവീണത്. ബോബിയെ 14 ദിവസത്തേക്കാണ് കോടതി റിമാന്‍ഡ് ചെയ്തത്. ജഡ്ജി ഉത്തരവ് വായിച്ച് കഴിഞ്ഞതോടെ ബോബി ചെമ്മണൂര്‍ ബെഞ്ചിലേയ്ക്ക് ഇരിക്കുകയും തുടര്‍ന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു.

എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ടേറ്റ് കോടതിയാണ് ബോബിയുടെ ജാമ്യഹര്‍ജി തള്ളിയത്. 12.30-ഓടെയാണ് ബോബിയെ കോടതിയില്‍ ഹാജരാക്കിയത്. രണ്ടുമണിയോടെ വാദം തീര്‍ന്നു. ഏതാണ്ട് മൂന്നുമണിക്കൂറോളം ബോബി കോടതിക്കുള്ളില്‍ തന്നെയായിരുന്നു. വാദം അവസാനിച്ചപ്പോള്‍ ബോബിയെ കോടതിക്ക് പുറത്തേക്ക് കൊണ്ടുപോകേണ്ടെന്ന് പോലീസിനോട് നിര്‍ദേശിച്ചിരുന്നു. ജാമ്യ ഉത്തരവ് വായിക്കുമ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുകയായിരുന്ന ബോബി, റിമാന്‍ഡ് ചെയ്യുകയാണെന്ന ഭാഗം വായിച്ചുതുടങ്ങിയപ്പോഴാണ് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച് തുടങ്ങിയത്. രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് വീണതെന്നാണ് വിവരം.

കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. രാമന്‍പിള്ളയാണ് കോടതിയില്‍ പ്രതിക്ക് വേണ്ടി ഹാജറായത്. ഇതോടെ കോടതിയില്‍ വാശിയേറിയ വാദപ്രതിവാദങ്ങളും നടന്നു. നടിക്കെതിരെ രൂക്ഷമായ വാദങ്ങളായിരുന്ന പ്രതിഭാഗത്തു നിന്നും ഉയര്‍ത്തിയത്. നടിയുടെ ശരീരത്തില്‍ ബോബി ചെമ്മണ്ണൂര്‍ അനുവാദമില്ലാതെ സ്പര്‍ശിച്ചെന്നും ആ ചടങ്ങില്‍നിന്ന് ഏറെ മനോവേദനയോടെയാണ് അവര്‍ ഇറങ്ങിപ്പോന്നതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഹണി റോസിനെ ആയിരക്കണക്കിനാളുകളുടെ മുന്നില്‍വെച്ചാണ് അപമാനിച്ചതെന്നും വാദമുയര്‍ന്നു. എന്നാല്‍, മാപ്പുപറയേണ്ട തെറ്റൊന്നും താന്‍ ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിക്കുകയാണ് ബോബി ചെമ്മണ്ണൂര്‍ ചെയ്തത്. മഹാഭാരതത്തിലെ ഒരു കഥാപാത്രത്തെക്കുറിച്ച് പറയുകമാത്രമാണ് ചെയ്തതെന്നും അദ്ദേഹം വാദിച്ചു.

ബോബി ചെമ്മണ്ണൂരിന്റെ വാദങ്ങളെ ശക്തമായി എതിര്‍ക്കുകയായിരുന്നു പ്രോസിക്യൂഷന്‍. പ്രതിക്ക് പശ്ചാത്തലമില്ലെന്ന വാദമാണ് പ്രോസിക്യൂഷന്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. ബോബി ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയെന്നും ഇതിനുശേഷം തുടര്‍ച്ചയായി അധിക്ഷേപിക്കാന്‍ ശ്രമിച്ചെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അനുവാദമില്ലാതെ ഹണി റോസിന്റെ ശരീരത്തില്‍ സ്പര്‍ശിച്ചു. അവരെ അപമാനിച്ചത് ആയിരക്കണക്കിനാളുകളുടെ മുന്നില്‍വെച്ചാണ്. ഇത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. എല്ലാവര്‍ക്കും മനസിലാവുന്ന ദ്വയാര്‍ത്ഥ പ്രയോഗങ്ങളാണ് അദ്ദേഹം നടത്തിയത്. ഉദ്ഘാടനച്ചടങ്ങില്‍നിന്ന് ഏറെ വേദനിച്ചാണ് ഹണി റോസ് മടങ്ങിയത്.

ഹണി റോസിനെ ബോധപൂര്‍വം അപമാനിക്കാനായിരുന്നു പ്രതിയുടെ ശ്രമം. വലിയ സ്വാധീനമുള്ളയാളാണ് ബോബി. അതിനാല്‍ ജാമ്യം നല്‍കിയാല്‍ ഒളിവില്‍പ്പോവാനുള്ള സാധ്യത ഏറെയാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പരാതിക്കാരിക്കെതിരെ ആരോപണം ഉന്നയിച്ചു കൊണ്ടാണ് ജാമ്യം നല്‍കണമെന്ന വാദം പ്രതിഭാഗം ഉന്നയിച്ചത്. ഹണി റോസിന്റെ പരാതി വൈകിയത് എന്തുകൊണ്ടാണെന്ന് പോലീസ് അന്വേഷിച്ചില്ലെന്നാണ് ബോബിക്കുവേണ്ടി ഹാജരായ അഡ്വ.ബി. രാമന്‍പിള്ള വാദിച്ചത്. പരാതിക്കാരിക്ക് വേണ്ടത് പബ്ലിസിറ്റിയാണെന്ന് ബോബി ചെമ്മണ്ണൂരിന് വേണ്ടി ഹാജരായ അഡ്വ. രാമന്‍ പിള്ള വാദിച്ചു. മുഴുനീളം സമൂഹമാധ്യമങ്ങളില്‍, വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന് പബ്ലിസിറ്റി നല്‍കുകയാണെന്നും ആരോപിച്ചു.

പരാതി കിട്ടിയ ഉടനെ വയനാട്ടിലെത്തി ബോബിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പരാതിക്കാരിയെ ബോബി ചെമ്മണ്ണൂര്‍ സ്വാധീനിക്കും എന്ന വാദം തെറ്റാണ്. ഹണി റോസ് ഉന്നയിച്ച ആരോപണങ്ങള്‍ വ്യാജമാണ്. ആരോപണത്തിന് അടിസ്ഥാനമായ പരാതി വളരെ വൈകിയാണ് നല്‍കിയിട്ടുള്ളത്. ഇതിനുപിന്നില്‍ മറ്റെന്തോ താത്പര്യമായിരിക്കാം. പരാതിക്കടിസ്ഥാനമായ പരാമര്‍ശം നടത്തിയ ചടങ്ങിനുശേഷവും ഇരുവരും സൗഹൃദത്തിലായിരുന്നു. പിന്നീടും ഇരുവരും മറ്റൊരു പരിപാടിയില്‍ ഒരുമിച്ച് പങ്കെടുത്തിട്ടുണ്ടെന്നും രാമന്‍പിള്ള വാദിച്ചു.

കണ്ണൂരില്‍ നടന്ന പരിപാടിയുടെ ദൃശ്യങ്ങള്‍ കാണണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍, ബോബി ചെമ്മണ്ണൂര്‍ ചെയ്തത് ഗുരുതര കുറ്റമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഡിജിറ്റല്‍ തെളിവുകള്‍ അടക്കം പരിശോധിക്കണമെന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.ബോബി ചെയ്തത് ഗൗരവമേറിയ കുറ്റമെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. രാത്രിയില്‍ ഉന്നയിക്കുന്ന വീഡിയോ പരാതിക്കാരി തന്നെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. എന്നാല്‍, ഈ ഘട്ടത്തില്‍ വീഡിയോ കാണേണ്ട ആവശ്യമില്ലെന്ന് മജിസ്ട്രേറ്റ് പറഞ്ഞു. പ്രതിഭാഗത്തോട് വാദം തുടരാനും ആവശ്യപ്പെട്ടു. വ്യാജ ആരോപണമാണെന്നും ജാമ്യം ലഭിക്കാവുന്ന കുറ്റമെന്നും അഡ്വ. രാമന്‍പിള്ള വാദിച്ചു.

കുന്തി ദേവി പരാമര്‍ശത്തിന് ശേഷവും ഇരുവരും സൗഹൃദത്തിലായിരുന്നു. അതിന്റെ തെളിവാണ് വീഡിയോ എന്നും അഭിഭാഷകന്‍ വാദിച്ചു. ശരീരത്തില്‍ സ്പര്‍ശിച്ചു എന്ന് പറയുന്നത് തെറ്റെന്നും ബോബി. 30 മണിക്കൂര്‍ ആയി പൊലീസിന്റെ കസ്റ്റഡിയിലാണ്. ഫോണും കസ്റ്റഡിയിലെടുത്തു. ഫോണുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. അതിന്റെ ഫലം വരുന്നതിന് മുമ്പ് ജാമ്യം നല്‍കിയാല്‍ എങ്ങനെ കേസിനെ ബാധിക്കും എന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്?

റിമാന്‍ഡ് ഈ ഘട്ടത്തില്‍ ആവശ്യം ആണോ എന്നാണ് പരിശോധിക്കുന്നത് എന്ന് മജിസ്‌ട്രേറ്റ് മറുപടി നല്‍കി. കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും കോടതി പറഞ്ഞു. ഡിജിറ്റല്‍ തെളിവുകള്‍ മേല്‍ കോടതികള്‍ അടക്കം പരിശോധിക്കാറുണ്ടെന്നും പ്രതിഭാഗം പറഞ്ഞു. റിമാന്‍ഡ് ചെയ്യേണ്ടതില്ലെന്നും ഫോണ്‍ കസ്റ്റഡിയിലുണ്ടെന്നും എന്തെങ്കിലും വിവരം വേണമെങ്കില്‍ വിളിപ്പിച്ചാല്‍ മതിയെന്നും ബോബി ചെമ്മണ്ണൂര്‍ ആവശ്യപ്പെട്ടു.

പരാതിക്കാരിയുടെ പരാതി കോടതിയില്‍ പ്രോസിക്യൂഷന്‍ വായിച്ചു കേള്‍പ്പിച്ചു. പ്രതി മനപൂര്‍വം നടത്തിയ കുറ്റമാണിത്. ക്ഷണിതാവ് ആയതുകൊണ്ടാണ് അന്ന് പരാതിക്കാരി പ്രതികരിക്കാതിരുന്നത്. എന്നാല്‍, നടി നടന്മാരുടെ സംഘടന അമ്മ ബോബിയുടെ മാനേജറോട് പ്രതിഷേധം അറിയിച്ചിരുന്നു. മറ്റു പരിപാടികള്‍ക്ക് ക്ഷണം ലഭിച്ചപ്പോള്‍ നിരസിച്ചു. എന്നാല്‍, അഭിമുഖങ്ങള്‍ വഴി ബോബി ചെമ്മണ്ണൂര്‍ അധിക്ഷേപം തുടര്‍ന്നു. സമൂഹത്തിലെ ഉന്നത സ്ഥാനത്തുള്ള വ്യക്തിക്ക് ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കും. ജാമ്യം അനുവദിച്ചാല്‍ സമൂഹമാധ്യമങ്ങള്‍ വഴി മോശം പരാമര്‍ശം നടത്തുന്നവര്‍ക്ക് പ്രോത്സാഹനമാകും. സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഈ വാദങ്ങളെല്ലാം തല്‍ക്കാലം അംഗീകരിച്ചാണ് ബോബി ചെമ്മണ്ണൂരിന് കോടതി ജാമ്യം നിഷേധിച്ചിരിക്കുന്നത്. ജാമ്യം നിഷേധിക്കപ്പെട്ട പശ്ചാത്തലത്തില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കം.