കൊച്ചി: ഹണി റോസിനെ അപമാനിച്ച കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ബോബി ചെമ്മണ്ണൂരിന് ഇന്ന് ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിലാണ് ബോച്ചെ അനുകൂലികള്‍. ജയിലില്‍ കിടന്നതിന്റെ ക്ഷീണം തീര്‍ക്കാന്‍ വേണ്ടി ബോബി പുറത്തിറങ്ങിയാല്‍ വലിയ ആഘോഷമാക്കാനാണ് തയ്യാറെടുപ്പുകള്‍. ഇതിനായി കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ ശ്രമം തുടങ്ങിയിരുന്നു. ജയില്‍ജീവിതം ബോച്ചെയെ ഇരട്ടക്കരുത്തനാക്കി എന്നതാണ് അദ്ദേഹത്തിന്റെ പി ആര്‍ വിദഗ്ധര്‍ തയ്യാറാക്കിയ പുതിയ മുദ്രാവാക്യം. അത് അനുസരിച്ചുള്ള സ്വീകരണവും റോഡ് ഷോയും അടക്കം തയ്യാറാക്കിയിട്ടുണ്ട്.

ബോച്ചെയുടെ മടങ്ങിവരവ് ആഘോഷമാക്കാന്‍ വേണ്ട ഒരുക്കങ്ങള്‍ തയ്യാരാണ്. ബോബിയുടെ ജീവനക്കാരും കമ്പനിയുമായി ബന്ധപ്പെട്ടവരും ആരാധകരും അടക്കം എല്ലാവരും ബോച്ചെ പുറത്തിറങ്ങിയാല്‍ സ്വീകരണം ഒരുക്കാനെത്തും. വന്‍ റോഡ്‌ഷോ തന്നെയാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഫിജികാര്‍ട്ട് ജീവനക്കാര്‍ അടക്കം വാട്‌സ് ആപ്പില്‍ സ്റ്റാറ്റസിട്ട് രംഗത്തെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പുറത്തിറങ്ങിയാല്‍ അത് വലിയ ആഘോഷമായി മാറുമെന്ന് ഉറപ്പാണ്. ജീവനക്കാര്‍ പലരും എറണാകുളത്ത് എത്തിയിട്ടുണ്ട്. ബോച്ചെ ഫാന്‍സുകാരോടും തയ്യാറായിരിക്കാനാണ് നിര്‍ദേശം. ഈ ആള്‍ക്കൂട്ടം ഹണിയെ വീണ്ടും അവഹേളിച്ചാല്‍ അതും ബോച്ചെക്ക് തന്ന പണിയായി മാറും.

അതേസമയം ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണൂരിന് ഇന്ന് നിര്‍ണായതമാണ്. ബോബിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെ, ജാമ്യം നല്‍കരുതെന്ന നിലപാടായിരിക്കും പ്രോസിക്യൂഷന്‍ സ്വീകരിക്കുക. ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ബെഞ്ചില്‍ 108ാമതായാണ് ബോബിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

ഹണി റോസിന്റെ പരാതിയില്‍ കഴിഞ്ഞ ബുധനാഴ്ച അറസ്റ്റിലായ ബോബിയെ പിറ്റേന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. വെള്ളിയാഴ്ച ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കേസില്‍ അടിയന്തര പ്രാധാന്യമൊന്നും ഇല്ലെന്ന് ചൂണ്ടിക്കാട്ടി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച മുതല്‍ കാക്കനാട് ജില്ലാ ജയിലിലാണ് ബോബി.

തനിക്കെതിരെ തുടര്‍ച്ചയായി ലൈംഗികാധിക്ഷേപവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങളും നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്. പിറ്റേന്ന് വെളുപ്പിനെ വയനാട്ടുനിന്ന് ബോബിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ബോബിക്ക് ജാമ്യം നല്‍കരുത് എന്ന വാദം പ്രോസിക്യൂഷന്‍ ശക്തമായി ഉന്നയിക്കാനാണ് സാധ്യത. പ്രതി കുറ്റകൃത്യം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു, ജാമ്യം നല്‍കിയാല്‍ സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കലാകും തുടങ്ങിയ കാര്യങ്ങളാകും പ്രോസിക്യൂഷന്‍ ഉന്നയിക്കുക.

കേസുമായി ബന്ധപ്പെട്ട് ഹണി റോസിനെ ടെലിവിഷന്‍ ചര്‍ച്ചകളിലൂടെ അപമാനിച്ചു എന്ന സംഭവത്തില്‍ രാഹുല്‍ ഈശ്വര്‍ മുന്‍കൂര്‍ ജാമ്യം തേടി ഇന്നലെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതുവരെ കേസ് എടുക്കാത്ത സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യത്തിന്റെ ആവശ്യമില്ലല്ലോ എന്നു ചൂണ്ടിക്കാട്ടി ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 27ലേക്ക് മാറ്റി. രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടില്ല.