'വൈകീട്ടെന്താ പരിപാടി'! മുമ്പ് ഒരു മദ്യബ്രാന്‍ഡിന്റെ പരസ്യത്തില്‍ വേഷമിട്ട് നമ്മുടെ പ്രിയ നടന്‍ മോഹന്‍ലാല്‍ ഈ വാചകം ചോദിച്ചപ്പോള്‍, കേരളത്തില്‍ ഒരു വിഭാഗം ഇളകിമറിയുകയായിരുന്നു. ലാലേട്ടന്‍ യുവാക്കളെ വഴി തെറ്റിക്കുകയാണെന്നും, മദ്യാസ്‌ക്തിയെ പ്രോല്‍സാഹിപ്പിക്കുന്നു എന്നൊക്കെയായിരുന്നു വിമര്‍ശനം. എന്തായാലും അതിനുശേഷം പിന്നെ മോഹന്‍ലാല്‍ അത്തരം പരസ്യം ചെയ്തിട്ടില്ല.

പക്ഷേ ഇപ്പോള്‍ ബോളിവുഡിലേക്ക് കടന്നാല്‍ താരരാജക്കന്‍മാരുടെ മദ്യ മത്സരത്തിനാണ് വിപണി കാത്തിരിക്കുന്നത് എന്നാണ്, മുംബൈ ബിസിനസ് മാധ്യമങ്ങള്‍ എഴുതുന്നത്. ഷാറുഖ് ഖാനും, സഞ്ജയ് ദത്തുമടക്കമുള്ള പ്രമുഖ നടന്‍മ്മാര്‍ക്ക് സ്വന്തമായി മദ്യനിര്‍മ്മാണ കമ്പനികളുണ്ട്. ദീപിക പദുക്കോണും, രണ്‍ബീര്‍സിങും, ഋതിക് റോഷനുമടക്കമുള്ള പ്രമുഖര്‍ക്ക് മദ്യക്കമ്പനികളില്‍ നിക്ഷേപമുണ്ടെന്നും പറയുന്നു. പക്ഷേ ഇവര്‍ പരസ്യമായി അത് പറയുന്നില്ല. പക്ഷേ ഷാറൂഖ് ഖാനും, സഞ്ജയ് ദത്തും തങ്ങളുടെ മദ്യബ്രാന്‍ഡുകളെ മറച്ചുവെക്കാറില്ല എന്ന് മാത്രമല്ല, അത് മാര്‍ക്കറ്റ് ചെയ്യാറുമുണ്ട്.

സഞ്ജയിന്റെ പാവങ്ങളുടെ വിസ്‌ക്കി

സിനിമകള്‍ കുറഞ്ഞതോടെ നടന്‍ സഞ്ജയ് ദത്ത് നേരെ തിരിഞ്ഞത് മദ്യവ്യവസായത്തിലേക്കാണ്. ദ ഗ്ലെന്‍വോക്ക് എന്ന പ്രീമിയം സ്‌കോച്ച് വിസ്‌കിയാണ് സഞ്ജയ് ദത്ത് പുറത്തിറക്കിയത്. കാര്‍ട്ടല്‍ ആന്‍ഡ് ബ്രോസ് ആണ് ഈ ബ്രാന്‍ഡിനെ വിപണികളില്‍ എത്തിച്ചതെങ്കിലും സഞ്ജയ് ദത്തിന്റെ മദ്യ ബ്രാന്‍ഡായാണ് ഗ്ലെന്‍വാക്ക് അറിയപ്പെടുന്നുത്. ഒരു വര്‍ഷം മുമ്പാണ് ബ്രാന്‍ഡിന്റെ ആരംഭം. നടപ്പ് വര്‍ഷത്തില്‍ ആദ്യ ഏഴുമാസം കൊണ്ട് ആറുലക്ഷം കുപ്പി വിസ്‌കിയാണ് കമ്പനി വിറ്റത്.

10 സംസ്ഥാനങ്ങളിലാണ് ഈ പ്രീമിയം ബ്രാന്‍ഡിന് മാര്‍ക്കറ്റുള്ളത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ അടുത്ത് തന്നെ മദ്യം എത്തും. അടുത്തിടെ ഒരു ലിറ്ററിന്റെ ബോട്ടില്‍ കമ്പനി പുറത്തിറക്കിയിരുന്നു. 200 മില്ലി ലിറ്ററിന്റെ ബോട്ടില്‍ വിപണിയിലിറക്കാനും പദ്ധതിയിടുന്നുണ്ട്. ചെറിയ ബോട്ടിലൂടെ വില്പന വര്‍ദ്ധിപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് കമ്പനി. 1,500-1,600 നിരക്കില്‍ ഇടത്തരക്കാരെ ലക്ഷ്യം വച്ചുള്ള വില്പന തന്ത്രമാണ് ഗ്ലെന്‍വോക്കിന്റെ വിജയരഹസ്യം. പാവങ്ങളുടെ വിസ്‌ക്കി എന്നാണ് ഇത് അറിയപ്പെടുന്നത്.

ഷാറൂഖിന്റെത് പ്രീമിയം സ്‌കോച്ച്

സിനിമക്ക് പുറമേ ഒരുപാട് വ്യവസായങ്ങള്‍ ഉള്ള നടനാണ് ഷാറുഖ്. സ്പോര്‍ട്സ് ലീഗ് മുതല്‍ സിനിമാ നിര്‍മ്മാണവും മദ്യക്കമ്പനിയുമുണ്ട്, ഇദ്ദേഹത്തിന്. ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ഉടമസ്ഥതയിലുള്ള, സ്‌കോച്ച് വിസ്‌ക്കി ബ്രാന്‍ഡായ ഡിയാവോള്‍ വളരെ പെട്ടെന്നാണ് പേരെടുത്തത്. ഇപ്പോഴിതാ ന്യൂയോര്‍ക്ക് വേള്‍ഡ് സ്പിരിറ്റ് മത്സരത്തില്‍ ബെസ്റ്റ് ഓവറോള്‍ സ്‌കോച്ച്, ബെസ്്റ്റ് ഓഫ് ക്ലാസ് അവാര്‍ഡുകള്‍ ഈ ബ്രാന്‍ഡ് സ്വന്തമാക്കിയിരിക്കയാണ്.



2023-ലാണ് ഷാറൂഖ് ഖാനും മകനും ചേര്‍ന്ന് പ്രീമിയം വിസ്‌ക്കി ബ്രാന്‍ഡ് തുടങ്ങിയത്. ഡിയാവോള്‍ പ്രധാനമായും വോഡ്ക്കയും വിസ്‌ക്കിയുമാണ് വിപണിയില്‍ ഇറക്കിയിരിക്കുന്നത്. സഞ്ജയ് ദത്തിന്റെത് ലോക്കലുകള്‍ക്ക് വേണ്ടി താരമമ്യേന ചീപ്പ് റേറ്റിലുള്ള മദ്യമാണെങ്കില്‍ ഷാറൂഖിന്റെത് വില കൂടിയതാണ്. 3,900 ആണ് ഏറ്റവും കുറഞ്ഞ നിരക്ക്. ഉയര്‍ന്ന വരുമാന ശേഷിയുള്ള ഉപഭോക്താക്കളെയാണ് ഇവര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. നെതര്‍ലാന്‍ഡ് ആസ്ഥാനമായ സ്ലാബ് വെഞ്ചേഴ്സ് ആണ് ഡിയാവോള്‍ ബ്രാന്‍ഡിന്റെ മാതൃകമ്പനി. പക്ഷേ ഈ മദ്യങ്ങളൊക്കെ വിറ്റുപോകുന്നത് താരങ്ങളുടെ പേരില്‍ തന്നെയാണ്. ഷാറൂഖിന്റെ വിസ്‌ക്കി സഞ്ജയ് ദത്തിന്റെ വിസ്‌ക്കിക്ക് ഭീഷണിയാവുമെന്നതാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്തായാലും ബോളിവുഡില്‍ മദ്യയുദ്ധം മുറുകുമെന്നാണ് ബിസിനസ് മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.