- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നമ്മുടെ രാജ്യത്ത് കൈകാര്യം ചെയ്യാന്‍ നിരവധി പ്രശ്‌നങ്ങളുണ്ട്... നിങ്ങള്‍ ഗാസയെയും പലസ്തീനെയും നോക്കുകയാണ്... ദേശസ്‌നേഹികളാകൂ... സ്വന്തം രാജ്യത്തെ വിഷയങ്ങളേറ്റെടുക്കുക'; സിപിഎമ്മിനോട് ബോംബെ ഹൈക്കോടതി; പരാമര്‍ശങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ
'നമ്മുടെ രാജ്യത്ത് കൈകാര്യം ചെയ്യാന്‍ നിരവധി പ്രശ്‌നങ്ങളുണ്ട്...
മുംബൈ: ഗാസാ വിഷയത്തില്‍ സിപിഎം പ്രതിഷേധത്തിന് മുംബൈ പോലീസ് അനുമതി നിഷേധിച്ചതിനെതിരേ പാര്‍ട്ടി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ട് ബോംബെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ രംഗത്ത്. ഗാസയ്ക്ക് വേണ്ടി സംസാരിക്കുന്നത് ദേശസ്നേഹമല്ലെന്നും സ്വന്തം രാജ്യത്തെ വിഷയങ്ങള്‍ ഏറ്റെടുക്കണമെന്നും സിപിഎമ്മിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഹര്‍ജി തള്ളിക്കൊണ്ടുള്ള ബോംബെ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ വിമര്‍ശിച്ചു.
'ഭരണഘടനാവിരുദ്ധ പരാമര്‍ശം നടത്തിയ കോടതി സിപിഎമ്മിന്റെ രാജ്യസ്‌നേഹത്തെ ചോദ്യംചെയ്യാനും മുതിര്‍ന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച ഭരണഘടനാവ്യവസ്ഥകളോ രാജ്യത്തിന്റെ ചരിത്രമോ സ്വന്തം രാജ്യത്തിനായുള്ള പലസ്തീന്‍ ജനതയുടെ അവകാശത്തിന് ഇന്ത്യന്‍ ജനത നല്‍കുന്ന ഐക്യദാര്‍ഢ്യമോ കോടതിയുടെ ശ്രദ്ധയില്‍വന്നിട്ടില്ലെന്ന് കരുതണം. കേന്ദ്രസര്‍ക്കാര്‍ നിലപാടിനോട് രാഷ്ട്രീയപക്ഷപാതം പുലര്‍ത്തുന്ന വിധത്തിലാണ് കോടതി നിരീക്ഷണം' സിപിഎം പൊളിറ്റ്ബ്യൂറോ വ്യക്തമാക്കി.
ഗാസയിലെ 'വംശഹത്യ'യില്‍ പ്രതിഷേധിച്ച് ദക്ഷിണ മുംബൈയിലെ ആസാദ് മൈതാന്‍ ഗ്രൗണ്ടില്‍ റാലി നടത്താന്‍ ഓള്‍ ഇന്ത്യ പീസ് ആന്‍ഡ് സോളിഡാരിറ്റി ഓര്‍ഗനൈസേഷന് കഴിഞ്ഞമാസം പോലീസ് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നാണ് പാര്‍ട്ടി കോടതിയെ സമീപിച്ചത്. ആയിരക്കണക്കിന് മൈലുകള്‍ അകലെയുള്ള വിഷയങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനുപകരം രാജ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ പാര്‍ട്ടി ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് ഉപദേശിച്ച് ജസ്റ്റിസുമാരായ രവീന്ദ്ര ഗുഗെ, ഗൗതം അന്‍ഖാദ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
ആദ്യം സ്വന്തം രാജ്യത്തെ പൗരന്മാരോട് ദേശസ്നേഹം കാണിക്കണമെന്ന് കോടതി പറയുകയുണ്ടായി. 'നമ്മുടെ രാജ്യത്ത് കൈകാര്യം ചെയ്യാന്‍ നിരവധി പ്രശ്‌നങ്ങളുണ്ട്... ഇതുപോലുള്ള ഒന്നും നമുക്ക് വേണ്ട. പറയേണ്ടി വന്നതില്‍ എനിക്ക് ഖേദമുണ്ട്, നിങ്ങളെല്ലാം ഹ്രസ്വദൃഷ്ടിയുള്ളവരാണ്... നിങ്ങള്‍ ഗാസയെയും പലസ്തീനെയും നോക്കുകയാണ്... എന്തുകൊണ്ട് നിങ്ങള്‍ക്ക് നമ്മുടെ സ്വന്തം രാജ്യത്തിനായി ഒന്നും ചെയ്തുകൂടാ... ദേശസ്‌നേഹികളാകൂ... ഗാസയ്ക്കും പലസ്തീനിനും വേണ്ടി സംസാരിക്കുന്നത് ദേശസ്‌നേഹമല്ല... നമ്മുടെ സ്വന്തം രാജ്യത്തെ ലക്ഷ്യങ്ങള്‍ക്കുവേണ്ടി സംസാരിക്കുക... നിങ്ങള്‍ പ്രസംഗിക്കുന്നത് പ്രാവര്‍ത്തികമാക്കുക...' ജസ്റ്റിസ് ഗുഗെ അഭിപ്രായപ്പെട്ടു.
രാജ്യത്തിനായി സിപിഎം നിരവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ഈ ഘട്ടത്തില്‍ പാര്‍ട്ടിക്കായി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മിഹിര്‍ ദേശായ് ചൂണ്ടിക്കാട്ടി. ആരോഗ്യ-വിദ്യാഭ്യാസ ക്യാമ്പുകള്‍ നടത്തുന്നുണ്ടെന്നും പറഞ്ഞു. ഇന്ത്യയില്‍ നിന്ന് ആയിരക്കണക്കിന് മൈലുകള്‍ അകലെയുള്ള ഗാസയിലെ വംശഹത്യക്കെതിരെ പാര്‍ട്ടി എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് അറിയാന്‍ ആകാംക്ഷയുണ്ടെന്ന് ബെഞ്ച് പറഞ്ഞു. 'ഞങ്ങള്‍ക്ക് ആകാംക്ഷയുണ്ട്... നമ്മുടെ സ്വന്തം രാജ്യത്തെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു പ്രശ്നവുമില്ലേ... നമ്മുടെ രാജ്യത്തിന് പ്രയോജനകരമായ എന്തെങ്കിലും ചെയ്യാതെ... ആയിരക്കണക്കിന് മൈലുകള്‍ക്കപ്പുറം അവര്‍ പോരാടുമ്പോള്‍ നിങ്ങള്‍ പലസ്തീനിനെയും ഗാസയെയും കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്നു. വെള്ളപ്പൊക്കം, ഓടകള്‍ അടഞ്ഞുപോകുന്നത്, നിയമവിരുദ്ധമായ പാര്‍ക്കിംഗ് തുടങ്ങിയ സാമൂഹിക, പ്രാദേശിക പ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് ഏറ്റെടുക്കാമല്ലോ... എന്തുകൊണ്ടാണ് നിങ്ങള്‍ അത്തരം വിഷയങ്ങളില്‍ പ്രതിഷേധിക്കാത്തത്?' ജസ്റ്റിസ് ഗുഗെ ചോദിച്ചു.
തങ്ങളുടെ പ്രതിഷേധത്തിന് ഇന്ത്യയുടെ ഏതെങ്കിലും രാജ്യവുമായുള്ള അതിര്‍ത്തി ബന്ധങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് സിപിഎം അഭിഭാഷകന്‍ വ്യക്തമാക്കി. ആസാദ് മൈതാനത്തെ നിശ്ചയിക്കപ്പെട്ട സ്ഥലത്ത് പ്രതിഷേധിക്കാന്‍ മാത്രമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. 'ഈ ഹര്‍ജി ഞങ്ങളുടെ അഭിപ്രായ-ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെക്കുറിച്ചാണ്' ദേശായ് കോടതിയോട് പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന് അടുത്തിടെ സുപ്രീം കോടതി പറഞ്ഞിട്ടുള്ളതായി ഇതോടെ ബെഞ്ച് ചൂണ്ടിക്കാട്ടി.
'നമ്മുടെ പൗരന്മാരെയോ സാധാരണക്കാരെയോ ബാധിക്കാത്ത ഒരു വിഷയം എന്തിനാണ് നിങ്ങള്‍ ഏറ്റെടുക്കുന്നത്... എവിടെയും മാലിന്യം വലിച്ചെറിയുന്നത് ഒരു പ്രശ്നമല്ലേ? നമ്മുടെ പൗരന്മാരുടെ നൂറുകണക്കിന് കേസുകള്‍ കെട്ടിക്കിടക്കുമ്പോള്‍, ഇത്തരം ഒരു വിഷയം കേള്‍ക്കാന്‍ ഞങ്ങള്‍ അത്ര സമയമുണ്ടോ? ഇതൊന്നും നമ്മുടെ ഭരണഘടനാപരമായ വിഷയങ്ങളല്ലേ?' ജസ്റ്റിസ് ഗുഗെ വീണ്ടും ചോദിച്ചു. ഹര്‍ജിക്കാരുടെ നിലപാട് കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍നിന്ന് വ്യത്യസ്തമായിരിക്കെ പ്രതിഷേധവുമായി ബന്ധപ്പെട്ട വിഷയം വിദേശകാര്യ മന്ത്രാലയത്തിനോ വകുപ്പിനോ വിടുന്നതായിരിക്കും ഉചിതമെന്നും ബോംബെ ഹൈക്കോടതി പറഞ്ഞു.
'പലസ്തീനിന്റെയോ ഇസ്രായേലിന്റെയോ പക്ഷം ചേരണോ എന്നത് അവരുടെ (കേന്ദ്ര സര്‍ക്കാരിന്റെ) കാര്യമാണ്, ഈ വിഷയത്തില്‍ രാജ്യം ഒരു പക്ഷം ചേരേണ്ട സാഹചര്യം നിങ്ങള്‍ എന്തിനാണ് ഉണ്ടാക്കുന്നത്? ഇത് എത്രമാത്രം പ്രശ്നങ്ങള്‍ക്ക് വഴിവെക്കുമെന്ന് നിങ്ങള്‍ക്കറിയില്ല. നിങ്ങള്‍ പ്രതിനിധീകരിക്കുന്ന പാര്‍ട്ടി വെച്ച് നോക്കുമ്പോള്‍, ഇത് രാജ്യത്തിന്റെ വിദേശകാര്യങ്ങളില്‍ എന്ത് പ്രത്യാഘാതമുണ്ടാക്കുമെന്ന് നിങ്ങള്‍ക്ക് മനസ്സിലാകുന്നില്ല എന്നത് വ്യക്തമാണ്' ജസ്റ്റിസ് ഗുഗെ അഭിപ്രായപ്പെട്ടു.
1940കളില്‍ തന്നെ മഹാത്മാഗാന്ധിയും ദേശീയ പ്രസ്ഥാനവും തുടര്‍ന്ന് സ്വതന്ത്ര ഇന്ത്യയുടെ വിദേശനയവും പലസ്തീന്‍ ജനതയുടെ സ്വതന്ത്ര മാതൃരാജ്യമെന്ന അവകാശത്തിന് പിന്തുണ നല്‍കിയെന്ന വസ്തുത കോടതി മറന്നുവെന്ന് സിപിഎം പോളിറ്റ്ബ്യൂറോ പറഞ്ഞു. ഇസ്രയേല്‍ കടന്നാക്രമണത്തിന് എതിരെ അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്നുവന്നിരിക്കുന്ന പ്രതിഷേധവും യുഎന്‍ സമിതികളുടെയും അന്താരാഷ്ട്ര നീതിന്യായ കോടതിയുടെയും നിലപാടുകളും ഹൈക്കോടതി തിരിച്ചറിയുന്നില്ല. കോടതി നിലപാടിനെ അപലപിക്കുന്നു. കോടതിയുടെ നിലപാടില്‍ പ്രതിഷേധിക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളോടും ആഹ്വാനം ചെയ്യുവെന്നും സിപിഎം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ അറിയിച്ചു.