- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിഡ്നിയില്‍ ജൂതവിദ്വേഷത്താല് ബോണ്ടി ബീച്ചില്‍ ഭീകരാക്രമണം നടത്തിയത് അച്ഛനും മകനും; നിരപരാധികളുടെ രക്തം കുടിച്ചത് പാക്കിസ്ഥാനില്‍ നിന്നും ഓസ്ട്രേലിയയിലേക്ക് കുടിയേറിയ സാജിദ് അക്രവും മകന്‍ നവീദ് അക്രമും; വന്‍ സ്‌ഫോടനം നടത്താനും ഭീകരര്‍ പദ്ധതിയിട്ടു; സമീപത്തു നിന്നും ഐഇഡി കണ്ടെത്തി; ഐഎസ് ബന്ധത്തിലും അന്വേഷണം
സിഡ്നിയില്‍ ജൂതവിദ്വേഷത്താല് ബോണ്ടി ബീച്ചില്‍ ഭീകരാക്രമണം നടത്തിയത് അച്ഛനും മകനും
സിഡ്നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചില്‍ ആള്‍ക്കൂട്ടത്തിനു നേരെ വെടി വച്ചത് അച്ഛനും മകനുമെന്നു റിപ്പോര്‍ട്ടുകള്‍. ജൂതവെറി തലയ്ക്കു പിടിച്ച പക്കിസ്ഥാനി വംശജരാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 15ആയി ഉയര്‍ന്നു. പരിക്കേറ്റവരുടെ എണ്ണം 40 ആയി. സംഭവം തീവ്രവാദ ആക്രമണമാണെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു. ജൂത ഫെസ്റ്റിവലായ ഹനൂക്കയുടെ ആദ്യ ദിനത്തിലാണ് വെടി വയ്പ്പുണ്ടായത്. ഇന്ത്യന്‍ സമയം ഞായറാഴ്ച ഉച്ചയ്ക്ക് 2.17 ഓടെയാണ് വെടിവയ്പ്പുണ്ടായത്.
പാകിസ്ഥാന്‍ വംശജരായ 50 കാരനായ സാജിദ് അക്രം ഇയാളുടെ മകന്‍ നവീദ് അക്രം എന്ന 24കാരനുമാണ് അക്രമികള്‍. ഇതില്‍ 50കാരനെ ആക്രമണത്തിനു പിന്നാലെ പൊലീസ് വെടിവച്ചു കൊന്നു. നവീദ് സാരമായ പരിക്കുകളോടെ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഓസ്‌ട്രേലിയയിലെ ജൂത വിഭാഗത്തേയാണ് അക്രമികള്‍ ലക്ഷ്യമിട്ടതെന്നു റിപ്പോര്‍ട്ടുകളുണ്ട്. ഇരുവരും മാത്രമാണ് ആക്രമണത്തിനു പിന്നിലെന്നു പോലീസ് വ്യക്തമാക്കി.
അക്രമികളെക്കുറിച്ചും ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളെക്കുറിച്ചുമുള്ള പ്രധാന വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്ന് ന്യൂ സൗത്ത് വെയില്‍സ് പൊലീസ് കമ്മീഷണര്‍ മാല്‍ ലാന്‍യോണ്‍ പറഞ്ഞു. സംഭവ സ്ഥലത്തിന് സമീപം രണ്ട് സജീവമായ ഇംപ്രൊവൈസ്ഡ് സ്‌ഫോടകവസ്തുക്കള്‍ പൊലീസ് കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. വന്‍ സ്‌ഫോടനം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടു എന്നതിന്റെ സൂചനയാണിത്. അന്വേഷണത്തിന്റെ ഭാഗമായി പടിഞ്ഞാറന്‍ സിഡ്നി പ്രാന്തപ്രദേശങ്ങളായ ബോണിറിഗിലെയും ക്യാംപ്‌സിയിലെയും ഇവരുടെ താമസ സ്ഥലത്ത് സെര്‍ച്ച് വാറണ്ടുകള്‍ പുറപ്പെടുവിച്ചു.
മരിച്ച 50 വയസുകാരന്‍ ലൈസന്‍സുള്ള തോക്ക് ഉടമയാണെന്നും അദ്ദേഹത്തിന്റെ പേരില്‍ ആറ് തോക്കുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് സ്ഥിരീകരിച്ചു. ബോണ്ടി ബീച്ചിലെ ആക്രമണത്തിന് ആറ് തോക്കുകളും ഉപയോഗിച്ചിട്ടുണ്ടെന്നാണ് നിഗമനം. പൊലീസ് സമഗ്രാന്വേഷണം തുടരുന്നു. നടന്നത് ഭീകരാക്രമണമാണെന്നു ന്യൂ സൗത്ത് വെയ്ല്‍സ് പൊലീസ് സ്ഥിരീകരിച്ചു. പാകിസ്ഥാനിലെ ലാഹോര്‍ സ്വദേശിയായ നവീദ് അക്രം സിഡ്‌നിയിലെ അല്‍-മുറാദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥിയാണ് എന്നും, ഇയാള്‍ ഓസ്‌ട്രേലിയയിലെയും പാകിസ്ഥാനിലെയും സര്‍വകലാശാലകളില്‍ മുമ്പ് പഠിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അക്രമികള്‍ക്ക് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടോയെന്ന കാര്യം ഓസ്‌ട്രേലിയന്‍ ആഭ്യന്തര ഇന്റലിജന്‍സ് ഏജന്‍സിയായ എഎസ്‌ഐഒ അന്വേഷിക്കുകയാണ്. ഐഎസിന്റെ സിഡ്‌നി സെല്ലുമായി കൊലയാളികളിലൊരാള്‍ 6 വര്‍ഷം മുന്‍പ് ബന്ധപ്പെട്ടുവെന്ന കാര്യമാണ് പരിശോധിക്കുന്നത്.
സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ ജൂത വിഭാഗക്കാരുടെ ഹനൂക്ക എന്ന ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്കു നേരെയാണു അക്രമികള്‍ വെടിയുതിര്‍ത്തത്. സംഭവം ഭീകരാക്രമണമാണെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു. വെടിവയ്പില്‍ മൂന്നാമതൊരാള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വെടിവയ്പിനിടെ അക്രമിയെ കീഴടക്കി തോക്ക് കൈവശപ്പെടുത്തി, ഇയാളെ പിടികൂടാന്‍ സഹായിച്ച വഴിയാത്രക്കാരനെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഉള്‍പ്പെടെയുള്ളവര്‍ അഭിനന്ദിച്ചു. അഹ്‌മദ് അല്‍ അഹ്‌മദ് (43) ആണ് രാജ്യാന്തര പ്രശംസ ഏറ്റുവാങ്ങിയത്.
ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസും ഓസ്‌ട്രേലിയയിലെ വിവിധ മുസ്ലിം സംഘടനകളും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആക്രമണത്തെ അപലപിച്ചു. ആഘോഷത്തില്‍ പങ്കെടുക്കാന്‍ ആയിരത്തിലേറെ പേര്‍ എത്തിയിരുന്നു. ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് വെടിവയ്പ് ഉണ്ടായതെന്നും ഇതെക്കുറിച്ചു പലതവണ ഓസ്‌ട്രേലിയയ്ക്കു മുന്നറിയിപ്പു നല്‍കിയിരുന്നുവെന്നും ഇസ്രയേല്‍ സര്‍ക്കാര്‍ പറഞ്ഞു.
ഓസ്‌ട്രേലിയന്‍ സമയം വൈകീട്ട് 6.30ഓടെയാണ് ആദ്യം വെടിവയ്പ്പുണ്ടായത്. സിഡ്‌നിയിലെ പ്രധാന വിനോദ കേന്ദ്രമാണ് പ്രശസ്തമായ ബോണ്ടി ബീച്ച്. ഹനൂക്ക ഫെസ്റ്റിവലിന്റെ തുടക്കമായതിനാല്‍ ബോണ്ടി ബീച്ചില്‍ നൂറുകണക്കിനാളുകള്‍ ഒത്തുചേര്‍ന്നിരുന്നു. ഇവര്‍ക്ക് നേരെയാണ് വെടിയുതിര്‍ത്തത്. തുടര്‍ച്ചയായ വെടിവെപ്പ് ആളുകള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയും ജനം നിലവിളിക്കുകയും ഒളിക്കാന്‍ പരക്കം പായുകയും ചെയ്തതായി ദൃക്‌സാക്ഷികള്‍ പറയുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പലര്‍ക്കും വെടിയേറ്റത്.
ബോണ്ടി ബീച്ചിലെ കൂട്ടക്കൊല ഞെട്ടിക്കുന്നതും അസ്വസ്ഥപ്പെടുത്തുന്നതുമാണെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസ് പറഞ്ഞു. പൊലീസും ദ്രുതപ്രതികരണ വിഭാഗവും ജനങ്ങളെ രക്ഷിക്കാന്‍ ഉടന്‍ ഇടപെട്ടു. ഓസ്‌ട്രേലിയയിലെ ജൂതരെ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടന്നത്. ജൂത വിഭാഗത്തിനെതിരായ ഏതൊരു ആക്രമണവും ഓസ്‌ട്രേലിയയിലെ മുഴുവന്‍ ജനങ്ങള്‍ക്കും എതിരെയുള്ള ആക്രമണമാണെന്നും അദ്ദേഹം വ്യക്തമാക്കി.




