ലണ്ടന്‍: പലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥികള്‍ തുടര്‍ച്ചയായി ലക്ഷ്യം വെച്ചിരുന്ന ഒരു ഇസ്രയേലി പ്രൊഫസര്‍ പറയുന്നത്, ഇന്നലെ ക്ലാസ്സ് നടക്കുന്നതിനിടയില്‍ ഉള്ളിലേക്ക് ഇരച്ചു കയറിയ ഒരുപറ്റം വിദ്യാര്‍ത്ഥികള്‍ തന്റെ തലയറക്കുമെന്ന് ഭീഷണി മുഴക്കി എന്നാണ്. ലണ്ടനിലെ സിറ്റി യൂണിവേഴ്സിറ്റിയില്‍ എക്കണോമിക്സ് ലക്ചറര്‍ ആയ മൈക്കല്‍ ബെന്‍ ഗാഡിനാണ് ഈ ദുരനുഭവമുണ്ടായത്. 1982 മുതല്‍ 1985 വരെ ഇസ്രയേല്‍ സൈന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ബെന്‍ ഗാഡിനെ തീവ്രവാദി എന്ന് മുദ്രകുത്തിയ വിദ്യാര്‍ത്ഥികള്‍ ഇയാളെ പിരിച്ചു വിടണമെന്ന ആവശ്യവും ഉയര്‍ത്തുന്നുണ്ട്.

എന്നാല്‍, ഇസ്രയേല്‍ വംശജനാണെന്നതില്‍ അഭിമാനിക്കുന്ന ഈ പ്രൊഫസര്‍ പക്ഷെ അധ്യാപനവൃത്തിയില്‍ നിന്നും ഒഴിയാന്‍ ഒരുക്കമല്ല. ഒരു ഭീഷണിക്കും തന്നെ ഭയപ്പെടുത്താന്‍ കഴിയില്ലെന്ന് പ്രൊഫസര്‍ ഉറച്ച് പറയുന്നു. സ്‌കൈ ന്യൂസിനോട് സംസാരിക്കവെ ആണ് മുഖംമൂടിയണിഞ്ഞ ഒരുപറ്റം ആളുകള്‍ ഇന്നലെ തന്റെ ക്ലാസിലെത്തി അധ്യാപനം തടസ്സപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞത്. തന്റെ മുഖത്തിന് നേരെ നോക്കി അവര്‍ ഭീഷണി മുഴക്കിയതായും അദ്ദേഹം പറഞ്ഞു.

ക്ലാസ്സില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ അത് അവഗണിച്ചു എന്നും കൂട്ടത്തിലൊരാള്‍ തന്റെ തല വെട്ടുമെന്ന് ഭീഷണിപ്പെടുത്തി എന്നും അദ്ദേഹം പറഞ്ഞു. ബെന്‍ - ഗാഡിനെ തീവ്രവാദിയെന്ന് മുദ്രകുത്തിക്കൊണ്ടുള്ള ലഘുലേഖകള്‍ ക്യാമ്പസില്‍ വിതരണം ചെയ്തതിനെ തുടര്‍ന്ന് അദ്ദേഹത്തിനുള്ള സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍, താന്‍ ചെയ്ത ഒരേയൊരു കുറ്റം താന്‍ യഹൂദനായി ജനിച്ചു എന്നതും മദ്ധ്യപൂര്‍വ്വ ദേശത്ത് ജീവിച്ചു എന്നതുമാണെന്ന് അദ്ദേഹം പറയുന്നു.

തന്നേക്കുറിച്ചല്ല, മറിച്ച് തന്നേക്കാള്‍ നിസ്സഹായരായ മറ്റ് യഹൂദവംശരെ കുറിച്ചാണ് തനിക്ക് ആശങ്ക എന്ന് ബെന്‍ ഗാഡ് പറയുന്നു. യഹൂദ വിദ്യാര്‍ത്ഥികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരക്കാരാല്‍ ആാക്രമിക്കപ്പെടുകയും അവഹേളിക്കപ്പെടുകയുമാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതിലും ഗുരുതരമായ കാര്യങ്ങളാണ് ബ്രിട്ടനില്‍ യഹൂദ വംശജര്‍ക്കെതിരെ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

യൂണീവെഴ്സിറ്റി അധികൃതര്‍ എക്കാലവും തനിക്ക് ഏറെ പിന്തുണ നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം, ശമ്പളത്തോടുകൂടിയുള്ള അവധി നല്‍കാമെന്ന വാഗ്ദാനം വരെ ഉണ്ടെന്നും പറഞ്ഞു. അങ്ങനെയായാല്‍, വീട്ടിലിരുന്ന് ഗവേഷണം തുടരാന്‍ കഴിയും. എന്നാല്‍, തന്റെ ജോലി തുടരാനാണ് തീരുമാനമെന്നും, തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രൊഫസര്‍ ബെന്‍ ഗാഡിനെ പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച സിറ്റി ആക്ഷന്‍ ഫോര്‍ പലസ്തീന്‍ ഒരു നിവേദനം സമര്‍പ്പിച്ചിരുന്നു. ഭാവിയില്‍ പുതിയ അധ്യാപകരെ നിയമിക്കുമ്പോള്‍ അവരുടെ പശ്ചാത്തലം കൂടി വിശദമായി പരിശോധിക്കണമെന്നും അതില്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, തന്നെ ഭയപ്പെടുത്താനോ ഭീഷണിപ്പെടുത്താനോ ആണ് ഈ പ്രകടനമെങ്കില്‍ അതിന് അവര്‍ കുറേക്കൂടി കഠിനാദ്ധ്വാനം ചെയ്യേണ്ടി വരുമെന്നാണ് ബെന്‍ ഗാഡ് പറയുന്നത്. ഒരു ലഘുലേഖ വിതരണം ചെയ്തതുകൊണ്ടോ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ചതുകൊണ്ടോ, ഇതുപോലുള്ള അഭ്യാസപ്രകടനങ്ങള്‍ നടത്തിയതുകൊണ്ടോ ഒന്നും തന്നെ ഭയപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധക്കാര്‍ പറയുന്നത് പോലെ താന്‍ ഇസ്രയേലി സേനയില്‍ നിന്നും വിരമിച്ച സൈനികനാണെന്നും, ഒരു ഇസ്രയേലി സൈനികനെ പോലെത്തന്നെ താന്‍ പെരുമാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.