- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ലാലേട്ടാ...ഞങ്ങളെ ഓര്‍ത്തെങ്കിലും നിങ്ങള്‍ ഇത് ചെയ്യരുത്; എമ്പുരാന്റെ സമയത്ത് പിന്നില്‍ നിന്ന് കുത്തിയ ആളാണ്; അത് മറക്കരുത്..; ഇതെന്റെ അടുത്ത പടമാണേയെന്ന് പ്രഖ്യാപിച്ച സംവിധായകന്; നിമിഷങ്ങള്‍ക്കുള്ളില്‍ ഹാലിളകിയത് പോലെ ഫാന്‍സ്; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായി 'ബോയ്‌കോട്ട്' ടാഗ്; മേജര്‍ രവിക്കെതിരെ സൈബറാക്രമണം
നടനും സംവിധായകനുമായ മേജർ രവി പ്രഖ്യാപിച്ച പുതിയ ചിത്രത്തിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ ബഹിഷ്കരണാഹ്വാനം. 'പഹൽഗാം ഒപി സുന്ദർ' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ഓപ്പറേഷൻ സിന്ദൂർ, ഓപ്പറേഷൻ മഹാദേവ് എന്നീ സൈനിക മുന്നേറ്റങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ന് മൂകാംബിക ക്ഷേത്രത്തിൽ സിനിമയുടെ പൂജയും നടന്നു. പൂജയുടെ ദൃശ്യങ്ങൾ മേജർ രവി ഇൻസ്റ്റഗ്രാമിൽ ഉൾപ്പെടെ പങ്കുവെച്ചിരുന്നു.
ഈ പുതിയ ചിത്രത്തിൽ നടൻ മോഹൻലാൽ വീണ്ടും മേജർ മഹാദേവൻ എന്ന കഥാപാത്രമായി എത്തുമെന്ന അഭ്യൂഹങ്ങൾ ഉയർന്നതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ മേജർ രവിക്ക് എതിരായ പ്രചാരണങ്ങൾ ശക്തമായത്. "ബോയ്‌കോട്ട് മേജർ രവി" എന്ന ഹാഷ്ടാഗോടെയാണ് എക്സിൽ (മുൻപ് ട്വിറ്റർ) ക്യാമ്പയിൻ നടക്കുന്നത്. മേജർ രവിയുടെയും മോഹൻലാലിന്റെയും കൂട്ടുകെട്ടിലുള്ള ഈ ചിത്രം ബഹിഷ്കരിക്കണമെന്ന ആവശ്യമാണ് മോഹൻലാൽ ആരാധകർ ഉയർത്തുന്നത്.
"നീ തകർന്നപ്പോഴും ഒരുമിച്ച് നിന്നവരാണ് ഞങ്ങൾ. ലാലേട്ടാ, ഞങ്ങളെ ഓർമയുണ്ടെങ്കിൽ ദയവായി ഈ സിനിമ ഉപേക്ഷിക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു. നിങ്ങളിൽ നിന്ന് കൂടുതൽ നല്ല സിനിമകൾ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. പഴയ മാലിന്യങ്ങൾ അല്ല, പുതിയ എന്തെങ്കിലും കണ്ടെത്തൂ," എന്നാണ് ഒരു മോഹൻലാൽ ആരാധകൻ എക്സിൽ കുറിച്ചത്. മറ്റൊരാൾ ചോദിക്കുന്നത്, "ഈ പിന്നിൽ നിന്ന് കുത്തുന്ന അവസരവാദികളുമായി സിനിമ ചെയ്തുകൊണ്ട് നിങ്ങളുടെ പീക്ക് സമയം പാഴാക്കുന്നത് എന്തിനാണ്?" എന്നാണ്.
ഇതിന് പുറമെ, പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത 'എമ്പുരാൻ' സിനിമയുമായി ബന്ധപ്പെട്ട് മേജർ രവി സ്വീകരിച്ച നിലപാടുകളും ചിലർ ചൂണ്ടിക്കാട്ടുന്നു. മേജർ രവിയുടെ ചില പരാമർശങ്ങൾ മോഹൻലാൽ, പൃഥ്വിരാജ് എന്നിവരെ രാജ്യദ്രോഹികളാക്കുന്ന തരത്തിലുള്ളതാണെന്ന് സിനിമാ പ്രേമികൾക്കിടയിൽ അഭിപ്രായമുണ്ട്. ഈ പശ്ചാത്തലത്തിലാണ് പുതിയ ചിത്രത്തെ ബഹിഷ്കരിക്കണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്.
മേജർ രവിയും മോഹൻലാലും ഒന്നിക്കുന്ന ആറാമത്തെ ചിത്രമാണിതെന്നാണ് സൂചന. പ്രസിഡൻഷ്യൽ മൂവീസ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് ആണ് ചിത്രത്തിന്റെ നിർമ്മാണം. സിനിമയുടെ ഛായാഗ്രഹണം എസ്. തിരുനാവുക്കരസ്, എഡിറ്റിങ് ഡോൺ മാക്സ്, സംഗീതം ഹർഷവർധൻ രമേശ്വർ, പ്രൊഡക്ഷൻ ഡിസൈൻ വിനീഷ് ബംഗ്ലാൻ, മേക്കപ്പ് റോണെക്സ് സേവ്യർ എന്നിവർ നിർവഹിക്കുന്നു. അർജുൻ രവിയാണ് സെക്കൻഡ് യൂണിറ്റ് ക്യാമറ കൈകാര്യം ചെയ്യുന്നത്.
പ്രഖ്യാപനത്തിന് പിന്നാലെ ചിത്രത്തിനെതിരെ ഉയർന്നിരിക്കുന്ന സോഷ്യൽ മീഡിയ പ്രതിഷേധങ്ങൾ സിനിമാ ലോകത്ത് ചർച്ചയായിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.




