- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ജെയ്ഷെ മുഹമ്മദിന്റെ ആസ്ഥാനം തകര്‍ത്ത് തരിപ്പണമാക്കിയത് 'ബ്രഹ്‌മാസ്ത്രം' ഉപയോഗിച്ച് തന്നെ; പാക്കിസ്ഥാനിലെ മൂന്ന് വിമാനത്താവളങ്ങളേയും കത്തിച്ചു ചാമ്പലാക്കി; പാക്കിസ്ഥാനെ പ്രതിരോധത്തില്‍ തളര്‍ത്തിയ 'ബ്രഹ്‌മോസിന്' വന്‍ ഡിമാന്‍ഡ്; എല്ലാ രാജ്യങ്ങള്‍ക്കും ആ ക്രൂയിസ് മിസൈലില്‍ കണ്ണ്; ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി ഇനിയും ഉയരും; ശത്രു രാജ്യങ്ങളുടെ നെഞ്ചില്‍ ഇന്ത്യന്‍ ഭയം!
ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ ഓപ്പറേഷന് ഇന്ത്യ ബ്രഹ്‌മോസ് ഉപയോഗിച്ചെന്ന് ഉറപ്പായി. പാക്കിസ്ഥാനിലെ ജെയ്ഷ് മുഹമ്മദിന്റെ ഭീകര താവളം ഇന്ത്യ തകര്‍ത്തത് ഈ മിസൈല്‍ ഉപയോഗിച്ചാണെന്നാണ് റിപ്പോര്‍ട്ട്. ചില വ്യാമ കേന്ദ്രങ്ങളേയും ഇന്ത്യ ബ്രഹ്‌മോസ് കരുത്തില്‍ ചാമ്പലാക്കി. പിന്നാലെയാണ് പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് മുമ്പില്‍ കീഴടങ്ങിയത്. ഏതായാലും പാക്കിസ്ഥാന് ഇന്ത്യ നല്‍കിയ തിരിച്ചടി പ്രതിരോധ വ്യാപാരത്തിലും ഇന്ത്യയ്ക്ക് തുണയാകും. ഇന്ത്യന്‍ സൈനിക ശേഷി ലോകം തിരിച്ചറിഞ്ഞു. തദ്ദേശിയമായി ഇന്ത്യ വികസപ്പിച്ച ബ്രഹ്‌മോസ് അടക്കം വാങ്ങാന്‍ രാജ്യങ്ങള്‍ താല്‍പ്പര്യം കാട്ടുന്നു. പാക്കിസ്ഥാന്റെ മൂന്ന് വ്യോമ സേന വിമാനത്താവളങ്ങളെ ബ്രഹ്‌മോസ് തകര്‍ത്തുവെന്നാണ് സൂചന. ഇന്ത്യയുടെ കരുത്തായ ബ്രഹ്‌മോസ് മിസൈല്‍ സ്വന്തമാക്കാന്‍ 17 രാജ്യങ്ങള്‍ താത്പര്യം പ്രകടിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ഈ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ ലോകത്തിലെ ഏറ്റവും വേഗതയേറിയതും കൃത്യതയേറിയതുമായ മിസൈലുകളിലൊന്നാണ്. ഇതിനോടകം തന്നെ, പാക്കിസ്ഥാനെ പ്രതിരോധത്തില്‍ തളര്‍ത്തിയ ബ്രഹ്‌മോസ്, ഇന്ത്യയുടെ പ്രതിരോധ ശക്തിയുടെ ചിഹ്നമായി മാറിയിരിക്കുകയാണ്.
ഒരു പതിറ്റാണ്ടിനിടയില്‍ 34 മടങ്ങ് വര്‍ധിച്ചതോടെ പ്രതിരോധ കയറ്റുമതിരംഗത്ത് ഇന്ത്യക്ക് വന്‍കുതിപ്പിന്റെ കഥയാണ് പറയാനുള്ളത്. 2013-14ല്‍ 686 കോടി രൂപയുടെ പ്രതിരോധ ഉത്പന്നങ്ങളാണ് കയറ്റുമതിചെയ്തതെങ്കില്‍ 2024-25ല്‍ ഇത് 23,622 കോടിയിലെത്തി. അമേരിക്ക, ഫ്രാന്‍സ്, അര്‍മേനിയ എന്നിവയടക്കം 100-ലധികം രാജ്യങ്ങളിലേക്കാണ് ഇന്ത്യയുടെ കയറ്റുമതി. 2029-ല്‍ 50,000 കോടിയുടെ കയറ്റുമതിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. സ്വകാര്യമേഖല വഴിയുള്ള കയറ്റുമതി 15,233 കോടിയുടേതാണ്. പ്രതിരോധ പൊതുമേഖലാസ്ഥാപനങ്ങള്‍ വഴിയുള്ളത് 8389 കോടിയുടേതും. പൊതുമേഖലാസ്ഥാപനങ്ങള്‍ വഴിയുള്ള കയറ്റുമതിയില്‍ മാത്രം 42.85 ശതമാനത്തിന്റെ വര്‍ധനയുണ്ടായതായി മന്ത്രാലയം അറിയിച്ചു. പ്രതിരോധമന്ത്രാലയത്തിനുള്ള ബജറ്റ് വിഹിതത്തിലും വര്‍ധനയുണ്ട്. 2013-14ല്‍ 2.53 ലക്ഷം കോടിയായിരുന്നത് 2025-26ല്‍ 6.81 ലക്ഷംകോടിയായി ഉയര്‍ന്നു. റഷ്യയുടെ സഹകരണത്തോടെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍, ആകാശ് സര്‍ഫസ് ടു എയര്‍ മിസൈല്‍ എന്നിവയടക്കം ഇന്ത്യ 2024-ല്‍ കയറ്റുമതി ചെയ്തവയിലുള്‍പ്പെടും. ഓപ്പറേഷന്‍ സിന്ദൂറിനുശേഷം ബ്രഹ്‌മോസ് ക്രൂയിസ് മിസൈലില്‍ താത്പര്യം പ്രകടിപ്പിച്ച് കൂടുതല്‍ രാജ്യങ്ങള്‍ ഇന്ത്യയെ സമീപിക്കുമ്പോള്‍ ഇന്ത്യയുടെ പ്രതിരോധ കരുത്ത് പുതിയ തലത്തിലെത്തുകയാണ്.
പാക്കിസ്ഥാനെ വിറപ്പിച്ച ഇന്ത്യന്‍ പോരാട്ടത്തിന്റെ വിശദാംശങ്ങള്‍ ലോകമൊന്നാകെ ചര്‍ച്ചയാകുന്നുണ്ട്. ഈ തിരിച്ചടിയുടെ സൂപ്പര്‍ ഹീറോ ഇന്ത്യയുടെ മിസൈല്‍ ശേഖരത്തിലെ ബ്രഹ്‌മാസ്ത്രം ആണെന്ന് ഏവരും തിരിച്ചറിയുന്നു. ഏത് എതിരാളിയെയും നേരിടാന്‍ ഇന്ത്യ സുസജ്ജം. 1998ഫെബ്രുവരി 12ലെ ഉടമ്പടിപ്രകാരം ഇന്ത്യയും റഷ്യയും ചേര്‍ന്നു വികസിപ്പിച്ച സൂപ്പര്‍സോണിക് ക്രൂസ് മിസൈലാണ് 'ബ്രഹ്‌മോസ്'. ലോകത്തിലെ ഏറ്റവും വേഗമേറിയ ക്രൂസ് മിസൈല്‍ എന്ന പെരുമയോടെയാണ് ബ്രഹ്‌മോസ് വികസിപ്പിച്ചിരിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ബ്രഹ്‌മോസ് ക്രൂയിസ് മിസൈലില്‍ താല്‍പര്യം പ്രകടിപ്പിച്ച് കൂടുതല്‍ രാജ്യങ്ങള്‍ ഇന്ത്യയെ സമീപിച്ചതായി റിപ്പോര്‍ട്ട്. നിലവില്‍ ബ്രഹ്‌മോസ് വാങ്ങുന്നതിനായി ഇന്ത്യയുമായി ഫിലിപ്പീന്‍സ് കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. പാക് സംഘര്‍ഷത്തിന് ശേഷം ബ്രഹ്‌മോസിന് വേണ്ടി ഇന്തോനേഷ്യ, വിയറ്റ്നാം, മലേഷ്യ, തായ്ലാന്‍ഡ്, ബ്രസീല്‍, സിംഗപ്പൂര്‍, ബ്രൂണൈ, ചിലി, അര്‍ജന്റീന, വെനിസ്വേല, ഈജിപ്ത്, സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ഒമാന്‍, ദക്ഷിണാഫ്രിക്ക, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയെ സമീപിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഓപ്പറേഷന്‍ സിന്ദൂറില്‍ ബ്രഹ്‌മോസ് ഉപയോഗിച്ച് നടത്തിയ ആക്രമണങ്ങളില്‍ പാകിസ്ഥാനിലെ വിവിധ ഭീകരവാദി ക്യാമ്പുകള്‍ തകര്‍ന്നിരുന്നു. ഇന്ത്യന്‍ ആയുധങ്ങളുടെ പ്രഹരശേഷിയും പ്രതിരോധ ഉപകരണങ്ങളുടെ മികവും ലോകത്തിനു കാണിച്ചു കൊടുക്കാനും പാകിസ്ഥാനെതിരായ സൈനികനീക്കത്തിലൂടെ സാധിച്ചു.
ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷ(ഡിആര്‍ഡിഒ)ന്റെയും റഷ്യയിലെ എന്‍പിഒ മഷിനോസ്‌ട്രോയേനിയയുടെയും സംയുക്ത സംരംഭമാണ് ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍. കൃത്യതയും പ്രഹരശേഷിയുമാണ് ബ്രഹ്‌മോസിന്റെ കരുത്ത്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഏതു കാലാവസ്ഥയിലും കരയിലും കടലിലും ആകാശത്തും നിന്ന് ഒരുപോലെ ശത്രുരാജ്യത്തിനു മേല്‍ മിസൈല്‍ വര്‍ഷിക്കാന്‍ ബ്രഹ്‌മോസിന് സാധിക്കും. 290 മുതല്‍ 400 കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യസ്ഥാനങ്ങളില്‍ കൃത്യമായി ആക്രമണം നടത്താനാകും. 3,430 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനും ഈ മിസൈലിന് ശേഷിയുണ്ട്. ബ്രഹ്‌മോസ് മിസൈല്‍ കയറ്റുമതി വിപുലപ്പെടുത്താനായി ഇന്ത്യ സംയോജന പരീക്ഷണ സൗകര്യങ്ങള്‍ വിപുലപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ രാജ്യങ്ങള്‍ ബ്രഹ്‌മോസിനായി സമീപിച്ചിട്ടുണ്ടെന്ന് ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ചെയര്‍പേഴ്സണ്‍ സമീര്‍ വി കമ്മത്ത് വെളിപ്പെടുത്തി. വിയറ്റ്നാം 700 ദശലക്ഷം ഡോളര്‍ ഇടപാടിനായി മുന്നോട്ടു വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2022 ല്‍ 375 ദശലക്ഷം ഡോളറിന്റെ കരാറാണ് ഇന്ത്യയുമായി ഫിലിപ്പീന്‍സ് ഒപ്പുവച്ചത്. തുടര്‍ന്ന് 2024 ഏപ്രിലില്‍ ആദ്യഘട്ടം മിസൈലുകള്‍ കൈമാറിയിരുന്നു.
2001 ജൂണ്‍ 12-നാണ് ബ്രഹ്‌മോസ് ആദ്യമായി ഇന്ത്യയില്‍ പരീക്ഷിച്ചത്. തുടര്‍ന്ന് നിരവധി സാങ്കേതിക നവീകരണങ്ങള്‍ക്കും അപ്‌ഗ്രേഡുകള്‍ക്കുമാണ് ഇതിലൂടെ വഴിയൊരുങ്ങിയത്. ശത്രു രാജ്യങ്ങളുടെ നെഞ്ചില്‍ ഭയം തോന്നിക്കുന്ന മിസൈല്‍ ആയ ബ്രഹ്‌മോസ്, ആധുനിക യുദ്ധ സാങ്കേതിക വിദ്യയില്‍ ഇന്ത്യയുടെ ആധിപത്യം ഉയര്‍ത്തുകയാണ്.