- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രഹ്‌മോസ് മിസൈല്‍ നിര്‍മാണ യൂണിറ്റ് തിരുവനന്തപുരത്ത്; സ്ഥലം അനുവദിക്കാന്‍ അനുമതിനല്‍കി സുപ്രീം കോടതി; നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍ വളപ്പിലെ 180 ഏക്കര്‍ ഭൂമി ബ്രഹ്മോസിന് കൈമാറും; 32 ഏക്കര്‍ ഭൂമി നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്സിറ്റിക്കും നല്‍കും
ബ്രഹ്‌മോസ് മിസൈല്‍ നിര്‍മാണ യൂണിറ്റ് തിരുവനന്തപുരത്ത്
ന്യൂഡല്‍ഹി: രാജ്യത്തെ സുപ്രധാന പ്രതിരോധ യൂണിറ്റുകള്‍ തിരുവനന്തപുരത്ത് സ്ഥാപിക്കാന്‍ തീരുമാനം. തിരുവനന്തപുരം കാട്ടാക്കടയിലെ നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍ വളപ്പിലെ 180 ഏക്കര്‍ ഭൂമി ബ്രഹ്‌മോസ് മിസൈല്‍ നിര്‍മാണ യുണിറ്റ് സ്ഥാപിക്കുന്നതിന് കൈമാറാന്‍ സുപ്രീം കോടതി അനുമതി നല്‍കി. ഇത് കൂടാതെ മറ്റു പദ്ധതികള്‍ക്കും ഭൂമി ഉപയോഗിക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്. ഡിആര്‍ഡിഓയ്ക്ക് ഭൂമി കൈമാറാന്‍ ആണ് സുപ്രീം കോടതി കേരള സര്‍ക്കാരിന് അനുമതി നല്‍കിയത്.
നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍ വളപ്പിലെ 32 ഏക്കര്‍ ഭൂമി നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്‌സിറ്റി സ്ഥാപിക്കാനായി നല്‍കാനും സുപ്രീം കോടതി അനുമതി നല്‍കി. ഇതിനുപുറമെ സശസ്ത്ര സീമ ബല്‍ ബറ്റാലിയന്റെ ഹെഡ് ക്വാട്ടേഴ്സ് സ്ഥാപിക്കാന്‍ 32 ഏക്കര്‍ ഭൂമി കൈമാറാനും സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി അനുമതി നല്‍കി.
ബ്രഹ്‌മോസ് എയ്‌റോ സ്പേസ് ട്രിവാന്‍ഡ്രം ലിമിറ്റഡിന്റെ വികസനത്തിന്റെ ഭാഗമായി ഭൂമി അനുവദിക്കണമെന്ന് കേരള സര്‍ക്കാരിനോട് ഡിആര്‍ഡിഓ ആവശ്യപ്പെട്ടിരുന്നു. അത്യാധുനിക മിസൈല്‍ നിര്‍മ്മാണത്തിനും തന്ത്രപ്രധാനമായ ഹാര്‍ഡ്വെയര്‍ നിര്‍മ്മാണത്തിനുമായുള്ള യൂണിറ്റ് സ്ഥാപിക്കുന്നതിനാണ് ഡിആര്‍ഡിഓ ഭൂമി ഭൂമി ആവശ്യപ്പെട്ടത്. ബ്രഹ്‌മോസ് എയ്‌റോ സ്പേസ് ട്രിവാന്‍ഡ്രം ലിമിറ്റഡിനെ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴില്‍ കൊണ്ടുവരുന്നതിനേക്കുറിച്ചും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
സശസ്ത്ര സീമ ബലിന്റെ ബറ്റാലിയന്‍ ഹെഡ് ക്വാട്ടേഴ്സ് കേരളത്തില്‍ ആരംഭിക്കണമെന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ദീര്‍ഘകാല ആവശ്യമാണ്. ബറ്റാലിയന്‍ ഹെഡ് ക്വാട്ടേഴ്സ് നിലവില്‍വരുന്നതോടെ കേരളത്തില്‍ കേന്ദ്ര സേനയുടെ സ്ഥിരം സാന്നിധ്യം ഉണ്ടാകും. ഇത് ദേശസുരക്ഷ ശക്തമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്‌സിറ്റിയും കേരളത്തിനെ സംബന്ധിച്ച് നിര്‍ണായകമാണ്.
നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന് നിലവില്‍ 457 ഏക്കര്‍ ഭൂമിയാണ് ഉള്ളത്. ഇതില്‍ 200 ഏക്കര്‍ ഭൂമി ജയിലിനായി നിലനിര്‍ത്തിയശേഷം ബാക്കിയുള്ള 257 ഏക്കര്‍ ഭൂമിയാണ് മൂന്ന് വികസന പദ്ധതികള്‍ക്കായി കൈമാറാന്‍ പോകുന്നത്. തുറന്ന ജയില്‍ സ്ഥിതിചെയ്യുന്ന സ്ഥലം മറ്റ് ആവശ്യങ്ങള്‍ക്ക് കൈമാറണമെങ്കില്‍ സുപ്രീം കോടതിയുടെ അനുമതി ആവശ്യമാണ്. അതിനാലാണ് സംസ്ഥാന സര്‍ക്കാര്‍ ഭൂമി കൈമാറ്റത്തിന് സുപ്രീം കോടതിയുടെ അനുമതി തേടിയത്. സുപ്രീം കോടതി ഉത്തരവോടെ മൂന്ന് പദ്ധതികള്‍ക്കും ഉടന്‍ ഭൂമി കൈമാറും.




