റിയോ: ബ്രസീലില്‍ കൗണ്‍സിലര്‍ വീട്ടുകാര്‍ക്ക് മുന്നില്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. ആക്രമണത്തിന്റെ ഭായനകമായ ദൃസ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെല്ലാം പ്രചരിക്കുകയാണ്. വടക്കുകിഴക്കന്‍ നഗരമായ ടബൂലിറോ ഡോ നോര്‍ട്ടേയിലെ മുന്‍സിപ്പല്‍ കൗണ്‍സിലറായിരുന്ന മാര്‍ക്കോസ് ദേ അരൗജോ ആണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. സ്വന്തം വീടിന് മുന്നില്‍ ഭാര്യാമാതാവുമായി സംസാരിക്കുന്നതിനിടിയിലാണ് ഇദ്ദേഹത്തിന് നേര്‍ക്ക് വെടിവെയ്പ് ഉണ്ടായത്. തോക്കുമായി എത്തിയ രണ്ട് പേരില്‍ ഒരാളാണ് അരൗജോയെ ആക്രമിച്ചത് എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

നാല് തവണയാണ് അക്രമി കൗണ്‍സിലര്‍ക്ക് നേരേ വെടിയുതിര്‍ത്തത്. തുടര്‍ന്ന് കൂടെയുണ്ടായിരുന്ന ആളും വെടിവെയ്ക്കുക ആയിരുന്നു. അക്രമികള്‍ വെടിവെയ്ക്കുമ്പോള്‍ കസേരയില്‍ ഇരിക്കുന്ന അരൗജയുടെ ഭാര്യാ മാതാവ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ തല മറയ്ക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ശരീരത്തില്‍ ഒമ്പത് വെടിയുണ്ടകള്‍ ഏറ്റ അരൗജയെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. കസേരയില്‍ നിന്ന് എഴുന്നേറ്റ് ഓടിമാറാന്‍ ശ്രമിക്കുന്നതിനിടെ അരൗജയുടെ ഭാര്യാമാതാവിന് തോളിലും പിന്‍ഭാഗത്തും വെടിയേറ്റതായും റിപ്പോര്‍ട്ടുണ്ട്.

വെടിവെയ്പിനെ തുടര്‍ന്ന് അക്രമികള്‍ ഒരു ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. പോലീസ് ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിലാണ് അരൗജോ നാലാം തവണയും മുന്‍സിപ്പല്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടത്. നഗരത്തിലെ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ അധ്യക്ഷനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ടബൂലിറോ ഡോ നോര്‍ട്ടേയില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക

ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രസീലിലെ കിഴക്കന്‍ നഗരമായ ജോവോ ഡയസിലെ മേയറായിരുന്ന ഫ്രാന്‍സിസ്‌കോ ഡി ഒലിവേറയും അദ്ദേഹത്തിന്റെ പിതാവും നാല് മാസം മുമ്പാണ് വെടിയേറ്റ് മരിച്ചത്.

അതിന് തൊട്ടു പിന്നാലെ ഉണ്ടായ ഈ ആക്രമണം ജനങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ആയിരുന്ന ഫ്രാന്‍സിസ്‌കോ വീടുകള്‍ തോറും കയറിയിറങ്ങി വോട്ട് തേടുന്നതിനിടയിലാണ് രണ്ട് വാഹനങ്ങളിലായി എത്തിയ അക്രമികള്‍ വെടിവെച്ചത്. മേയറുടെ അംഗരക്ഷകനും ആക്രമണത്തില്‍ പരിക്കേറ്റു എങ്കിലും രക്ഷപ്പെടുകയായിരുന്നു. മേയറുടെ നേര്‍ക്ക് അക്രമികള്‍ പതിനൊന്ന് തവണയാണ് വെടിയുതിര്‍ത്തത്.

വെടിയേറ്റ ഫ്രാന്‍സിസ്‌കോയെ അടിയന്തരമായി ആശുപത്രിയില്‍ എത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ പോലീസ് നിരവധി പേരെ പിടികൂടിയിട്ടുണ്ട്. നഗരത്തിലെ ഒരു മുന്‍ മേയര്‍ക്കും ഒരു വനിതാ കൗണ്‍സിലര്‍ക്കും വേണ്ടി അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.