വടക്കാഞ്ചേരി: തൃശൂര്‍ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കൂറുമാറി എല്‍ഡിഎഫിന് വോട്ട് ചെയ്ത ലീഗ് സ്വതന്ത്രന്‍ അതിന് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്യപ്പെട്ടിരുന്നെന്ന് പറയുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെ രാഷ്ട്രീയ വിവാദം കൊഴുക്കുന്നു. സംഭവത്തില്‍ വിജിലന്‍സില്‍ പരാതി എത്തിയതോടെ കോഴ വിവാദത്തില്‍ അന്വേഷണം നടക്കുകയാണ്.

'രണ്ട് ഓപ്ഷനാണ് സിപിഎം വച്ചിട്ടുള്ളത്. ഒന്നുകില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആവാം, അല്ലെങ്കില്‍ 50 ലക്ഷം രൂപ സ്വീകരിച്ച് എല്‍ഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിക്കു വോട്ട് നല്‍കാം. 50 ലക്ഷം വാങ്ങി ലൈഫ് സെറ്റില്‍ ചെയ്യാനാണ് എന്റെ തീരുമാനം'. വടക്കാഞ്ചേരി ബ്ലോക്ക് തളി ഡിവിഷനില്‍നിന്ന് വിജയിച്ച ഇ.യു.ജാഫര്‍ കോണ്‍ഗ്രസ് വരവൂര്‍ മണ്ഡലം പ്രസിഡന്റ് എ.എ. മുസ്തഫയോട് നടത്തിയ വെളിപ്പെടുത്തലാണ് പുറത്തായത്.

'ലൈഫ് സെറ്റിലാക്കാന്‍ ഓപ്ഷന്‍ കിടക്കുന്നു. രണ്ട് ഓപ്ഷനാണുള്ളത്. അമ്പത് ലക്ഷമാണ് ഓഫര്‍ കിടക്കുന്നത്. ഒന്നും രണ്ടും രൂപയല്ല. രണ്ടാമത്തെ ഓപ്ഷന്‍ വടക്കാഞ്ചേരി ബ്ലോക്ക് പ്രസിഡന്റ് പദവിയാണ്. രണ്ടിലൊന്ന് തെരഞ്ഞെടുക്കാം. നിങ്ങടെ കൂടെ നിന്നാല്‍ നറുക്കെടുത്താലെ കിട്ടുകയുള്ളൂ. ഇതാവുമ്പം ഒന്നും അറിയണ്ട, നമ്മളവിടെ പോയി കസേരയില്‍ കയറി ഇരുന്നാല്‍ മതി'' എന്ന് ജാഫര്‍ പറയുന്നതിന്റെ ശബ്ദരേഖയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.

പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ തലേന്ന് നടത്തിയ വെളിപ്പെടുത്തലാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. ശബ്ദരേഖ പുറത്തു വന്നതിന് പിന്നാലെ അനില്‍ അക്കര ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുകയായിരുന്നു. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം ആരംഭിച്ചു.

എല്‍ഡിഎഫിനും യുഡിഎഫിനും 7 വീതം അംഗങ്ങള്‍ ഉണ്ടായിരുന്ന ബ്ലോക്ക് പഞ്ചായത്തില്‍ ജാഫര്‍ കൂറുമാറി വോട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചിരുന്നു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ജാഫര്‍ എത്തിയതുമില്ല. ഇതോടെ വൈസ് പ്രസിഡന്റ് സ്ഥാനവും എല്‍ഡിഎഫ് നേടി. അടുത്തദിവസം ജാഫര്‍ അംഗത്വം രാജിവച്ചുള്ള കത്തും നല്‍കി. ഇതിനെല്ലാം പിന്നില്‍ നടന്ന ലക്ഷങ്ങളുടെ ഇടപാടിനെ കുറിച്ചുള്ള വിവരങ്ങളാണ് ശബ്ദരേഖയായി പുറത്തുവന്നത്.

യുഡിഎഫിനൊപ്പം നിന്നാല്‍ 2 സ്ഥാനാര്‍ഥികള്‍ക്കും തുല്യ വോട്ട് ലഭിച്ച് നറുക്കെടുപ്പിലൂടെ ഒരാള്‍ പ്രസിഡന്റാവുമെന്നും അതുകൊണ്ട് തനിക്കെന്തു നേട്ടമെന്നും ജാഫര്‍ ചോദിക്കുന്നുണ്ട്. പണം ലഭിച്ചാല്‍ രാജിവച്ച് രാഷ്ട്രീയം അവസാനിപ്പിക്കാമെന്നും പറയുന്നുണ്ട്. 31 വോട്ടിനാണ് ജാഫര്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട യുഡിഎഫിലെ പി.ഐ.ഷാനവാസാണു ഫോണ്‍ സംഭാഷണം പുറത്തുവിട്ടത്. ഇതു ജാഫര്‍ താനുമായി സംസാരിച്ചതു തന്നെയെന്ന് മുസ്തഫയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഫോണിലൂടെ തമാശരൂപേണ പറഞ്ഞ കാര്യങ്ങളാണ് അതെന്നാണു ജാഫറിന്റെ വിശദീകരണം. കെപിസിസി ജനറല്‍ സെക്രട്ടറി അനില്‍ അക്കര ഡിജിപിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും നല്‍കിയ പരാതിയിലാണു അന്വേഷണം ആരംഭിച്ചത്.

2010 മുതല്‍ 15 വര്‍ഷമായി എല്‍ഡിഎഫ് ഭരണത്തിലാണു വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത്. 2020ല്‍ 13 സീറ്റുകളില്‍ പതിനൊന്നും എല്‍ഡിഎഫ് നേടിയിടത്താണ് ഇത്തവണ എല്‍ഡിഎഫിനും യുഡിഎഫിനും തുല്യനില ആയത്. ഇതാണു ഭരണം നിലനിര്‍ത്താന്‍ കുതിരക്കച്ചവടത്തിനു വഴിവച്ചതെന്നാണു നിഗമനം.

സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ ജില്ലാ സെക്രട്ടറിയുമായ കെ.വി.നഫീസയാണ് ജാഫറിന്റെ വോട്ടിലൂടെ വിജയിച്ച് പ്രസിഡന്റായത്. ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മാണത്തിലെയും കരുവന്നൂര്‍ സഹകരണ ബാങ്കിലെയും സാമ്പത്തിക തട്ടിപ്പുകളില്‍ നിന്നു സമാഹരിച്ച ലക്ഷങ്ങള്‍ ജനാധിപത്യത്തെ അട്ടിമറിക്കാന്‍ സിപിഎം ഉപയോഗിക്കുകയാണെന്ന് യുഡിഎഫിന്റെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥി ആയിരുന്ന പി.ഐ.ഷാനവാസ് ആരോപിക്കുന്നത്.