ലെങ്കഷയര്‍: ബൗള്‍സ്വര്‍ത്ത് മലനിരയുടെ താഴ്വാരത്തില്‍ സ്ഥിതിചെയ്യുന്ന ലങ്കാഷയറിലെ ശാന്തസുന്ദരമായ ഒരു ഗ്രാമം. തദ്ദേശീയരുടെ ഉടമസ്ഥതയില്‍ തന്നെ പബ്ബ്, ലൈബ്രറി, ഷോപ്പ്, പോസ്റ്റ് ഓഫീസ് എന്നിവയൊക്കെ നടത്തുന്ന അവിടമാണ് ബ്രിട്ടനില്‍ ഏറ്റവുമധികം സാമൂഹ്യ മനസ്ഥിതി പുലര്‍ത്തുന്ന ജനങ്ങള്‍ താമസിക്കുന്നത്, ഒപ്പം ബ്രിട്ടനിലെ ഏറ്റവും അധികം ദയാവായ്പുള്ളവരും. ബേണ്‍ലിക്ക് സമീപമുള്ള ട്രോഡെന്‍ എന്ന ഗ്രാമത്തിലെ മൊത്തം ജനസംഖ്യ 2,700 ആണ്. അതില്‍ നൂറ്റമ്പതോളം പേര്‍ എപ്പോഴും ആ ഗ്രാമത്തിലെ അതിപ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ പരിപാലിക്കുന്നതിനായി സ്വയം മുന്നോട്ടിറങ്ങി സന്നദ്ധ സേവനം നടത്തുന്നു.

മനസ്സില്‍ എപ്പോഴും കാരുണ്യം കാത്തുസൂക്ഷിക്കുന്ന ഇവര്‍ കൂടെക്കൂടെ വൃദ്ധരായവര്‍ക്ക് വേണ്ടി സൗഹൃദ സമ്മേളനങ്ങള്‍ സംഘടിപ്പിക്കാറുണ്ട് എന്ന് മാത്രമല്ല, അത്തരം സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതിനും തിരികെ വീട്ടിലെത്തുന്നതിനും ആവശ്യമായ ഗതാഗത സൗകര്യം ഒരുക്കുകയും ചെയ്യും. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗ്രാമവാസികള്‍ ട്രോഡെന്‍ ഫോറസ്റ്റ് കമ്മ്യൂണിറ്റി സെന്റര്‍ എന്ന ചാരിറ്റി ആരംഭിച്ചതിനു ശേഷം തുടങ്ങിയ പതിവാണിത്. ഗ്രാമത്തിലെ കമ്മ്യൂണിറ്റി സെന്റര്‍ അടച്ചു പൂട്ടുമെന്ന ഭയം വന്നപ്പോള്‍, അത് ഗ്രാമവാസികള്‍ 1 പൗണ്ടിന് വാങ്ങി സ്വന്തം ചിലവില്‍ നടത്തി വരികയാണ്.

ഈ കൂട്ടായ്മ പിന്നീട് മറ്റ് പല മേഖലകളിലേക്കും വ്യാപിച്ചു. നിത്യജീവിതത്തില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സന്നദ്ധസേവകരായി ചില ഗ്രാമവാസികള്‍ മുന്നോട്ടു വന്നു. അവര്‍ക്കുള്ള പ്രോത്സാഹനം എന്ന നിലയില്‍, ഗ്രാമത്തിലെ ഷോപ്പുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുമ്പോള്‍ പ്രത്യേക ഇളവുകളും നല്‍കാന്‍ തുടങ്ങി. ഒരു പതിറ്റാണ്ട് മുന്‍പായി ഗ്രാമത്തിലെ കടകള്‍ ഓരോന്നായി അടച്ചുപൂട്ടാന്‍ തുടങ്ങി എന്നും ആവശ്യ സാധനങ്ങള്‍ക്കായി മറ്റിടങ്ങളിലേക്ക് പോകേണ്ടുന്ന സാഹചര്യമുണ്ടായി എന്നുമാണ് ഗ്രാമത്തിലെ വോളന്റിയര്‍ കോഓര്‍ഡിനേറ്റര്‍ ആയ 51 കാരി മോളി പറയുന്നത്.

അധികം വൈകാതെ ഗ്രാമം തന്നെ നഷ്ടമായേക്കുമെന്ന ആശങ്ക ഗ്രാമവാസികളില്‍ ഉയര്‍ന്നു. ഇതാണ് അവരിലെ സാമൂഹ്യബോധത്തെ ഉണര്‍ത്തിയത്. എല്ലാ പ്രായക്കാരായ ഗ്രാമവാസികളും കൈകോര്‍ത്ത് ഗ്രാമത്തിലേക്ക് ജീവന്‍ കൊണ്ടുവരാനുള്ള ശ്രമം ആരംഭിച്ചത് അങ്ങനെയാണ്. ഇന്ന് തങ്ങളുടെ ജീവിതത്തിലും ജോലിയിലും തങ്ങള്‍ സംതൃപ്തരാണെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. ചാരിറ്റിയുടെ ഷോപ്പിന്റെ ഡയറക്റ്റര്‍മാരില്‍ ഒരാളായ 75 കാരി സാറാ സ്വാന്‍ പറയുന്നത് ഏേവിലെ 8 മണി മുതല്‍ വൈകിട്ട് 6 മണിവരെ കടകള്‍ തുറന്നിരിക്കും എന്നാണ്. ഓരോ ആഴ്ചയിലും കടകളുടെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ട് കൊണ്ടുപോകാന്‍ തൊണ്ണൂറോളം വോളന്റിയര്‍മാരുടെ ആവശ്യം വരും.

കഴിഞ്ഞ വര്‍ഷം കടയില്‍ നിന്നുള്ള ലാഭം വര്‍ദ്ധിച്ചതോടെ അത് ഒരു ലിമിറ്റഡ് കമ്പനിയാക്കിയതായി സാറ പറയുന്നു. കടയില്‍ നിന്നുള്ള ലാഭം മുഴുവനും തന്നെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കാന് പോകുന്നത്. ഷോപ്പില്‍ വില്‍ക്കുന്ന ചരക്കുകള്‍ പരമാവധി പ്രാദേശികമായി തന്നെ ശേഖരിക്കുന്നതാണ്. ഗ്രാമത്തിലുള്ള കശാപ്പ് ശാലയിലെ മാംസമാണ് അവിടെ വില്‍ക്കുന്നത്. അതുപോലെ ബ്രെഡുകളും പാസ്ട്രികളും തദ്ദേശീയമായി നിര്‍മ്മിക്കുന്നവയാണ്. പ്രായ വ്യത്യാസമില്ലാതെ എല്ലാ ഗ്രാമവാസികളും തമ്മില്‍ മികച്ച സൗഹൃദമാണ് ഉള്ളതെന്നും സാറ പറയുന്നു.

കടയുടെ പുറകിലായി ഒരു ലൈബ്രറി നടത്തുന്നുണ്ട്. ഏകദേശം പത്തൊന്‍പതോളം വോളന്റിയര്‍മാരാണ് അതിന്റെ നടത്തിപ്പ് ചുമതല വഹിക്കുന്നത്. ഗ്രാമത്തിന്റെ ഉടമസ്ഥതയിലുള്ള ട്രോഡെന്‍ ആംസ് കമ്മ്യൂണിറ്റി പബ്ബ് ഗ്രാമവാസിയായ ഒരാള്‍ തന്നെ പാട്ടത്തിനെടുത്ത് നടത്തുകയാണ്. ഗ്രാമത്തിലെ തന്നെ 27 പേര്‍ അവിടെ ജോലി ചെയ്യുന്നു.