- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഏത് നിമിഷവും മിസൈല്‍ എത്തുമെന്ന ആശങ്കയോടെ ആകാശത്ത് കണ്ണുനട്ട് നടക്കുകയാണെന്ന് അപ്രന്റീസ് താരം ലൂയിസ സിസ്സ്മാന്; വില്ല വിറ്റ് ദുബായില്‍ നിന്നും താമസം മാറ്റാനൊരുങ്ങി ജിയോര്‍ഡി ഷോര്‍ താരം സാം ഗോലാന്‍ഡ്; ഭൂഗര്‍ഭ അറയില്‍ ഒരു രാത്രി ചെലവഴിച്ചതിന്റെ ഞെട്ടിക്കുന്ന ഓര്‍മ്മകളുമായി മുന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ താരത്തിന്റെ പത്നി; ഇറാന്റെ പ്രത്യാക്രമണം തകര്‍ക്കുന്നത് ബ്രിട്ടീഷ് സെലിബ്രിറ്റികളുടെ സ്വപ്നങ്ങളെ
ഇറാന്റെ പ്രത്യാക്രമണം തകര്‍ക്കുന്നത് ബ്രിട്ടീഷ് സെലിബ്രിറ്റികളുടെ സ്വപ്നങ്ങളെ

ദുബായ്: ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തിയ ആക്രമണത്തിന്റെ പ്രതികാരമായി ഇറാന്‍ ദുബായില്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ തങ്ങളുടെ ആശങ്ക പങ്കുവയ്ക്കുകയാണ് ദുബായില്‍ താമസമാക്കിയ ബ്രിട്ടീഷ് സെലിബ്രിറ്റികള്‍. യുണൈറ്റഡ് എമിരേറ്റ്‌സിലെ വിവിധ സ്ഥലങ്ങള്‍ ലക്ഷ്യമാക്കി കഴിഞ്ഞ വാരാന്ത്യത്തിലും ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇതാണ് സെല്‍ബ്രിറ്റികളെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. ഏഴ് വയസ്സുള്ള മകള്‍ ക്ലെമെന്റൈനും വളര്‍ത്തു നായയ്ക്കുമൊപ്പം നടക്കാനിറങ്ങിയ വീഡിയോ പങ്കുവച്ചുകൊണ്ടാണ് ചൊവ്വാഴ്ച്ച ഇന്‍സ്റ്റാഗ്രാമിലൂടെ അപ്രന്റീസ് താരം ലൂയിസ സിസ്മാന്‍ തന്റെ ആശങ്ക പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു അവര്‍ തന്റെ മൂന്ന് കുട്ടികള്‍ക്കൊപ്പം ദുബായിലേക്ക് താമസം മാറ്റിയത്.
തുടരെ തുടരെ ആകാശത്ത് പരതുകയാണ് എന്നാണ് അവര്‍ വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. വാരാന്ത്യത്തില്‍ കനത്ത ആക്രമണമുണ്ടായതോടെ കുട്ടികളുമൊത്ത് കെട്ടിടത്തിന്റെ ഭൂഗര്‍ഭ അറയില്‍ രാത്രി മുഴുവന്‍ ചെലവഴിക്കേണ്ടി വന്നുവെന്ന് വെളിപ്പെടുത്തിയതിന് തൊട്ടു പുറകെയാണ് ഇപ്പോള്‍ ഈ വീഡിയോയും പോസ്റ്റ് ചെയ്തിരിക്കുന്നത്. വന്‍ സ്‌ഫോടനങ്ങളായിരുന്നു പ്രദേശത്ത് ഉണ്ടായതെന്നും അവര്‍ പറഞ്ഞിരുന്നു. അതേസമയം, ജിയോര്‍ഡി ഷോര്‍ താരം സാം ഗോലാന്‍ഡ് മൗറീഷ്യസിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തു എന്നാണ് അറിയിച്ചിരിക്കുന്നത്.
അടുത്തിടെയാണ് ഗോലാന്‍ഡ് മാലിയില്‍ നിന്നും ദുബായിലേക്ക് താമസം മാറ്റിയത്. കഴിഞ്ഞ രാത്രി, താന്‍ താമസിക്കുന്ന പ്രദേശം താരതമ്യേന ശാന്തമായിരുന്നെങ്കിലും യു എ ഇയുടെ പലഭാഗങ്ങളിലും വന്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായി എന്നാണ് ഗോലാന്‍ഡ് എഴുതിയത്. ഇറാന്‍ ആക്രമണം ആരംഭിക്കുന്നതിനു മുന്‍പ് തന്നെ തന്റെ 2 മില്യണ്‍ പൗണ്ട് വിലവരുന്ന വില്ല സാം വില്‍ക്കാന്‍ വെച്ചിരുന്നു. ഏറെ ചിന്തിച്ചതിനു ശേഷം വില്ല വില്‍ക്കാന്‍ തീരുമാനിച്ചു എന്നാണ് സാം ഗോലാന്‍ഡ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. മൗറീഷ്യസിലേക്കുള്ള ടിക്കറ്റിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് റിയാലിറ്റി താരം ഇന്‍സ്റ്റയിലൂടെ തന്റെ ആശങ്ക പങ്കുവച്ചത്.
തന്റെ പല സുഹൃത്തുക്കളും ഇപ്പോള്‍ കെട്ടിടങ്ങളുടെ ഭൂഗര്‍ഭ അറകളിലാണ് തങ്ങുന്നതെന്ന് പറഞ്ഞ ലൂയിസ തന്റെ വീടിന്റെ അറയും തയ്യാറാക്കി കഴിഞ്ഞു എന്നും അറിയിച്ചു. ഇത് ഒറ്റപ്പെട്ട സംഭവങ്ങളല്ല, ശാന്തമായ ഒരു ജീവിതം ആഗ്രഹിച്ച് ദുബായിലേക്ക് കുടിയേറിയ പല സെലിബ്രറ്റികളും ധനാഢ്യരും സമാനമായ ചിന്തകളാണ് പങ്കുവയ്ക്കുന്നത്. ഒരു കാറിന്റെയോ മോട്ടോര്‍ സൈക്കിളിന്റെയോ അല്പം ഉച്ചത്തിലുള്ള ശബ്ദം പോലും തന്റെ ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുന്നു എന്നായിരുന്നു അവരിലൊരാള്‍ എക്‌സില്‍ കുറിച്ചത്.
ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ആഡംബര അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കിലെ സെല്ലാറില്‍ കുട്ടികളുമൊത്ത് ഒരു രാത്രി ചെലവഴിക്കേണ്ടി വന്ന ദുരനുഭവമാണ് മുന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം റിയോയുടെ ഭാര്യ കെയ്റ്റ് ഫെര്‍ഡിനാന്‍ഡ് പങ്കുവച്ചിരിക്കുന്നത്. അതേസമയം, തന്റെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ രാത്രികളാണ് കടന്നു പോകുന്നതെന്ന് ശതകോടീശ്വരിയായ പെട്ര എക്ലിടോണ്‍ പറയുന്നു. സുരക്ഷിതവും ശാന്തവുമായ ഒരു ജീവിതം ആഗ്രഹിച്ചാണ് ദുബായിലേക്ക് കുടിയേറിയതെന്ന് സമൂഹമാധ്യമങ്ങളില്‍ കുറിച്ച അവര്‍ പറയുന്നത് നേര്‍വിപരീതമായിരുന്നു കഴിഞ്ഞുപോയ കുറച്ച് രാത്രികള്‍ എന്നാണ്.
സെലിബ്രിറ്റികള്‍ ഉള്‍പ്പടെ പലരും തങ്ങളുടെ ആശങ്കകള്‍ പരസ്യമായി പങ്കുവയ്ക്കുമ്പോഴും ഇതെല്ലാം ഊതിപ്പെരുപ്പിച്ച ഭയമാണെന്നാണ് യു എ ഇ അധികൃതരുടെ നിലപാട്. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് യു എ ഇയ്ക്ക് നേരെ തൊടുത്തുവിട്ട 165 മിസൈലുകളില്‍ 152 എണ്ണം നിര്‍വീര്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 13 എണ്ണം കടലിലാണ് പതിച്ചത്. അതേസമയം, യു എ ഇ ആക്രമിക്കാന്‍ എത്തിയ 541 ഡ്രോണുകളില്‍ 506 എണ്ണം തകര്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അധികൃതര്‍ അവകാശപ്പെടുന്നു. 35 എണ്ണം അതിര്‍ത്തിക്കുള്ളില്‍ പതിച്ചു. ഇറാന് ആക്രമിക്കാനുള്ള മിസൈലുകളേക്കാള്‍ കൂടുതല്‍ പ്രതിരോധ മിസൈലുകള്‍ തങ്ങള്‍ക്കുള്ളതിനാല്‍ കടുത്ത ആശങ്കയുടെ ആവശ്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.


