റിയാദ്: നിയമങ്ങള്‍ കര്‍ക്കശമായ സൗദി അറേബ്യയില്‍ ഡീലീറ്റ് ചെയ്ത് ഒരു ട്വീറ്റിന്റെ പേരില്‍ അറസ്റ്റിലായ ബ്രിട്ടീഷ് പൗരന്റെ മോചനം നീളുന്നു. കഴിഞ്ഞ വര്‍ഷം ഓഗ്‌സറ്റിലാണ് അഹമ്മദ് അല്‍-ദൗഷ് അറസ്റ്റിലാകുന്നത്. നാല് കുട്ടികളുടെ പിതാവായ ദൗഷിന്റെ മോചനത്തിനായി ഇടപെടലുകള്‍ നടന്നെങ്കിലും ഇനിയും സാധ്യമായിട്ടില്ല. കുറ്റം ചുമത്താതെയാണ് ഇദ്ദേഹത്തെ സൗദി ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. കുടുംബം ബ്രിട്ടീഷ് സര്‍ക്കാറിന്റെ ഇടപെടല്‍ അടക്കം തേടിയെങ്കിലും സൗദിയില്‍ ജയിലിലായ ബ്രിട്ടീഷുകാരനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ വിദേശകാര്യ ഓഫീസ് വിസമ്മതിച്ചുവെന്ന് ആരോപണവും ഉയര്‍ന്നിരുന്നു.

ബാങ്ക് ഓഫ് അമേരിക്കയില്‍ സീനിയര്‍ ബിസിനസ് അനലിസ്റ്റായി മാഞ്ചസ്റ്ററില്‍ ജോലി ചെയ്യുകയാണ് 41കാരനായ അഹമ്മദ് അല്‍ ദൗഷ്. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് ഇദ്ദേഹം അറസ്റ്റിലാകുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 31നായിരുന്ന സംഭവം. ബിസിനസിലും കുടുംബ ജീവിതത്തിലും ശ്രദ്ധിക്കുന്ന വ്യക്തിയായിരുന്നു ദൗഷ്. അദ്ദേഹം അറസ്റ്റിലാകുമ്പോഴാണ് ഭാര്യ നാലാമത്തെ കുട്ടിക്കായി കാത്തിരിക്കയായിരുന്നു. ഭാര്യപ്രസവിച്ച ശേഷം ഇളയ കുഞ്ഞിനെ കാണാന്‍ ഇദ്ദേഹത്തിന് സാധിച്ചിട്ടില്ല.

ഓഗസ്റ്റ് 31-ന് കുടുംബ സന്ദര്‍ശനത്തിന് ശേഷം മടങ്ങവവേയാണ് സൗദി അധികൃതര്‍ അഹമ്മദ് അല്‍-ദൗഷിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഒരിക്കല്‍ മാത്രമേ യുകെ ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹത്തെ കാണാന്‍ കോണ്‍സുലാര്‍ പ്രവേശനം അനുവദിച്ചിട്ടുള്ളൂ. തടങ്കലില്‍ വെച്ച സമയത്ത് അദ്ദേഹത്തിന്റെ ഭാര്യ അവരുടെ നാലാമത്തെ കുഞ്ഞിന് ജന്മം നല്‍കി. പ്രസവദിവസം ഭാര്യയോട് സംസാരിക്കാന്‍ അദ്ദേഹത്തിന് അനുമതി നിഷേധിച്ചിരുന്നു. അറസ്റ്റിനുശേഷം അദ്ദേഹം ഏകാന്തതടവില്‍ പാര്‍പ്പിച്ചിരിക്കയാണ് ദൗഷിനെ എന്നാണ ്കരുതുന്നത്.

സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വിവരങ്ങലാണ് അറസ്റ്റിലേക്ക് നയിച്ചതെന്നാണ് പുറത്തുവന്ന വിവരങ്ങള്‍. ദൗഷ് തന്റെ യഥാര്‍ത്ഥ നാടായ സുഡാനെക്കുറിച്ച് ഒരു ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ അതില്‍ സൗദി അറേബ്യയെക്കുറിച്ചോ രാജ്യത്തെ ആഭ്യന്തരയുദ്ധത്തില്‍ സൗദി ഒരു വിഭാഗത്തെ പിന്തുണയ്ക്കുന്നതനെ കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല. മാത്രമല്ല, അദ്ദേഹത്തിന്റെ അക്കൗണ്ടിന് 37 ഫോളോവേഴ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്യപ്പെടുകയും ചെയ്തു. എന്നാല്‍, ഈ പോസ്റ്റിന്റെ പേരിലാണ് ഇദ്ദേഹം തടവിലായത് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

്അതേസമയം സൗദി രാഷ്ട്രീയ വിമതനായ സാദ് അല്‍-ഫാഗിഹിന്റെ സുഹൃത്താണ് ദൗഷ് എന്ന ആരോപണവും ഉയരുന്നുണ്ട്. എന്നാല്‍, പിതാവിനെ അദ്ദേഹത്തിന് അറിയില്ലായിരുന്നുവെന്നും അങ്ങനെയൊരു ബന്ധം ഉണ്ടായിരുന്നെങ്കില്‍ പോലും അറസ്റ്റ് ആവശ്യപ്പെടാന്‍ കഴിയില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു. അഹമ്മദുമായി ബന്ധപ്പെടാന്‍ മാര്‍ഗ്ഗമില്ലെന്നാണ് ഭാര്യ അമാഹെര്‍ നൂര്‍ ചൂമ്ടിക്കാട്ടിയത്. നാലാമത്തെ കുട്ടിയെ കാണാന്‍ പോലും ഇതുവരെ അഹമ്മദിന് സാധിച്ചിട്ടില്ല. അഹമ്മദിന്റെ മോചനത്തിനായി യുകെ സര്‍ക്കാര്‍ ഇടപെടണം എന്നുമാണ് ഭാര്യ ആവശ്യപ്പെട്ടത്. വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടെങ്കിലും അഹമ്മദിന്റെ മോചനം ഇനിയും സാധ്യമായിട്ടില്ല.