ന്യൂഡല്‍ഹി: ഡല്‍ഹി ഹോട്ടലില്‍ വച്ച് ബ്രിട്ടീഷ് യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍ പിടിയില്‍. ഡല്‍ഹി മഹിപാല്‍പുരിലെ ഹോട്ടലില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിയായ കൈലേഷിനെ യുവതി സമൂഹ മാധ്യമത്തിലൂടെയാണ് പരിചയപ്പെട്ടത്. കൈലേഷിനെയും ഇയാളുടെ സുഹൃത്തായ വസീം എന്നയാളെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ബ്രിട്ടീഷ് യുവതിയും കൈലാഷും നേരത്തെ ഇന്‍സ്റ്റഗ്രാം വഴി പരിചയമുള്ളവരാണെന്നാണ് പോലീസ് പറയുന്നത്. അവധിക്കാലം ആഘോഷിക്കുന്നതിന് മഹാരാഷ്ട്രയിലും ഗോവയിലും എത്തിയതാണ് യുവതി. തന്റെ യാത്രയില്‍ കൈലാഷിനേടും ഒപ്പം കൂടാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, തനിക്ക് യാത്രചെയ്യാനാകില്ലെന്നും പകരം ഡല്‍ഹിയിലേക്ക് വരാനുമാണ് കൈലാഷ് യുവതിയോട് പറഞ്ഞത്. ഇതനുസരിച്ച് ചൊവ്വാഴ്ച യുവതി ഡല്‍ഹിയിലെത്തുകുയും മഹിപാല്‍പുരിലെ ഹോട്ടലില്‍ മുറിയെടുക്കുകയും ചെയ്തു.

തുടര്‍ന്ന് അന്നേദിവസം രാത്രി ഹോട്ടല്‍മുറിയിലെത്തിയ കൈലാഷ് യുവതിയെ ബലാത്സംഗം ചെയ്തെന്നാണ് പരാതി. കൈലാഷിനൊപ്പം ഹോട്ടലിലെത്തിയ വസീമും യുവതിക്ക് നേരേ അതിക്രമം കാട്ടിയെന്നും പരാതിയിലുണ്ടായിരുന്നു. സംഭവത്തില്‍ ബുധനാഴ്ച രാവിലെയാണ് യുവതി വസന്ത്കുഞ്ച് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് കേസെടുക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. ബ്രിട്ടീഷ് ഹൈക്കമ്മീഷനെയും പോലീസ് വിവരമറിയിച്ചിട്ടുണ്ട്.

കേസിലെ മുഖ്യപ്രതിയായ കൈലാഷ് ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണെന്നാണ് പോലീസ് പറയുന്നത്. ഇന്‍സ്റ്റഗ്രാം വഴിയാണ് ബ്രിട്ടീഷ് യുവതിയെ പരിചയപ്പെട്ടതെന്നാണ് ഇയാളുടെയും മൊഴി. ഇംഗ്ലീഷ് സംസാരിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ ഗൂഗിള്‍ ട്രാന്‍സലേറ്ററിന്റെ സഹായത്തോടെയാണ് യുവതിയുമായി ആശയവിനിമയം നടത്തിയിരുന്നതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്.

അതിനിടെ, ഹോട്ടലിലെ ലിഫ്റ്റില്‍വെച്ചാണ് വസീം വിദേശവനിതയ്ക്ക് നേരേ അതിക്രമം കാട്ടിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൈലാഷിന്റെ ഉപദ്രവത്തില്‍നിന്ന് രക്ഷപ്പെട്ട് ഹോട്ടല്‍ റിസപ്ഷനില്‍ വിവരമറിയിക്കാന്‍ പോകുന്നതിനിടെ സഹായിക്കാമെന്ന് വാഗ്ദാനംചെയ്ത് വസീം ലിഫ്റ്റില്‍വെച്ച് യുവതിയെ ഉപദ്രവിച്ചെന്നാണ് ചില മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളിലുള്ളത്.