- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
തന്റെ വിവാഹ ജീവിതം ഇല്ലാതാക്കാന്‍ അച്ഛനും അമ്മയും ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഡേവിഡ് ബെക്കാമിന്റെ മകന് രംഗത്ത്; രണ്ടുപേര്‍ക്കും വലുത് അവരാണ്; മനപൂര്‍വം അപമാനിക്കുന്നു: അതിസമ്പന്നരും പ്രശസ്തരുമായ കുടുംബത്തിന് സംഭവിക്കുന്നത്
തന്റെ വിവാഹ ജീവിതം ഇല്ലാതാക്കാന്‍ അച്ഛനും അമ്മയും ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഡേവിഡ് ബെക്കാമിന്റെ മകന് രംഗത്ത്

ലണ്ടന്‍: മാതാപിതാക്കള്‍ക്കെതിരെ കര്‍ശന നിലപാടുമായി ബ്രൂക്ക്‌ലിന്‍ ബെക്കാം രംഗത്ത്. പ്രശസ്ത ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാമിന്റെ മൂത്തമകന്‍, 26 കാരനായ ബ്രൂക്ക്‌ലിന്‍, ഇന്നലെ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഏറെ നാളായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരുന്ന കുടുംബ വഴക്കിന്റെ രഹസ്യങ്ങളുടെ ചുരുളഴിച്ചത്. താന്‍ ഇതാദ്യമായി ജീവിതത്തില്‍ സ്വന്തം കാലില്‍ നില്‍ക്കുകയാണെന്നും, കുടുംബവുമായി ഒരു ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്നുമാണ് ആറ് പേജ് വരുന്ന സന്ദേശത്തില്‍ ബ്രൂക്ക്‌ലിന്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ബ്രൂക്ക്‌ലിന്റെയും ഭാര്യ നിക്കോള പെല്‍റ്റ്‌സി (31) ന്റെയും അസാന്നിദ്ധ്യം കൊണ്ട് ബെക്കാമിന്റെ പല കുടുംബ പരിപാടികളും മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ട ബെക്കാമിന്റെ അന്‍പതാം പിറന്നാള്‍ ആഘോഷത്തിലും, അതുപോലെ ബെക്കാമിന് നൈറ്റ്ഹുഡ് ലഭിച്ച ചടങ്ങിലും ഇവര്‍ പങ്കെടുത്തിരുന്നില്ല. പ്രശസ്തിക്കപ്പുറം മറ്റൊന്നും ആഗ്രഹിക്കാത്തവരാണ് തന്റെ മാതാപിതാക്കള്‍ എന്ന് പറഞ്ഞ ബ്രൂക്ക്‌ലിന്‍ നിക്കോളയ്‌ക്കൊപ്പമാണ് താന്‍ സ്‌നേഹവും സമാധാനവും എന്തെന്ന് അറിയുന്നതെന്നും പറഞ്ഞു. 2022 ഏപ്രിലില്‍ തന്റെ വിവാഹം മുതല്‍ തുടങ്ങിയതാണ് കുടുംബത്തിനുള്ളിലെ അസ്വാരസ്യങ്ങള്‍ എന്ന് പറഞ്ഞ ബ്രൂക്ക്‌ലിന്‍, ബെക്കാമും, തന്റെ അമ്മ വിക്‌റ്റോറിയയും തങ്ങളുടെ ബന്ധം തകര്‍ക്കാന്‍ ശ്രമിച്ചു എന്നും ആരോപിക്കുന്നു.
പിതാവിന്റെ അന്‍പതാം ജന്മദിനത്തില്‍ പങ്കെടുക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നെന്നും, എന്നാല്‍, അതിനു മുന്‍പായി നേരിട്ട് കാണണമെന്ന അഭ്യര്‍ത്ഥന അദേഹം നിരാകരിക്കുകയായിരുന്നു എന്നും ബ്രൂക്ക്‌ലിന്‍ പറഞ്ഞു. അവസാനം കാണാന്‍ സമ്മതിച്ചപ്പോള്‍, നിക്കോള കൂടെയുണ്ടാകരുത് എന്ന വ്യവസ്ഥ മുന്നോട്ട് വയ്ക്കുകയും ചെയ്തുവത്രെ. ഇക്കാര്യങ്ങളെല്ലാം തികച്ചും സ്വകാര്യമായി സൂക്ഷിക്കണം എന്ന നിര്‍ബന്ധമുള്ളതിനാലായിരുന്നു ഇക്കാലമത്രയും താന്‍ നിശബ്ദനായിരുന്നതെന്നും ബ്രൂക്ക്‌ലിന്‍ എഴുതുന്നു. എന്നാല്‍, തന്റെ മാതാപിതാക്കളും അവരുടെ സംഘവും തന്നെ മാധ്യമങ്ങളിലൂടെ വേട്ടയാടുന്നത് തുടരുമ്പോള്‍ തനിക്ക് മൗനം ഭഞ്ജിക്കുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗമില്ലെന്നും ബ്രൂക്ലിന്‍ പറയുന്നു.
ഇക്കാലമത്രയും, മതാപിതാക്കളായിരുന്നു തങ്ങളുടെ കുടുംബ ചിത്രം, അവരുടെ വ്യാഖ്യാനങ്ങളിലൂടെ പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ പലപ്പോഴും നുണക്കഥകളുടെ കുത്തൊഴുക്കായിരുന്നു അവിടെ നടന്നിരുന്നത്. ഒരുവര്‍ഷം മുന്‍പ് സമൂഹമാധ്യമങ്ങളില്‍ തന്റെ മാതാപിതാക്കള്‍ തന്നെ ബ്ലോക്ക് ചെയ്തു എന്നും ബ്രൂക്ക്‌ലിന്‍ കുറ്റപ്പെടുത്തി. എന്നിട്ട് അവര്‍ പ്രചരിപ്പിച്ചത് ബ്രൂക്ക്‌ലിന്‍ ബാക്കി കുടുംബാംഗങ്ങളെയെല്ലാം ബ്ലോക്ക് ചെയ്തു എന്നായിരുന്നു. തന്റെ സഹോദരങ്ങളെ ഉപയോഗിച്ചും സമൂഹമാധ്യമങ്ങള്‍ വഴി ആക്രമിക്കാന്‍ ശ്രമിച്ചു എന്നും ബ്രൂക്ക്‌ലിന്‍ ആരോപിക്കുന്നു.


