ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ അതിര്‍ത്തിയില്‍ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ വിട്ടയക്കാതെ പാകിസ്ഥാന്‍ കടുംപിടുത്തം തുടരുന്ന പശ്ചാത്തലത്തില്‍ സാഹചര്യം വിലയിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇന്ത്യാ- പാക് ബന്ധം വഷളായിരിക്കുന്നതിനിടെ നാല് തവണ ഫ്‌ളാഗ് മീറ്റിംഗ് നടത്തിയിട്ടും ബി.എസ്.എഫ് ജവാനെ മോചിപ്പിക്കാന്‍ പാക്കിസ്ഥാന്‍ വിസമ്മതിക്കുകയായിരുന്നു.

അഞ്ച് ദിവസത്തിന് ശേഷവും അതിര്‍ത്തിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ വിട്ടയക്കാന്‍ പാക്കിസ്ഥാന്‍ വിസമ്മതിച്ചതോടെ തുടര്‍ നടപടികള്‍ ഇന്ത്യ കടുപ്പിച്ചേക്കും. നാല് തവണ ഫ്‌ളാഗ് മീറ്റിംഗ് നടത്തിയിട്ടും പശ്ചിമ ബംഗാളിലെ ഹൂഗ്‌ളി സ്വദേശി പൂര്‍ണ്ണം കുമാര്‍ ഷായെ വിട്ടയക്കാന്‍ പാകിസ്ഥാന്‍ തയ്യാറായിട്ടില്ല.

അബദ്ധത്തില്‍ അതിര്‍ത്തി കടന്ന ബിഎസ്എഫ് ജവാനെ ഇന്ത്യയുടെ തിരിച്ചടി ഒഴിവാക്കാനുള്ള കവചമായി പാകിസ്ഥാന്‍ ഉപയോഗിക്കുന്നു എന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. ജവാനെ പാകിസ്ഥാന്‍ പിടിച്ചു വച്ചിരിക്കുന്ന സാഹചര്യം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിലയിരുത്തി. ജവാനെ മോചിപ്പിക്കാന്‍ നടപടികള്‍ എടുക്കണമെന്ന് സാഹുവിന്റെ മാതാപിതാക്കളും ഗര്‍ഭിണിയായ ഭാര്യ രജനി ഷായും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഏഴ് വയസുള്ള മകന്‍ ഉള്‍പ്പടെയുള്ള കുടുംബം പഞ്ചാബ് അതിര്‍ത്തിയിലേക്ക് തിരിച്ചു. ഭാര്യ രജനി ഷായും മകനും പഠാന്‍കോട്ടിലെത്തും.

പഞ്ചാബിലെ ഇന്ത്യാ- പാക് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്നാണ് ജവാനെ കസ്റ്റഡിയിലെടുത്തത്. 182-ാം ബറ്റാലിയന്‍ കോണ്‍സ്റ്റബിളായ പി.കെ സിങ്ങിനെയാണ് പഞ്ചാബ് അതിര്‍ത്തിയില്‍വെച്ച് പാക് റഞ്ചേഴ്സ് കസ്റ്റഡിയിലെടുത്തത്.

ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിക്കിടയിലുള്ള സ്ഥലത്ത് കര്‍ഷകരുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനിടെ അബദ്ധത്തില്‍ പി.കെ. സിങ് അതിര്‍ത്തി കടക്കുകയായിരുന്നു. ഇയാള്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കവേ പാക് റേഞ്ചേഴ്സ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള നോ മാന്‍സ് ലാന്‍ഡില്‍ കര്‍ഷകര്‍ വിളയെടുക്കുന്നുണ്ടായിരുന്നു. ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കി മുന്നോട്ടുപോകവേയാണ് പി.കെ. സിങ് പാക്കിസ്ഥാന്റെ ഭാഗത്തേക്ക് കടന്നത്. സംഭവസമയത്ത് സര്‍വീസ് റൈഫിളും കൈവശം വച്ചിരുന്നു.