- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗള്‍ഫിലേക്ക് പോകുമ്പോള്‍ ഇനി സിം കാര്‍ഡ് മാറ്റേണ്ട! നാട്ടിലെ സിം യുഎഇയിലും ഉപയോഗിക്കാനുള്ള പദ്ധതി അവതരിപ്പിച്ച് ബിഎസ്എന്‍എല്‍; ഇന്റര്‍നാഷണല്‍ സിം ആകാന്‍ പ്രത്യേക റീച്ചാര്‍ജ്ജ്; രാജ്യത്ത് പദ്ധതി ആദ്യമായി കേരളത്തില്‍
ഗള്‍ഫിലേക്ക് പോകുമ്പോള്‍ ഇനി സിം കാര്‍ഡ് മാറ്റേണ്ട!
തിരുവനന്തപുരം: തിരിച്ചുവരവിന്റെ പാതയില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനും വീണ്ടും തിരിച്ച് തങ്ങളുടെ കുടുംബത്തിലേക്ക് എത്തിക്കാനും വിവിധങ്ങളായ പദ്ധതികളാണ് ബിഎസ്എന്‍എല്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്.ഇപ്പോഴിത പ്രവാസി മലയാളികളെ ലക്ഷ്യം വച്ചാണ് ബിഎസ്എന്‍എല്‍ തങ്ങളുടെ പുതിയ പദ്ധതി നടപ്പാക്കുന്നത്.പ്രത്യേകിച്ചും യുഎഇ മലയാളികളെ.വര്‍ഷങ്ങളായുള്ള പ്രവാസികളുടെ ഒരു ആവശ്യത്തിന് കൂടിയാണ് ഇവിടെ പരിഹാരമാകുന്നത്.
യുഎഇയിലേക്ക് പോകുമ്പോള്‍ ഇനി മുതല്‍ ഇന്റര്‍നാഷണല്‍ സിം കാര്‍ഡിലേക്ക് മാറേണ്ട ആവശ്യമില്ല.ഇതിനായുള്ള പുതിയ സാങ്കേതിക വിദ്യയാണ് ബിഎസ്എന്‍എല്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.നിലവില്‍ നാട്ടില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ബിഎസ്എന്‍എല്‍ സിം കാര്‍ഡ് പ്രത്യേക റീചാര്‍ജ് മാത്രം ചെയ്ത് യുഎഇയിലും ഉപയോഗിക്കാവുന്ന സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.
ഇതോടെ യുഎയിലേക്ക് പോകുംമുമ്പ് നാട്ടിലെ കസ്റ്റമര്‍ കെയര്‍ സെന്ററില്‍നിന്ന് ഇന്റര്‍നാഷണല്‍ സിം കാര്‍ഡിലേക്ക് മാറേണ്ടിവരുന്ന സ്ഥിതിയാണ് ഒഴിവായത്.
ബി എസ് എന്‍ എല്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ ആഭ്യന്തര സിം കാര്‍ഡുകള്‍ യുഎഇയില്‍ ഒരു പ്രത്യേക പ്ലാന്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാന്‍ സാധിക്കും.ഈ പുതിയ റീചാര്‍ജ് ചെയ്യുന്നതോടെ കൈയിലുള്ള സിം കാര്‍ഡ് ഇന്റര്‍നാഷണലായി മാറും.90 ദിവസത്തേക്ക് 167 രൂപയും 30 ദിവസത്തേക്ക് 57 രൂപയും നിരക്കുള്ള പ്രത്യേക റീചാര്‍ജ് ചെയ്താല്‍ നാട്ടിലെ സിം കാര്‍ഡ് ഇന്റര്‍നാഷണലായി മാറും. പ്രത്യേക റീചാര്‍ജ് കാര്‍ഡിന്റെ സാധുതയ്ക്കുവേണ്ടിമാത്രമാണ്. കോള്‍ ചെയ്യാനും ഡേറ്റയ്ക്കും വേറെ റീചാര്‍ജ് ചെയ്യണം.
രാജ്യത്ത് ആദ്യമായി കേരള സര്‍ക്കിളിലാണ് ഇത്തരമൊരു പദ്ധതി ബി.എസ്.എന്‍.എല്‍. നടപ്പാക്കുന്നത്.മലയാളികള്‍ ഏറെയുള്ള രാജ്യമെന്നനിലയിലാണ് യുഎഇയ്ക്ക് പരിഗണന കിട്ടിയത്.ഭാവിയില്‍ മറ്റുരാജ്യങ്ങളിലും ഈ സംവിധാനം ഏര്‍പ്പെടുത്താനാണ് ബിഎസ്എന്‍എല്‍ ഉദ്ദേശിക്കുന്നത്.അതേസമയം ജിയോ കടുത്ത വെല്ലുവിളിയുമായി ബിഎസ്എന്‍എല്ലിനെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ മറുവശത്ത് പൊതുമേഖലാ കമ്പനി ഉപയോക്താക്കളെ ഓഫറുകളുടെ സൗകര്യങ്ങള്‍ കൊണ്ട് ആകര്‍ഷിക്കുകയാണ്.
കമ്പനിയുടെ അഫോര്‍ഡബിലിറ്റി എന്ന ഘടകം തന്നെയാണ് ബിഎസ്എന്‍എല്ലിന് ഉള്ള വലിയൊരു ഗുണം.ജിയോ ഉള്‍പ്പെടെ മികച്ച രീതിയില്‍ ഓഫറുകള്‍ നല്‍കുമ്പോഴും ചില ഘട്ടങ്ങളില്‍ അവര്‍ക്ക് വെല്ലുവിളിയാവുന്നത് ഈ അഫോര്‍ഡബിലിറ്റിയിലെ പോരായ്മ തന്നെയാണ്.പലരും ആഗ്രഹിക്കുന്നത് ഇന്റര്‍നെറ്റ്, ഫ്രീ കോള്‍, സൗജന്യ എസ്എംഎസ് എന്നിവ ഉള്‍പ്പെടെ പാക്കുകള്‍ ആണെങ്കില്‍ മറ്റ് ചിലരെ സംബന്ധിച്ച് വാലിഡിറ്റി തന്നെയാണ് പ്രധാനം.അതിന്റെ കാരണം ഒരുപക്ഷേ ബിഎസ്എന്‍എല്‍ ഒരു രണ്ടാം സിം ആയി ഉപയോഗിക്കുന്നതിനാലാവാം.
അത്തരം സാഹചര്യങ്ങളില്‍ സിം കാലാവധി ചെറിയ തുകയ്ക്ക് നീട്ടിക്കിട്ടുന്ന പ്ലാനുകളാവും എല്ലാ ഉപയോക്താക്കളുടെയും മനസില്‍ വരിക.അവിടെയാണ് ബിഎസ്എന്‍എല്‍ വിജയം കാണുന്നതും.ചെറിയ നിരക്കില്‍ ഇത്തരത്തിലുള്ള പ്ലാനുകള്‍ അവതരിപ്പിച്ചാണ് ബിഎസ്എന്‍എല്‍ കൈയ്യടി നേടുന്നത്.അതിലൊരു പ്രധാന പ്ലാനാണ് 91 രൂപയുടെത്.താരതമ്യേന വിലകുറഞ്ഞ ഈ ബിഎസ്എന്‍എല്‍ പ്ലാന്‍ 60 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്.അത് തന്നെയാണ് ഈ ഓഫറിനെ ഒന്ന് കൂടി ജനപ്രിയമാക്കുന്നത്. ഈ പ്ലാനിന്റെ വിലയായി നല്‍കേണ്ടത് 91 രൂപയാണ്, ഇതില്‍ ഉപയോക്താക്കള്‍ക്ക് 60 ദിവസത്തെ വാലിഡിറ്റി ലഭിക്കും.
രണ്ട് മാസത്തെ വാലിഡിറ്റിക്ക് 91 എന്ന നിരക്ക് കണക്കാക്കുമ്പോള്‍ ഒരുമാസത്തേക്ക് 50 രൂപ ചിലവാകുന്നില്ല.മറ്റ് ടെലികോം കമ്പനികളായ റിലയന്‍സ് ജിയോ, എയര്‍ടെല്‍, വിഐ എന്നിവ ഈ വിലയില്‍ ഇത്രയധികം ആനുകൂല്യങ്ങള്‍ നല്‍കുന്നില്ല എന്നതാണ് ബിഎസ്എന്‍എലിന്റെ ഈ പ്ലാന്‍ വിപണിയില്‍ ഒരു ഗെയിം ചേഞ്ചര്‍ ആവുന്നത്.ഈ പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് മിനിറ്റിന് 15 പൈസ എന്ന നിരക്കില്‍ വോയ്‌സ് കോളുകള്‍ ലഭിക്കുന്നു. കുറഞ്ഞ ചെലവില്‍ നിങ്ങളുടെ സിം കാര്‍ഡ് ദീര്‍ഘകാലത്തേക്ക് സജീവമായി തുടരാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ ബിഎസ്എന്‍എല്‍ പ്ലാന്‍ തന്നെയാവും ഉചിതം.