- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓഹരി വിപണിയടക്കം വലിയ പ്രതീക്ഷയില്‍; ഉറ്റുനോക്കുന്നത് സമ്പന്നരുടെ മേലുള്ള അധികനികുതി; കേന്ദ്ര ബജറ്റ് ജനപ്രിയമാകുമോ?
ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമെന്ന പ്രതീക്ഷയില്‍ രാജ്യം. സാധാരണക്കാരും മാസ ശമ്പളക്കാരും അടങ്ങുന്ന മധ്യവര്‍ഗത്തിന് അനുകൂലമായി ആദായനികുതി ഘടനയില്‍ മാറ്റം വരുത്തി ഇളവ് പ്രഖ്യാപിക്കുമെന്നാണ് ഇത്തവണ പൊതുവെയുള്ള വിലയിരുത്തല്‍. വികസിതഭാരതം ലക്ഷ്യം വെച്ചുള്ള ജനകീയ ബജറ്റായിരിക്കും നാളെ അവതരിപ്പിക്കുക എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു. രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഒരുമിച്ച് പോരാടാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.
കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് തന്റെ ഏഴാമത്തെ ബജറ്റ് അവതരണമാണ് ഇത്തവണ നടത്തുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നതിനെത്തുടര്‍ന്ന് ഇടക്കാല ബജറ്റായിരുന്നു ഈ സാമ്പത്തിക വര്‍ഷത്തില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരി 1ാം തിയ്യതിയായിരുന്നു ബജറ്റ് അവതരണം. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ സര്‍ക്കാരിന്റെ പദ്ധതി ചിലവുകള്‍ കൈകാര്യം ചെയ്യുക എന്ന ലക്ഷ്യത്തിലാണ് ഇടക്കാല ബജറ്റ് അവതരണം നടന്നത്. നിലവില്‍ മൂന്നാം തവണയും നരേന്ദ്ര മോദിയുടെ നേതൃത്ത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് സമ്പൂര്‍ണ ബജറ്റ് അവതരണം നടക്കുന്നത്.
ബജറ്റിലെ പ്രതീക്ഷകള്‍ ഇങ്ങനെ
ഇത്തവണത്തെ ബജറ്റില്‍ ഓഹരി വിപണിയടക്കം വലിയ പ്രതീക്ഷകളാണ് പുലര്‍ത്തുന്നത്. രാജ്യത്തെ സാധാരണക്കാരും, ശമ്പള വരുമാനക്കാരുമെല്ലാം നികുതി ഘടനയില്‍ അടക്കം ആശ്വാസകരമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. ജി 20 ഉച്ചകോടിയില്‍ സമ്പന്നരുടെ മേല്‍ അധിക നികുതി ചുമത്തുന്നത് ചര്‍ച്ചയായിരുന്നു. അതിനാല്‍ തന്നെ സമ്പന്നരുടെ മേല്‍ അധിക നികുതി ചുമത്തി കൂടുതല്‍ വിഭവ സമാഹരണത്തിന് മോദി സര്‍ക്കാര്‍ മുതിരുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
സുസ്ഥിര വികസനം സാധ്യമാക്കുന്നതിന് വേണ്ടി കൃഷി, പുനരുപയോഗിക്കാന്‍ കഴിയുന്ന ഊര്ജ്ജോല്പ്പാദന പദ്ധതികള്‍ എന്നിവയ്ക്ക് ബജറ്റില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചേക്കും.കൂടാതെ നൈപുണ്യ വികസനം, വിദ്യാഭ്യാസം, തുടങ്ങിയ മേഖലകളെ കാലത്തിന് അനുസൃതമായി പരിഷ്കരിക്കുന്നതിന് ആവശ്യമായ ധനസഹായവും ബജറ്റില്‍ പ്രതീക്ഷിക്കാമെന്നും വിപണി വിദഗ്ധര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
റിയല്‍ എസ്റ്റേറ്റ്, വിദ്യാഭ്യാസം, ഹെല്‍ത്ത് കെയര്‍ അടക്കമുള്ള വിവിധ മേഖലകളും വലിയ പ്രഖ്യാപനങ്ങള്‍ക്കാണ് രാജ്യം കാതോര്‍ക്കുന്നത്.
റെയില്‍വെ, പ്രതിരോധം, ഊര്‍ജ്ജം, ഇ.വി സെക്ടര്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ബജറ്റ് വിഹിതം ലഭിക്കാനുള്ള സാധ്യതകളാണുള്ളത്. സ്വര്‍ണവിപണിക്ക് കരുത്തുപകരാന്‍ ഇറക്കുമതി ചുങ്കം 15 ശതമാനത്തില്‍ നിന്ന് 10 ശതമാനമാക്കി കുറയ്ക്കുമെന്ന് സ്വര്‍ണവ്യാപാരികള്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഇടംനേടുമെന്നാണ് വ്യവസായ സമൂഹത്തിന്റെ വലിയ പ്രതീക്ഷകളില്‍ ഒന്ന്.
അതേസമയം ധനമന്ത്രി നിര്‍മല സീതാരാമന്റെ മുന്‍ ബജറ്റുകള്‍ക്ക് സമാനമായി ഇത്തവണയും അടിസ്ഥാന സൗകര്യ വികസന മേഖലയ്ക്കായിരിക്കും കൂടുതല്‍ ഊന്നല്‍ നല്‍കുക എന്നാണ് ഒരു വിഭാഗത്തിന്റെ നിരീക്ഷണം. ഇതിനോടൊപ്പം ജനങ്ങള്‍ക്ക് ആശ്വാസം നല്കി സാമൂഹിക സുരക്ഷാ പദ്ധതികളും ബജറ്റില്‍ ഇടംനേടിയേക്കുമെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.
ബജറ്റ് അവതരണത്തിന്റെ നടപടി ക്രമങ്ങള്‍
രാവിലെ ഏകദേശം 8.40ന് കേന്ദ്ര ധനമന്ത്രി ഔദ്യോഗിക വസതിയില്‍നിന്ന് ധനമന്ത്രാലയത്തിലേക്ക് യാത്ര തിരിക്കും.9 മണിയോടെ കേന്ദ്ര ധനമന്ത്രാലയത്തിലെ ബജറ്റ് തയ്യാറാക്കിയ ഉദ്യോഗസ്ഥരോടൊപ്പം ഫോട്ടോ എടുക്കും.തുടര്‍ന്ന ബജറ്റ് അവതരണത്തിന് അനുമതി തേടി രാഷ്ട്രപതിയെ സന്ദര്‍ശിക്കും.രാവിലെ 11 മണിക്ക് ബജറ്റ് അവതരണം നടക്കും. ഏകദേശം 1 മണിയോടെ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് പ്രധാന മന്ത്രിയുടെ പ്രസംഗം നടക്കും.
കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്, സര്‍ക്കാരിന് കീഴിലുള്ള സന്‍സദ് ടി.വി, ദൂരദര്ശന്, സന്‍സദ് ടി.വി, ദൂരദര്ശന് എന്നിവയുടെ ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍, മറ്റ് മാധ്യമങ്ങള്‍ എന്നിവയില്‍ രാവിലെ മുതല്‍ ലൈവ് സ്ട്രീമിങ് ഉണ്ടാകും.ബജറ്റിന്റെ പി.ഡി.എഫ് ഫയല്‍ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍, കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
ബജറ്റ് അവതരണത്തിന് മുന്നോടിയായി ഇന്ന്, സാമ്പത്തിക സര്‍വേ അവതരിപ്പിച്ചു.രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച നടപ്പ് സാമ്പത്തിക വര്‍ഷം 6.5-7% എന്ന തോതില്‍ വളരുമെന്നാണ് സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടുന്നത്.