പത്തനംതിട്ട: നൂറുകണക്കിന് വിനോദസഞ്ചാരികൾ വരുന്ന ഗവി മേഖല. മഞ്ഞുപെയ്തിറങ്ങുന്ന ഗവിയിലെ ഡാം. ജലവൈദ്യുതി പദ്ധതി പ്രദേശങ്ങളായ പമ്പ, കക്കി, ആനത്തോട് ഡാം, ശബരിമലയുടെ ബേസ് ക്യാമ്പായ നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ട്, ശബരിമലയിലേക്കുള്ള പമ്പ-ചാലക്കയം റോഡ്. ഏറെ വിവാദമായ ബഫർസോൺ ഭൂപടത്തിൽ പതിഞ്ഞു കിടക്കുന്ന പ്രദേശങ്ങളാണിത്. ഏറെക്കാലമായി കാത്തിരുന്ന പട്ടയം ബഫർസോൺ കാരണം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമാകുമെന്ന അവസ്ഥയിലാണ് മലയോര നിവാസികൾ.

ചിറ്റാർ,സീതത്തോട്, പെരുനാട്, വെച്ചൂച്ചിറ പഞ്ചായത്തിലെ കൊല്ലമുള മേഖല എന്നിവയാണ് പത്തനംതിട്ട ജില്ലയിലെ ബഫർ സോൺ പഞ്ചായത്തുകൾ.ഏറ്റവും കൂടുതൽ ബാധിക്കുന്നത്-കൊല്ലമുള, കിസുമം, പമ്പാവാലി, തുലാപ്പള്ളി, നാറാണംതോട്, നിലയ്ക്കൽ, ഗവി പ്രദേശങ്ങളിലുള്ളവരെയാണ്. കിസുമം ഹയർ സെക്കൻഡറി സ്‌കൂൾ, അട്ടത്തോട് ട്രൈബൽ എൽ.പി. സ്‌കൂൾ, തുലാപ്പള്ളി സെന്റ് ജോർജ് എൽ.പി.എസ്, 10 അംഗൻവാടികൾ, ഫോറസ്റ്റ് ഓഫീസ്, തുലാപ്പള്ളി പോസ്റ്റ് ഓഫീസ്, ഗവ. ആയുർവേദ ഹോസ്പിറ്റൽ തുലാപ്പള്ളി, സർവീസ് സഹകരണ ബാങ്ക്, മിൽമ സൊസൈറ്റി, വനിതാ സഹകരണ സംഘം, നിലയ്ക്കൽ ഗവ. ഹോസ്പിറ്റൽ, നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ട്, ചാലക്കയം-പമ്പാ റോഡ്, വനമേഖലയിലൂടെയുള്ള ശബരിമല റോഡ്, ഗവി മേഖല, ഡാം, ശബരിഗിരി പദ്ധതിയുടെ പമ്പ, കക്കി, ആനത്തോട് ഡാമുകൾ എന്നിവയും സോണിൽ ഉൾപ്പെടുന്നു.

ബഫർസോൺ മാപ്പിൽ പതിഞ്ഞുവെന്ന ഒറ്റക്കാരണത്താൽ പട്ടയം നൽകുന്നതിൽ അനിശ്ചിതത്വം തുടരും. പത്തനംതിട്ട ജില്ലയിലെ 6362 കുടുംബങ്ങളുടെ 1970.041 ഹെക്ടർ സ്ഥലത്തിന് പട്ടയം നൽകണമെന്ന അപേക്ഷ ഇപ്പോഴും കേന്ദ്രാനുമതി കാത്തു കിടക്കുന്നു. കേന്ദ്രം ആവശ്യപ്പെട്ട നടപടിക്രമങ്ങൾ പൂർത്തീകരിച്ച് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിഗണനയ്ക്കായി സംസ്ഥാന സർക്കാരിന്റെ ശിപാർശയോടെ നൽകിയിട്ടുള്ള പട്ടയ അപേക്ഷകളിലാണ് തീരുമാനം വൈകുന്നത്. കഴിഞ്ഞ നിയമസഭ സമ്മേളനത്തിലും വിഷയം ഉന്നയിക്കപ്പെട്ടെങ്കിലും ശക്തമായ സമ്മർദം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്ന ആക്ഷേപം മലയോര കർഷകർക്കുണ്ട്.

പതിറ്റാണ്ടുകളായി പട്ടയത്തിനു വേണ്ടി കാത്തിരിക്കുന്നവരിൽ ഏറെയും റാന്നി, കോന്നി, മല്ലപ്പള്ളി താലൂക്കുകളിലെ കർഷകരാണ്. വനഭൂമിയിൽ നിന്നു വിദൂരങ്ങളിലുള്ള സ്ഥലങ്ങളിൽ പോലും പട്ടയത്തിനു വേണ്ടി കാത്തിരിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. വനം, റവന്യു വകുപ്പുകളുടെ സംയുക്ത പരിശോധന അടക്കം പൂർത്തീകരിച്ച് പട്ടയത്തിന് അർഹരെന്നു കണ്ടെത്തിയ കുടുംബങ്ങൾക്കു വേണ്ടിയുള്ള അപേക്ഷയാണ് ഏറ്റവുമൊടുവിൽ നൽകിയത്. മുൻപ് മൂന്നു തവണ കേന്ദ്രം ഓരോ കാരണങ്ങളാൽ അപേക്ഷ മടക്കിയിരുന്നു.

1977 ജനുവരി ഒന്നിനു മുമ്പ് മലയോര മേഖലയിൽ താമസിച്ച് കൃഷി ആരംഭിച്ചവരുടെ പട്ടയങ്ങളിലാണ് നടപടി ആവശ്യപ്പെട്ടിരുന്നത്. കോന്നി, റാന്നി താലൂക്കുകളിൽ പട്ടയത്തിനു വേണ്ടി അപേക്ഷിച്ചിട്ടുള്ള വില്ലേജുകൾ ഉപഗ്രഹ സർവേയിൽ ബഫർസോൺ മേഖലയിൽ കടന്നു കൂടിയിട്ടുണ്ട്. പമ്പാവാലി, പെരുനാട്, ചിറ്റാർ, സീതത്തോട് പ്രദേശങ്ങളിൽ നൂറുകണക്കിനാളുകൾ പട്ടയത്തിനു വേണ്ടി കാത്തിരിക്കുന്നു.

ഇവരുടെ പട്ടയങ്ങൾ ക്രമവത്കരിക്കുന്നതിനു സാങ്കേതിക തടസങ്ങൾ മുമ്പും ഉണ്ടായിരുന്നില്ല. വനംവകുപ്പ് ഉന്നയിച്ച തടസവാദങ്ങളാണ് പലയിടത്തും തീരുമാനം വൈകിപ്പിച്ചത്. ഭക്ഷ്യോത്പാദന ആവശ്യവുമായി ബന്ധപ്പെട്ട് സർക്കാർ തന്നെ ഭൂമി പതിച്ചു നൽകിയ പ്രദേശങ്ങളും ഇതിലുൾപ്പെടും. തലമുറകളായി ഇവരെല്ലാം ഈ ഭൂമിയിൽ അധ്വാനിച്ചു വരികയാണെങ്കിലും നട്ടുവളർത്തിയ മരം മുറിക്കാനോ വസ്തു പണയപ്പെടുത്തി വായ്പയെടുക്കാനോ അനുമതിയില്ലാതെ കർഷകർ ബുദ്ധിമുട്ടുകയാണ്. വനത്തോടു ചേർന്നു താമസിക്കുന്ന പ്രദേശങ്ങളിലെ കർഷകർക്ക് സ്വന്തം കൃഷിയിടങ്ങളിലെ മരം മുറിക്കുന്നതിനു പോലും തടസം നിലനിൽക്കുകയാണ്. പട്ടയഭൂമിയിൽ നിലനിൽക്കുന്ന പ്രതിസന്ധി ബഫർസോണിന്റെ പേരിൽ കുറെക്കൂടി രൂക്ഷമാകുമെന്ന ആശങ്കയിലാണ് കർഷകർ.

1964 ന് ശേഷം എൽ.എ പട്ടയം ലഭിച്ച കർഷകർക്കാണ് പ്രധാനമായും പ്രതിസന്ധിയുള്ളത്. പട്ടയം നൽകിയിരിക്കുന്ന സ്ഥലങ്ങളിൽ നിലവിലുള്ളതും ഇനി വളരുന്നതുമായ ഷെഡ്യൂൾ പ്രകാരം തേക്ക് , വീട്ടി, ചന്ദനം ഉൾപ്പെടെയുള്ള 10 ഇനം മരങ്ങൾ സർക്കാരിന്റെ ഉടമസ്ഥതയിൽ ആയിരിക്കുമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മുട്ടിൽ മരംമുറിക്കേസിനു ശേഷം കർശനമാക്കിയ ഈ നിബന്ധനയുടെ മറവിലാണ് കർഷക ഭൂമിയിലെ മരങ്ങൾ മുറിക്കുന്നതിൽ അനുമതി നിഷേധിച്ചു തുടങ്ങിയത്.

ബഫർസോണുമായി ഒരു ബന്ധവുമില്ലാത്ത ചിറ്റാർ ഉപഗ്രഹ സർവേയിൽ പരിസ്ഥിതി ലോലമായതെങ്ങനെയെന്ന് ആരായുകയാണ് നാട്ടുകാർ. റാന്നി, കോന്നി വനമേഖലയുടെ അതിർത്തികൾ ചിറ്റാർ വില്ലേജിനുണ്ടെങ്കിലും സംരക്ഷിത മേഖലകളുമായി ഇതിനു യാതൊരു ബന്ധവുമില്ല. തോട്ടം മേഖലകൾ ഉൾപ്പെടുന്ന ചിറ്റാറിനെ ഉപഗ്രഹ സർവേയിൽ വിശാലമായ വനപ്രദേശമാണെന്നു തോന്നുമെന്നതിനാലാകം ബഫർസോണിൽപ്പെടുത്തിയതെന്നാണ് ഇപ്പോൾ പ്രദേശവാസികളുടെ സംശയം. പതിറ്റാണ്ടുകൾക്കു മുമ്പുമുതൽ താമസം തുടങ്ങി കൃഷി നടത്തിയവരുടെ പിൻതലമുറയാണ് ചിറ്റാറിൽ ഇപ്പോഴുള്ളത്. ഭക്ഷ്യോത്പാദന ആവശ്യങ്ങൾക്കെന്ന പേരിൽ ആറു പതിറ്റാണ്ടു മുൻപ് ആളുകളെ താമസിപ്പിച്ച പ്രദേശങ്ങളും ഇക്കൂട്ടത്തിലുണ്ട്.

ചിറ്റാറിലെ തോട്ടം മേഖലയിലാണ് വനമേഖലയധികവും അതിർത്തി പങ്കിടുന്നത്. കാരിക്കയം, മണിയാർ പ്രദേശങ്ങളിലും വനമുണ്ട്. എന്നാൽ കടുവ സംരക്ഷണ മേഖലയുമായി കിലോമീറ്ററുകൾക്കപ്പുറത്താണ് ഈ പ്രദേശം, സാധാരണ വനമേഖലയിൽ നിന്ന് ഒരു കിലോമീറ്റർ ആകാശദൂരം അളക്കുകയാണെങ്കിൽ മാത്രം പരിസ്ഥിതിലോലമാകുന്ന പ്രദേശങ്ങളെന്നു ചുരുക്കം. വനമേഖലയുടെ സംരക്ഷകരായി തന്നെയാണ് പ്രദേശവാസികൾ ഇക്കാലയളവ് അത്രയും ജീവിച്ചത്. കാട്ടിൽ നിന്നുള്ള മൃഗങ്ങളുടെ ശല്യം ദിവസവും അനുഭവിക്കുന്നവരാണിവർ.

തോട്ടം മേഖലയിലുൾപ്പെടെ പട്ടയ പ്രശ്നങ്ങൾ നിലനിൽക്കുന്ന പ്രദേശങ്ങളുമാണിവിടം. തോട്ടം ഭൂമിയുടെ സർവേയും പട്ടയ പ്രശ്നവുമൊക്ക പരിഹാരമില്ലാതെ കാലങ്ങളായി തുടരുന്നതിനിടെയാണ് ഇപ്പോൾ ബഫർസോൺ ഭീഷണി ഉയർന്നിരിക്കുന്നത്.