- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2006ല്‍ കളക്ഷന്‍ ഏജന്റിനെ കൊന്ന് കവരാന്‍ ശ്രമിച്ചത് 20 ലക്ഷം; ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ കോടാലി ശ്രീധരന്‍ ഗ്യാങിലെ മൂന്നാമന് ഒളിവില്‍ ഇരുന്നും മോഷണവും കള്ളപ്പണ തട്ടിപ്പും തുടര്‍ന്നു; 2017-ല്‍ ഒറ്റപ്പാലത്തെ ബാങ്ക് ഓഫ് ബറോഡയുടെ എടിഎം കവര്‍ച്ച ചെയ്ത 'റോബിന് ഹുഡ്'; 19 കൊല്ലത്തെ ഒളി ജീവിതം തകര്‍ത്ത് കുറ്റിപ്പുറം ഓപ്പറേഷന്; ബുള്ളറ്റ് കണ്ണന്‍ കുടുങ്ങിയ കഥ
കുറ്റിപ്പുറം: ജാമ്യത്തിലിറങ്ങി മുങ്ങിയ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ 19 വര്‍ഷത്തിനുശേഷം കുറ്റിപ്പുറം പോലീസ് പിടികൂടി. തൃശ്ശൂര്‍ ഒല്ലൂര്‍ സ്വദേശി പുളിക്കത്തറ വീട്ടില്‍ ജയകുമാര്‍ എന്ന ബുള്ളറ്റ് കണ്ണനെയാണ് പാലക്കാട് ജില്ലയിലെ വാണിയംകുളത്തിനു സമീപം പത്തംകുളത്ത് ഒളിവില്‍ താമസിക്കുന്നതിനിടെ പിടികൂടിയത്. വ്യാജ മേല്‍വിലാസത്തിലായിരുന്നു ഇയാളുടെ താമസം. രഹസ്യ വിവരമായിരുന്നു അറസ്റ്റില്‍ നിര്‍ണ്ണായകമായത്.
2006ല്‍ കുറ്റിപ്പുറത്തിനടുത്ത് നടക്കാവില്‍ വെച്ച് എറണാകുളം കള്ളിയത്ത് സ്റ്റീല്‍സിന്റെ കളക്ഷന്‍ ഏജന്റ് വളാഞ്ചേരി ആതവനാട് സ്വദേശി ശിഹാബിനെ വെട്ടിക്കൊലപ്പെടുത്തി 20 ലക്ഷത്തിലധികം രൂപ കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രധാന പ്രതിയാണ് ഇയാള്‍. ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയശേഷം വിവിധ ജില്ലകളില്‍ പല പേരുകളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പ്രതിയെ ഏറെ പരിശ്രമത്തിനൊടുവിലാണ് പിടികൂടാന്‍ കഴിഞ്ഞത്.
കുപ്രസിദ്ധ ഗുണ്ടാതലവന്‍ കോടാലി ശ്രീധരന്റെ പ്രധാന കൂട്ടുപ്രതിയായ ജയകുമാര്‍ പത്തനംതിട്ട, മലപ്പുറം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലായി നാല്പതോളം കേസുകളിലെ പ്രതിയാണ്. 2000-ല്‍ ഒല്ലൂരില്‍വെച്ച് ബസില്‍നിന്ന് സ്വര്‍ണം കവര്‍ന്ന കേസിലും തൃശ്ശൂര്‍ നഗരത്തില്‍ വയോധികയുടെ മാല പൊട്ടിച്ച കേസിലും പത്തനംതിട്ടയില്‍ സ്വര്‍ണക്കവര്‍ച്ച നടത്തിയ കേസിലും 2017-ല്‍ ഒറ്റപ്പാലത്തെ ബാങ്ക് ഓഫ് ബറോഡയുടെ എടിഎം കവര്‍ച്ച ചെയ്ത കേസിലും ഇയാള്‍ പ്രതിയാണ്.
മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം കുറ്റിപ്പുറം സ്റ്റേഷന്‍ എസ്എച്ച്ഒ നൗഫല്‍, എസ്ഐമാരായ ഗിരി, സുധീര്‍, ഡാന്‍സാഫ് ടീമിലെ എഎസ്ഐ രാജേഷ്, കുറ്റിപ്പുറം സ്റ്റേഷനിലെ എസ്സിപിഒ ജോണ്‍സന്‍, ഫൈസല്‍, ഡെന്നീസ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
കുപ്രസിദ്ധ ക്രിമിനലായ കോടാലി ശ്രീധരനെ കഴിഞ്ഞ വര്‍ഷം പോലീസ് പിടികൂടിയിരുന്നു. തൃശൂര്‍ കൊരട്ടിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിന് നേരെ ശ്രീധരന്‍ തോക്ക് ചൂണ്ടിയത് അടക്കം വാര്‍ത്തയായിരുന്നു. കേരളത്തില്‍ മാത്രം 33 കേസുകളിലെ പ്രതിയായ ഇയാളെ കുറേക്കാലമായി പൊലീസ് അന്വേഷിച്ചുവരികയാണ്. പാലിയേക്കര മുതല്‍ പിന്തുടരുകയും കൊരട്ടിയില്‍ വച്ച് പിടിയിലാവുകയായിരുന്നു. 2010ന് ശേഷം ഇയാളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇതോടെ കോടാലി ശ്രീധരനെ പിടികൂടാന്‍ പ്രത്യേകസംഘത്തെയും കേരള പൊലീസ് രൂപീകരിച്ചിരുന്നു. ഈ സംഘം വ്യാപകമായി തെരച്ചില്‍ നടത്തിവരവെയാണ് കഴിഞ്ഞ വര്‍ഷം പിടിയിലായത്.
പിടികൂടുന്നതിനിടെ പൊലീസിനു നേരെ നിറതോക്ക് ചൂണ്ടിയെങ്കിലും വളരെ ശ്രമപ്പെട്ട് പ്രതിയെ കീഴടക്കുകയായിരുന്നു. കേരളം കൂടാതെ തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലും ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. കര്‍ണാടക പൊലീസ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ശ്രീധരന്‍ അധോലോകത്തിലെ മൂന്നാമനാണ് ഇപ്പോള്‍ അകത്തായ ബുള്ളറ്റ് കണ്ണന്‍. ശ്രീധരന്റെ മകനായിരുന്നു ഈ സംഘത്തിലെ രണ്ടാമന്‍. ഇയാളെ ഹൈടെക് കള്ളനാണെന്നാണ് അറിയപ്പെടുന്നത്.
ജന്മസ്ഥലമായ വെള്ളിക്കുളങ്ങര കോടാലിയില്‍ ശ്രീധരനെത്തിയെന്ന വിവരം ലഭിച്ച കൊരട്ടി പൊലീസ് നടത്തിയ തിരച്ചിലിലാണ് ശ്രീധരന്‍ വലയിലായത്. കാറില്‍ യാത്ര ചെയ്തിരുന്ന ശ്രീധരനെ പാലിയേക്കര മുതല്‍ പിന്തുടര്‍ന്നാണ് കൊരട്ടി ജങ്ഷനില്‍നിന്ന് പിടികൂടിയത്. മകനും അന്ന് പോലീസ് പിടിയിലായി. കുഴല്‍പ്പണ സംഘങ്ങളെ ഹൈവേയില്‍ കവര്‍ച്ച ചെയ്യുന്നതാണ് ശ്രീധരന്റെ രീതി. 40 കോടിയിലേറെ രൂപ ശ്രീധരനും സംഘങ്ങളും തട്ടിയെടുത്തിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. കുഴല്‍പ്പണ സംഘത്തിനുള്ളില്‍ നുഴഞ്ഞുകയറുന്ന ശ്രീധരന്റെ സംഘാംഗങ്ങള്‍ ഒറ്റുകാര്‍ക്ക് 40 ശതമാനത്തിലേറെ തുക ഓഫര്‍ ചെയ്യും. ഒറ്റുകാര്‍ വഴി പണം കൊണ്ടുവരുന്ന വഴി മനസ്സിലാക്കി പൊലീസ് വേഷത്തിലെത്തിയാണ് കവര്‍ച്ച.
പണം തട്ടിയത് പൊലീസല്ലെന്ന് കുഴല്‍പ്പണ കടത്തുകാര്‍ക്ക് മനസ്സിലാവുമ്പോഴേക്കും ശ്രീധരനും കൂട്ടാളികളും രക്ഷപ്പെട്ടിരിക്കും. ഇതേ തന്ത്രമായിരുന്നു ബുള്ളറ്റ് കണ്ണന്റേതും. കോടാലിയുടെ നിരവധി ഓപ്പറേഷനുകള്‍ക്ക് ഇയാള്‍ മുന്നില്‍ നിന്നിട്ടുണ്ട്.