കൊച്ചി: എറണാകുളം വള്ളുവള്ളി അത്താണിയില്‍ സ്വകാര്യബസ് മരത്തിലിടിച്ചത് അനാസ്ഥയുടെ ബാക്കി പത്രം. മരത്തില്‍ ഇടിച്ചു ബസ് നിന്നതു കൊണ്ടാണ് വലിയ അപകടമൊഴിവായത്. ഗുരുവായൂരില്‍നിന്ന് എറണാകുളത്തേക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടസ്ഥലത്തിന് ഏതാണ്ട് അര കിലോമീറ്റര്‍ മുമ്പ് എഞ്ചിന്റെ ഭാഗത്തുനിന്ന് എന്തോ ശബ്ദം കേട്ടിരുന്നു. ബസ് നിര്‍ത്തി പരിശോധിക്കാമെന്ന് പറഞ്ഞെങ്കിലും എറണാകുളത്തെത്തിയ ശേഷം നോക്കാമെന്ന് കണ്ടക്ടര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ യാത്ര തുടരുകയായിരുന്നു. എഞ്ചിന്റെ ഭാഗത്ത് നിന്നും ശബ്ദം കേട്ടിട്ടും പരിശോധന നടത്തിയില്ലെന്നത് ഗുരുതര വീഴ്ചയാണ്.

വാഹനം വളച്ചപ്പോള്‍ സ്റ്റിയറിങ് തിരിഞ്ഞെങ്കിലും ബസ് തിരിഞ്ഞില്ല എന്നാണ് ഡ്രൈവര്‍ രക്ഷാപ്രവര്‍ത്തകരോട് പറഞ്ഞത്. വാഹനം വലതുഭാഗത്തേക്കാണ് ഇടിച്ചുകയറിയതെങ്കിലും ഈ സമയത്ത് ഇവിടെ മറ്റുവാഹനങ്ങളൊന്നും ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. അപകടത്തില്‍ 38 പേര്‍ക്ക് പേര്‍ക്ക് പരിക്കേറ്റു. രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്. പല യാത്രക്കാരും ഉറക്കത്തിലുമായിരുന്നു. ഗുരുവായൂരില്‍നിന്ന് പറവൂര്‍ വഴി വൈറ്റിലയിലേക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. എറണാകുളം, ഇടപ്പള്ളി, പറവൂര്‍ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചത്.

ഡ്രൈവര്‍ക്ക് പുറത്തിറങ്ങാനാവുന്നുണ്ടായിരുന്നില്ലെന്നും യാത്രക്കാര്‍ക്കുവേണ്ടിയുള്ള ഡോറും ജാമായി കിടക്കുകയായിരുന്നുവെന്നും സമീപവാസി പ്രതികരിച്ചു. ഏറെ പണിപ്പെട്ടാണ് കണ്ടക്ടര്‍ ആ ഡോര്‍ തുറന്നത്. യാത്രക്കാരില്‍ പലര്‍ക്കും ശരിയായി പുറത്തിറങ്ങാന്‍ പറ്റുന്നുണ്ടായിരുന്നില്ല. മിക്കവരുടേയും കാലൊടിഞ്ഞിരുന്നു. ഡ്രൈവറെ രക്ഷപ്പെടുത്താന്‍ ഗ്രില്ലിലൂടെ അതിനകത്തേക്ക് കയറി. സ്റ്റിയറിങ് യൂണിറ്റ് മൊത്തം ഡ്രൈവറുടെ കാലിലേക്ക് ഇരുന്നുപോയിരുന്നു. എന്നാല്‍ അയാളുടെ ബോധം പോയിരുന്നില്ല. സ്റ്റിയറിംഗ് പെട്ടെന്ന് സ്റ്റക്കായെന്നാണ് വിവരം.

അതേസമയം ബസിന്റെ ടയറുകള്‍ തേഞ്ഞ് തീര്‍ന്ന് കമ്പി പുറത്തുകാണുന്ന നിലയിലായിരുന്നു. ബസിന്റെ ഫിറ്റ്‌നസ് സംബന്ധിച്ചും ആശങ്ക ഉയര്‍ന്നിട്ടുണ്ട്. യാത്രയ്ക്കിടെ സ്റ്റിയറിങിന്റെ ഭാഗങ്ങള്‍ അഴിഞ്ഞ് വീണുവെന്നാണ് സംശയം. രിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 24 പേര്‍ ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലാണ്.