കോഴിക്കോട്: കഴിഞ്ഞ ദിവസമാണ് കോഴിക്കോടിനെ ഞെട്ടിച്ച വാഹനാപകടം ഉണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ കടുത്ത നടപടി അധികൃതർ എടുത്തിരിക്കുകയാണ്. കോഴിക്കോട് അരയിടത്ത് പാലത്തെ ബസ് അപകടത്തിൽ കേസെടുത്ത് മെഡിക്കൽ കോളേജ് പോലീസ്.

ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. കൊണ്ടോട്ടിയിലെ ആശുപത്രിയിൽ നിന്നാണ് മുഹമ്മദ് ജംഷീറിനെ കസ്റ്റഡിയിലെടുത്തത്. അപകടത്തിന് പിന്നാലെ ഇയാൾ മറ്റൊരിടത്തേക്ക് മാറുകയായിരുന്നു. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബസ് തിരക്കുള്ള റോഡിൽ അശ്രദ്ധപൂർവം ഓടിച്ച്. അലക്ഷ്യമായും അപകടം വരുത്തുവിധവും വാഹനം ഓടിച്ചെന്നാണ് കേസ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മുഹമ്മദ്‌ സാനിഹ് ഇന്ന് മരിച്ചു. ബസിനു മുന്നിലുണ്ടായിരുന്ന ബൈക്കിലെ യാത്രക്കാരനായിരുന്നു സാനിഹ്.

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ രാവിലെയാണ് മരണം. ഇന്നലെ വൈകിട്ട് നാലെ കാലോടെ നിയന്ത്രണം വിട്ട് ബസ്മറിഞ്ഞാണ് അപകടം ഉണ്ടായത്. അപകടത്തിൽ 50ൽ അധികം പേർക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു.

മെഡിക്കല്‍ കോളേജ് റൂട്ടില്‍ ഓടുന്ന കെഎല്‍ 12 സി 6676 ബസാണ് മറിഞ്ഞത്. അമിത വേഗതയിലെത്തിയ ബസ് അരയിടത്തുപാലം അവസാനിക്കുന്ന ഭാഗത്ത് വച്ച് നിയന്ത്രണം വിട്ട് മറിഞ്ഞെന്നാണ് വിവരം. തൊട്ടടുത്തുള്ള ആശുപത്രിയിലാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

പൊലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തി. ഗതാഗതം സുഗമമാക്കാന്‍ ബസ് ഇവിടെ നിന്ന് മാറ്റാനുള്ള ശ്രമം തുടങ്ങി. പരുക്കേറ്റവരടക്കം യാത്രക്കാരെയെല്ലാം ഇവിടെ നിന്ന് മാറ്റിയിട്ടുണ്ട്. ഒട്ടേറെ യാത്രക്കാര്‍ ബസിലുണ്ടായിരുന്നുവെന്നാണു വിവരം. ബസ് ഉയര്‍ത്താനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.

ഗോകുലം മാള്‍ ഓവര്‍ ബ്രിഡ്ജിന് സമീപമാണ് അപകടം നടന്നത്. പാളയം ബസ് സ്റ്റാന്‍ഡില്‍നിന്ന് അരീക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സാണ് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തുവെച്ച് മറിഞ്ഞത്. ബസ് അതിവേഗതയിലായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ബസ് മറ്റൊരു വാഹനത്തില്‍ തട്ടി മീഡിയനില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് ബസില്‍ യാത്രചെയ്ത ആളുകളില്‍നിന്ന് ലഭിക്കുന്ന വിവരം. ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.