തിരുവനന്തപുരം: അവസാന മിനുക്കു പണികളിലൂടെ ആ ശില്‍പ്പത്തെ അച്യുതമേനോനാക്കി മാറ്റി. ഇതോടെ സിപിഐയെ ഉലച്ച പ്രതിമാ വിവാദവും തീരുകയാണ്. സി അച്യുതമേനോന്റെ മകനും പ്രതിമയ്ക്ക് ഇപ്പോള്‍ നൂറില്‍ നൂറു മാര്‍ക്ക് നല്‍കുന്നു. ശില്‍പം കണ്ടു. രൂപസാദൃശ്യ വിവാദത്തിന് ഇനി സാധ്യതയില്ല. പാര്‍ട്ടിയിലെ നേതാക്കള്‍ക്കും ശില്‍പം ബോധ്യപ്പെട്ടതായി അറിയാം.- ഡോ.വി.രാമന്‍കുട്ടി പറയന്നു. പ്രതിമയുമായി ബന്ധപ്പെട്ട് നേരത്തെ ഡോ വി രാമന്‍കുട്ടി ഇട്ട പോസ്റ്റ് ഏറെ ചര്‍ച്ചയായിരുന്നു.

അച്യുതമേനോന്റെ ശില്‍പത്തിന് അദ്ദേഹവുമായി രൂപസാദൃശ്യമില്ലെന്ന വിവാദം വിഷമിപ്പിച്ചതായി ഉണ്ണി കാനായി പറഞ്ഞു. 'പൂര്‍ണമാകാത്ത ശില്‍പം കാണാനെത്തിയ ചിലരായിരുന്നു വിവാദത്തിനു പിന്നില്‍. പിന്നീട് മറ്റു പലരും ഏറ്റെടുത്തു. എന്റെ ഒരു വര്‍ഷത്തെ പരിശ്രമം പാഴാവുകയാണല്ലോ എന്നു തോന്നി. ഒടുവില്‍ അച്യുതമേനോന്റെ ശില്‍പം കാണാനെത്തിയ മകന്‍ ഡോ.വി.രാമന്‍കുട്ടി തൃപ്തി അറിയിച്ചപ്പോഴാണ് സമാധാനമായത്.'-ഉണ്ണി കാനായി പറഞ്ഞു. ശില്‍പകല ശാസ്ത്രീയമായി പഠിച്ചിട്ടില്ലാത്ത ഉണ്ണി കാനായി നേരത്തേ നിര്‍മാണ തൊഴിലാളിയായിരുന്നു.

അച്യുതമേനോന്റെ ശില്‍പം തിരുവനന്തപുരത്ത് വേണമെന്ന ആവശ്യം 32 വര്‍ഷത്തിനു ശേഷമാണു നിറവേറുന്നത്. മ്യൂസിയത്തിന് എതിര്‍വശം ശ്രീനാരായണ ഗുരു പാര്‍ക്കിന് സമീപമാണ് 10 അടി ഉയരമുള്ള പൂര്‍ണകായ ശില്‍പം ഒരുക്കുന്നത് പയ്യന്നൂര്‍ സ്വദേശി ഉണ്ണി കാനായിയാണ്. തിരുവനന്തപുരം നഗരത്തില്‍ ഉണ്ണി കാനായിയുടെ ആറാമത്തെ ശില്‍പമാണിത്. സംസ്ഥാനത്ത് 50 ലേറെ ശില്‍പങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിനു വേണ്ടി ഇന്ത്യയിലെ ഏറ്റവും വലിയ ശിവ ശില്‍പം, ഗുരുവായൂര്‍ മഞ്ജുളാല്‍ തറയില്‍ സ്ഥാപിക്കുന്ന ഗരുഡ ശില്‍പം എന്നിവയുടെ നിര്‍മാണത്തിലാണ്. കൊല്ലത്തെ ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തിലേക്ക് ഗുരുവിന്റെ 8 അടി ഉയരമുള്ള വെങ്കല ശില്‍പവും അവസാന ഘട്ടത്തിലാണ്.

കേരളത്തെ വികസനപാതയില്‍ നയിച്ച മുഖ്യമന്ത്രിയായ അച്ചുതമേനോന് തലസ്ഥാനത്ത് ഉചിത സ്മാരകം ഇല്ലെന്ന പരാതിക്ക് പരിഹാരമായി 32 വര്‍ഷത്തിനു ശേഷമാണ് പ്രതിമ സ്ഥാപിക്കപ്പെടുന്നത്. പ്രതിമയുടെ മെഴുകുരൂപം കണ്ട മകന്‍ ഡോ.വി.രാമന്‍കുട്ടി ചില നിര്‍ദ്ദേശങ്ങള്‍ കൂടി നല്‍കിയതായും നിര്‍മ്മാണ സമയത്ത് വാര്‍ത്തകളെത്തി. നിര്‍മ്മാണത്തിന്റെ ചുമതല വഹിച്ചിരുന്ന മന്ത്രി ജി.ആര്‍.അനില്‍ ആദ്യവസാനം മേല്‍നോട്ടം നല്‍കിയിരുന്നു. പഴയ ബ്ലാക്ക് വൈറ്റ് ഫോട്ടോകള്‍ ആശ്രയിച്ചാണ് ഉണ്ണി കാനായി അച്ചുതമേനോന്റെ പൂര്‍ണകായ വെങ്കലശില്‍പം നിര്‍മ്മിച്ചത്.

കെ.കരുണാകരന്റെ പ്രതിമയ്ക്ക് എതിര്‍വശത്തും ശ്രീനാരായണ ഗുരുവിന്റെ പ്രതിമയോടു ചേര്‍ന്നുമാണ് അച്ചുതമേനോന്റെ പ്രതിമ സ്ഥാപിക്കുന്നത്. വെങ്കല ശില്‍പത്തിന് കരിങ്കല്‍ നിറമാണ് നല്‍കിയിരിക്കുന്നത്. മുറിക്കൈ ഷര്‍ട്ട്,കണ്ണട, കയ്യില്‍ വാച്ച് ധരിച്ചാണ് ശില്‍പം. പത്തടി ഉയരം. 900 കിലോ വെങ്കലം ഉപയോഗിച്ചു. 50 ലക്ഷം രൂപയിലേറെ ചെലവിട്ട് സി.അച്യുതമേനോന്‍ ഫൗണ്ടേഷനാണ് പ്രതിമ നിര്‍മിക്കുന്നത്.

ലളിത ജീവിതം നയിച്ച അച്ചുതമേനോന്റെ ആദര്‍ശത്തിന് വിരുദ്ധമാണ് പ്രതിമ നിര്‍മ്മാണമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ വാദം. ഇതിനിടെയാണ് പ്രതിമയ്ക്ക് മുഖച്ഛായ ഇല്ലെന്ന വസ്തുതയും ചര്‍ച്ചകള്‍ എത്തിയത്. അതിനിടെ പ്രതിമ പൂര്‍ത്തിയാകുന്നു. വിവാദവും ഏതാണ്ട് തീര്‍ന്നു.