മാനന്തവാടി: മുത്തങ്ങ വെടിവെപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികരണവുമായി എ കെ ആന്റണി രംഗത്തുവന്നതോടെ വെടിവെപ്പ് വിവാദം വീണ്ടും കേരളത്തിലെ പൊതുമണ്ഡലത്തില്‍ ചര്‍ച്ചയാകുന്നു. മുത്തങ്ങ വെടിവെപ്പില്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും മാപ്പ് അര്‍ഹിക്കുന്നില്ലെന്ന് സി.കെ ജാനു പ്രതികരിച്ചു. ഇപ്പോഴും ഭൂമി ആദിവാസികള്‍ക്ക് ലഭിച്ചിട്ടില്ല. അതിന് പരിഹാരം ലഭിച്ചാലേ മാപ്പ് നല്‍കാന്‍ കഴിയൂ

താന്‍ ഉള്‍പ്പെടെയുള്ള ആദിവാസി സമൂഹം അനുഭവിച്ച മര്‍ദനത്തിന് എന്താണ് മറുപടിയെന്നും സി.കെ ജാനു ചോദിച്ചു. എ.കെ ആന്റണിക്ക് വൈകിയ വേളയിലെങ്കിലും തിരിച്ചറിവ് വന്നത് നല്ലതാണെന്നും സി.കെ ജാനു പറഞ്ഞു. ആദിവാസികള്‍ നേരിട്ട കൊടിയ പീഡനം മറക്കാന്‍ കഴിയില്ലെന്നും ആദിവാസിയുടെ ഭൂമിക്ക് മോലെയുള്ള പരിഹാരമാണ് വേണ്ടതെന്നും ജാനു ആവശ്യപ്പെട്ടു.

മുത്തങ്ങയിലെ പൊലീസ് നടപടിയില്‍ എ.കെ ആന്റണിക്ക് പശ്ചാത്താപം തോന്നിയത് നല്ല കാര്യമാണ്. പക്ഷെ അദ്ദേഹത്തിന്റെ മാപ്പ് കൊണ്ട് കാര്യമില്ല. വൈകിയ വേളയിലുള്ള കുമ്പസാരം കൊണ്ട് കാര്യമില്ല. മുത്തങ്ങാ സമരത്തില്‍ മരിച്ചവര്‍ക്ക് മാത്രമാണ് കേസില്ലാതായത്. ബാക്കിയുള്ളവര്‍ ഇപ്പോഴും കോടതി കയറി ഇറങ്ങുകയാണ്.

അതിനൊപ്പം മുത്തങ്ങ സംഭവത്തെ കുറിച്ച് അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത നരിവേട്ട സിനിമയെ വിമര്‍ശിച്ചും സി.കെ. ജാനു സംസാരിച്ചു. മുത്തങ്ങ ഭൂസമരത്തെ സിനിമ തെറ്റായി വ്യാഖ്യാനിച്ചു. സമരകാലത്തെ ആദിവാസി ജീവിതത്തെ ശരിയായ രീതിയിലല്ല സിനിമയില്‍ കാണിച്ചത്. ആളുകളെ സംരക്ഷിക്കുന്ന ഒരു ഇടപെടലും പൊലീസ് നടത്തിയില്ല.സര്‍ക്കാറിനെ സംരക്ഷിക്കുന്ന തരത്തിലാണ് സിനിമയുള്ളതെന്നും' ജാനു പറഞ്ഞു.

ശിവഗിരി, മുത്തങ്ങ സംഭവങ്ങളില്‍ ദുഃഖമുണ്ടെന്നായിരുന്നു എ.കെ ആന്റണി ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ആദിവാസികള്‍ക്ക് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭൂമി കൊടുത്തത് താനാണ്. മുത്തങ്ങ സമരക്കാലത്ത് അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സഭയില്‍ പറഞ്ഞത് പഞ്ചസാരയും മണ്ണെണ്ണയും ഒഴിച്ച് 20 ആദിവാസികളെ കത്തിച്ചു എന്നാണ്. മുത്തങ്ങ ദേശീയ വന്യജീവി സങ്കേതമാണ്.

ആദിവാസികള്‍ ആദ്യം കുടില്‍ കെട്ടിയപ്പോള്‍ എല്ലാവരും അവരെ ഇറക്കിവിടണമെന്ന് പറഞ്ഞു. പൊലീസ് ആക്ഷന്‍ ഉണ്ടായപ്പോള്‍ മാധ്യമങ്ങളും ചില രാഷ്ട്രീയ പാര്‍ട്ടികളും നിലപാട് മാറ്റി. മുത്തങ്ങ സംഭവത്തെ കുറിച്ച് സിബിഐ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമൈന്നും ആന്റണി ആവശ്യപ്പെട്ടു. ആ റിപ്പോര്‍ട്ടും സര്‍ക്കാര്‍ പ്രസിദ്ധീകരിക്കണമെന്നും എ.കെ ആന്റണി ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

പഞ്ചസാരയും മണ്ണെണ്ണയും ഉപയോഗിച്ച് ആന്റണി പൊലീസ് ആദിവാസികളെ കത്തിച്ചുകൊന്നു എന്നാണ് അന്നത്തെ പ്രതിപക്ഷ നേതാവ് പറഞ്ഞത്. ആദിവാസി സമരത്തിന്റെ പേരില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് സിബിഐ അന്വേഷിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് എന്താണ്? അതില്‍ ആരെയാണ് കുറ്റപ്പെടുത്തിയത്? ആര്‍ക്കെതിരെയാണ് നടപടി ആവശ്യപ്പെട്ടിട്ടുള്ളത്? ആ റിപ്പോര്‍ട്ടും പ്രസിദ്ധീകരിക്കണമെന്നും ആന്റണി അവശ്യപ്പെട്ടു. എന്തുകൊണ്ട് തുടര്‍ന്നുവന്ന വിഎസ് പിണറായി സര്‍ക്കാരുകള്‍ മുത്തങ്ങയില്‍ ആദിവാസികളെ വീണ്ടും താമസിപ്പിക്കാന്‍ ശ്രമിച്ചില്ലെന്നും, അതിനു സാധ്യമല്ല എന്ന് ആ സര്‍ക്കാരുകള്‍ക്കും ബോധ്യമുണ്ടെന്നും ആന്റണി പറഞ്ഞിരുന്നു.