ന്യൂഡല്‍ഹി: കേന്ദ്ര വഖഫ് ബില്‍ പാര്‍ലമെന്റിലേക്ക് നീങ്ങുന്നു. സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) നിര്‍ദ്ദേശിച്ച വിവിധ ഭേദഗതികള്‍ ഉള്‍പ്പെടുത്തിയ പുതുക്കിയ വഖഫ്ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഇതോടെ ബജറ്റ് സമ്മേളത്തിന്റെ രണ്ടാംഘട്ടത്തില്‍ ബില്‍ പാര്‍ലമെന്റിന് മുന്നിലെത്തുമെന്നാണ് വിവരം. വഖഫ് ബോര്‍ഡില്‍ അമുസ്ലിങ്ങളെ ഉള്‍പ്പെടുത്തുന്നതും നിയമത്തിന്റെ പേര് മാറ്റുന്നതും അടക്കമുള്ള ബി.ജെ.പി. അംഗങ്ങളുടെ 14 ഭേദഗതികള്‍ ചേര്‍ത്തുള്ളതാണ് പുതുക്കിയ ബില്‍.

പ്രതിപക്ഷ അംഗങ്ങളുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചായിരുന്നു ബില്‍ ജെപിസിയില്‍ അംഗീകരിച്ചത്. ഫെബ്രുവരി 13ന് ബിജെപി എംപി ജഗദംബിക പാല്‍ നേതൃത്വം നല്‍കുന്ന ജെപിസി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കോണ്‍ഗ്രസ്, ഡി.എം.കെ., ടി.എം.സി., എ.എ.പി., ശിവസേന-യു.ബി.ടി., മജ്ലിസ് പാര്‍ട്ടി അംഗങ്ങള്‍ നിര്‍ദേശിച്ച ഭേദഗതികള്‍ തള്ളിയായിരുന്നു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

14 മാറ്റങ്ങളാണ് ബില്ലില്‍ നിഷ്‌കര്‍ഷിക്കുന്നത്. അഞ്ചുവര്‍ഷം പ്രകടിതമായി ഇസ്ലാംമതം ആചരിച്ചാലേ വഖഫിന് സ്വത്ത് നല്‍കാനാവൂ എന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയിണ്ട്. വഖഫ് നിയമം എന്നത് 'ഉമീദ്' (യൂണിഫൈഡ് വഖഫ് മാനേജ്‌മെന്റ്, എംപവര്‍മെന്റ്, എഫിഷ്യന്‍സി, ആന്‍ഡ് ഡിവലപ്‌മെന്റ് ആക്ട്) എന്നാക്കി, ഇത് കൂടാതെ നിയമപരമായി അവകാശമുള്ളയാള്‍ക്കുമാത്രമേ വഖഫിന് സ്വത്ത് കൈമാറാനാവൂ എന്നും വ്യവസ്ഥയുണ്ട്.

വഖഫ്‌സ്വത്താണോ സര്‍ക്കാര്‍സ്വത്താണോ എന്ന് തീരുമാനിക്കാന്‍ വഖഫ് കമ്മിഷണര്‍ക്ക് അധികാരം നല്‍കിയത്, സംസ്ഥാനസര്‍ക്കാര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥന്‍ എന്നാക്കി. സംസ്ഥാന സര്‍ക്കാര്‍ വഖഫ് പട്ടിക വിജ്ഞാപനംചെയ്താല്‍ 90 ദിവസത്തിനകം വഖഫ് പോര്‍ട്ടലിലും ഡേറ്റാ ബേസിലും അപ്ലോഡ് ചെയ്യണം. തര്‍ക്കമുള്ള കേസുകളില്‍ വഖഫ് സ്വത്തുക്കള്‍ വിജ്ഞാപനംചെയ്ത് രണ്ടുവര്‍ഷം കഴിഞ്ഞാലും കൃത്യമായ തെളിവുണ്ടെങ്കില്‍ കേസിന് പോകാം.

സംസ്ഥാന വഖഫ് ബോര്‍ഡിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍മാരായി യോഗ്യരായ ആര്‍ക്കും വരാം, നിലവില്‍ വഖഫ് രജിസ്‌ട്രേഷന്‍ ഇല്ലാത്ത സ്വത്തുക്കള്‍ വഖഫ് രജിസ്റ്റര്‍ചെയ്യുമ്പോള്‍ പത്രപ്പരസ്യം നല്‍കണം, വഖഫ് സംബന്ധിച്ച ട്രിബ്യൂണലിന്റെ വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കാമെന്നും ബില്ലില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

എന്താണ് വഖഫ് ?

ഇസ്ലാമിക നിയമപ്രകാരം മതപരവും ജീവകാരുണ്യപരവുമായ ആവശ്യങ്ങള്‍ക്കായി ദൈവത്തിന്റെ പേരില്‍ സമര്‍പ്പിച്ചിരിക്കുന്ന വസ്തുവിനെയാണ് വഖഫ് എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു വരുമാനവും പ്രതീക്ഷിക്കാതെ, ദൈവത്തിന്റെ പ്രീതി മാത്രം പ്രതീക്ഷിച്ചാണ് ഒരു വസ്തു വഖഫ് ചെയ്യുന്നത്. തടഞ്ഞു വയ്ക്കുക, വിലക്കുക അല്ലെങ്കില്‍ നിര്‍ത്തുക എന്നര്‍ത്ഥം വരുന്ന അറബി പദത്തില്‍ നിന്നാണ് വഖഫ് എന്ന വാക്കിന്റെ ഉല്‍ഭവം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ശ്മശാനങ്ങള്‍, പള്ളികള്‍, ഷെല്‍ട്ടര്‍ ഹോമുകള്‍ എന്നിവയുടെ നടത്തിപ്പിനുവേണ്ടിയാണ് സാധാരണ ഭൂമി വഖഫ് ചെയ്യാറുളളത്.

ഗുണഭോക്താക്കള്‍ മാറിയാലും ഒരു വസ്തു വഖഫ് ആയി പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ പിന്നീട് അത് തിരിച്ചെടുക്കാന്‍ സാധിക്കില്ല. ദൈവത്തിന് സമര്‍പ്പിക്കപ്പെട്ടത് എന്നും ദൈവത്തിന്റെ ഉടമസ്ഥാവകാശത്തിലായിരിക്കും എന്ന് ചുരുക്കം. വഖഫ് വസ്തു പരിപാലിക്കുന്നത് ഒരു മുത്തവല്ലിയാണ്. എന്നാല്‍ മേല്‍നോട്ടക്കാരന്‍ എന്നതിനപ്പുറം മുത്തവല്ലിക്ക് വഖഫില്‍ അവകാശവും ഉണ്ടായിരിക്കില്ല.

1954ല്‍ കേന്ദ്രസര്‍ക്കാര്‍ വഖഫുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ നിയമം കൊണ്ടുവന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വഖഫ് സ്വത്തുക്കളുടെ വിനിയോഗത്തിന് മേല്‍നോട്ടം വഹിക്കാന്‍ സംസ്ഥാന തലത്തില്‍ വഖഫ് ബോര്‍ഡുകളും കേന്ദ്ര തലത്തില്‍ വഖഫ് കൗണ്‍സിലും സ്ഥാപിച്ചു. ഈ നിയമം റദ്ദാക്കി 1995-ല്‍ വഖഫ് ബോര്‍ഡുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന പുതിയ വഖഫ് നിയമം നടപ്പാക്കി. 2013-ല്‍ മറ്റൊരു ഭേദഗതി കൂടി വന്നു. ഈ ഭേദഗതി നിയമപ്രകാരമാണ് ഇപ്പോള്‍ വഖഫിന്റെ പ്രവര്‍ത്തനം.

ഓരോ സംസ്ഥാനത്തിനും ഓരോ വഖഫ് ബോര്‍ഡ് ഉണ്ട്. വഖഫ് സ്വത്തുക്കളുടെ രജിസ്ട്രഷന്‍, രേഖകള്‍ സൂക്ഷിക്കല്‍, ഉപയോഗം നിരീക്ഷിക്കല്‍, ജീവകാരുണ്യമാണ് വിനിയോഗത്തിന്റെ അടിസ്ഥാനം എന്ന് ഉറപ്പാക്കല്‍ തുടങ്ങിയവയാണ് വഖഫ് ബോര്‍ഡുകളുടെ ഉത്തരവാദിത്തം. വ്യക്തിഗത വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്ന മുത്തവല്ലികളെ നിയമിക്കുന്നതും വഖഫ് ബോര്‍ഡ് ആണ്.

വഖഫ് ബോര്‍ഡുകളുടെ മേല്‍നോട്ടവും ഏകോപനവും നിര്‍വഹിക്കുന്ന കേന്ദ്ര സംവിധാനമാണ് വഖഫ് കൗണ്‍സില്‍. വഖഫ് സ്വത്തുക്കള്‍ ഇസ്ലാമിക തത്വങ്ങള്‍ക്കനുസൃതമായും സാമൂഹ്യ ക്ഷേമത്തിനും ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കല്‍, വഖഫ് ബോര്‍ഡുകളുടെ ഏകോപനം, നയരൂപീകരണം, തര്‍ക്കപരിഹാരം തുടങ്ങിയവയാണ് വഖഫ് കൗണ്‍സിലിന്റെ ചുമതല.

കോടതികളുടെ ജോലി ഭാരം കുറയ്ക്കാന്‍ ഉദ്ദേശിച്ചുള്ള ബദല്‍ തര്‍ക്കപരിഹാര സംവിധാനം ആണ് വഖഫ് ട്രൈബ്യൂണലുകള്‍. ഓരോ സംസ്ഥാനത്തും ഓരോ ട്രൈബ്യൂണല്‍ ഉണ്ടാകും. വഖഫ് ബോര്‍ഡ് ഫണ്ട് ഉപയോഗിച്ചാണ് പ്രവര്‍ത്തനം. സിവില്‍ കോടതിക്കുള്ള അധികാരങ്ങള്‍ ട്രൈബ്യൂണലിനുമുണ്ട്. ട്രൈബ്യൂണലിന്റെ തീരുമാനങ്ങള്‍ അന്തിമവും കക്ഷികള്‍ക്ക് ബാധകവുമാണ്.

ട്രൈബ്യൂണല്‍ രൂപീകരിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. മൂന്ന് അംഗങ്ങളുണ്ടാകും. ചെയര്‍പഴ്‌സണ്‍ ജുഡീഷ്യല്‍ ഓഫിസര്‍ ആയിരിക്കും. ക്ലാസ് വണ്ണില്‍ കുറയാത്ത റാങ്കുള്ള ജില്ലാ, സെഷന്‍സ്, സിവില്‍ ജഡ്ജ്, സംസ്ഥാന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍, മുസ്ലീം നിയമത്തിലും നിയമശാസ്ത്രത്തിലും അറിവുള്ള ഒരു വ്യക്തി എന്നിവരാണ് ട്രൈബ്യൂണലില്‍ ഉണ്ടാകുക.

1995ലെ വഖഫ് നിയമത്തിലെ 44 വകുപ്പുകളില്‍ മാറ്റം വരുത്തുന്നതാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി. ഇത് വഖഫ് ബോര്‍ഡുകളുടെ അധികാരപരിധിയും സ്വത്ത് വിനിയോഗവും നിയന്ത്രിക്കുന്നു.