- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പോളിടെക്‌നിക് പരിസരത്തുനിന്നും ഒരു പൂര്‍വവിദ്യാര്‍ഥിയെ കഞ്ചാവുമായി പിടികൂടി; ഇയാളില്‍നിന്നും കിട്ടിയത് ഹോളി ആഘോഷത്തിനായി കഞ്ചാവ് എത്തിച്ചെന്ന വിവരം; പണപ്പിരിവും നടത്തി; രാത്രിയില്‍ മിന്നല്‍പരിശോധന; ക്ലാസ് തീരാന്‍ ഒരാഴ്ചമാത്രം ശേഷിക്കെ അറസ്റ്റും; പ്രതി ആകാശ് റിമാന്‍ഡില്‍; കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ്
ഹോളി ആഘോഷത്തിനായി കഞ്ചാവ് എത്തിച്ചു, രാത്രിയില്‍ പരിശോധന
കൊച്ചി: കളമശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍നിന്നു കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ലഹരി എത്തിച്ചതിന്റെ ഉറവിടം തേടി അന്വേഷണ സംഘം. രാത്രിയില്‍ ഹോസ്റ്റലില്‍ നാര്‍ക്കോട്ടിക് സെല്‍, ഡാന്‍സാഫ്, കളമശേരി പൊലീസ് എന്നിവരുടെ സംഘം പരിശോധന നടത്തിയത് വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഹോളി ആഘോഷത്തിന്റെ പേരില്‍ ഹോസ്റ്റലില്‍ കഞ്ചാവ് വില്‍പനയ്ക്കെത്തിക്കുന്നുണ്ടെന്നും അതിനായി പണപ്പിരിവു നടന്നെന്നും പൊലീസിനു വിവരം കിട്ടിയിരുന്നു.
കളമശേരി പോളിടെക്‌നിക് കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും വില്‍പനയും നടക്കുന്നെന്ന വിവരത്തെ തുടര്‍ന്ന്, നേരത്തേ പൊലീസ് നിരീക്ഷണത്തിലായിരുന്നു ഇവിടം. ഹോളി ആഘോഷത്തിനിടെ വലിയ അളവില്‍ കഞ്ചാവ് എത്തിച്ചെന്ന വിവരത്തെ തുടര്‍ന്നായിരുന്നു രാത്രിയില്‍ നടത്തിയ മിന്നല്‍പരിശോധന. പോളിടെക്‌നിക് പരിസരത്ത് വച്ച് ഇവിടുത്തെ ഒരു പൂര്‍വവിദ്യാര്‍ഥിയെ കഞ്ചാവുമായി പൊലീസ് അടുത്തിടെ പിടികൂടിയിരുന്നു. ഇയാളില്‍നിന്ന് കിട്ടിയ വിവരത്തിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു രാത്രിയില്‍ പരിശോധന നടത്തിയത്.
വ്യാഴം രാത്രി ഒന്‍പതുമണിയോടെയാണ് നാര്‍ക്കോട്ടിക് സെല്‍, ഡാന്‍സാഫ്, കളമശേരി പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ റെയ്ഡ് നടത്തിയത്. ജില്ലാ പൊലീസ് മേധാവി പുട്ട വിമലാദിത്യയുടെ നിര്‍ദേശമനുസരിച്ചായിരുന്നു പരിശോധന. പുലര്‍ച്ചെ നാലു വരെ നീണ്ട റെയ്ഡില്‍ രണ്ടു കിലോയോളം കഞ്ചാവാണ് പിടിച്ചത്. ഒന്നാം നിലയില്‍ ജി11 മുറിയില്‍നിന്ന് 1.909 കിലോഗ്രാം കഞ്ചാവും ഇലക്ട്രോണിക് ത്രാസും പിടിച്ചു. രണ്ടാം നിലയിലെ എഫ്39 മുറിയില്‍നിന്ന് 9.70 ഗ്രാമും പിടിച്ചു. മദ്യക്കുപ്പികളും ഗര്‍ഭനിരോധന ഉറകളും ഇവിടെനിന്നു കണ്ടെടുത്തിട്ടുണ്ട്.
മനപ്പൂര്‍വം കേസില്‍ കുരുക്കിയതാണെന്ന പ്രതികളുടെ ആരോപണം പൊലീസ് നിഷേധിച്ചിട്ടുണ്ട്. എല്ലാ തെളിവുകളോടും കൂടി നിയമാനുസൃതമാണ് പരിശോധന നടത്തിയതെന്നു പൊലീസ് പറയുന്നു. ഹോസ്റ്റലില്‍ പൂര്‍വ വിദ്യാര്‍ഥികളടക്കം വന്നു പോകുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍, കഞ്ചാവ് എവിടെനിന്ന് എത്തി എന്നതടക്കമുള്ള വിവരങ്ങള്‍ അന്വേഷിക്കുകയാണെന്നും പൊലീസ് പറയുന്നു.
ആകാശ് റിമാന്‍ഡില്‍
ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി ആകാശിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തെക്ക് റിമാന്‍ഡ് ചെയ്തത്. കഞ്ചാവിന്റെ ഉറവിടം കണ്ടെത്താന്‍ പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് കോടതിയോട് ആവശ്യപ്പെടും. ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കുമെന്ന് പൊലീസ് അറിയിച്ചു. ആകാശിന് പുറമേ അഭിരാജ്, ആദിത്യന്‍ എന്നിവരെ അറസ്റ്റ് ചെയ്‌തെങ്കിലും ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരുന്നു. ഇവരെ വീണ്ടും വിളിപ്പിച്ച് ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
മുന്‍പും ലഹരി പിടികൂടിയിട്ടുണ്ട്
ക്യാംപസില്‍നിന്നു മുന്‍പും ചെറിയ അളവില്‍ ലഹരിമരുന്നു പിടികൂടിയിട്ടുണ്ടെന്നും ലഹരിയുടെ വരവു തടയാന്‍ ആറുമാസമായി പൊലീസുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും പോളി ടെക്‌നിക് പ്രിന്‍സിപ്പല്‍ ഡോ. ഐജു തോമസ് പറഞ്ഞു. അതിന്റെ ഭാഗമായായിരുന്നു റെയ്ഡ്. ക്യാംപസില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.
വിദ്യാര്‍ഥിസംഘടനകള്‍ അടക്കം അതിന്റെ ഭാഗമാണ്. ഇപ്പോള്‍ അറസ്റ്റിലായവര്‍ അവസാന വര്‍ഷ വിദ്യാര്‍ഥികളാണ്. ഒരാഴ്ച കൂടിയേ ഇനി ഇവര്‍ക്കു ക്ലാസ് ഉള്ളൂ. ഈ വിദ്യാര്‍ഥികളുടെ ഭാവിയെപ്പറ്റി അക്കാദമിക് കൗണ്‍സില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. വിദ്യാര്‍ഥികളായ കൊല്ലം കുളത്തൂപ്പുഴ വില്ലുമല സ്വദേശി എം.ആകാശ് (21), ഹരിപ്പാട് വെട്ടുവേണി സ്വദേശി ആദിത്യന്‍ (20), കരുനാഗപ്പള്ളി തൊടിയൂര്‍ നോര്‍ത്ത് സ്വദേശി ആര്‍.അഭിരാജ് (21) എന്നിവരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
കേസില്‍ 2 എഫ്‌ഐആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ആദ്യത്തെ എഫ് ഐ ആറില്‍ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21) പ്രതിയാണ്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയില്‍ നിന്ന് കണ്ടെടുത്തത്. പ്രതി വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചത്. രണ്ടാമത്തെ എഫ്‌ഐആറില്‍ രണ്ട് പ്രതികളാണുള്ളത്. ഹരിപ്പാട് സ്വദേശി ആദിത്യന്‍ (21), കരുനാഗപള്ളി സ്വദേശി അഭിരാജ് (21) എന്നിവരാണ് ഈ കേസില്‍ പ്രതികള്‍.
ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
പോളി ടെക്നിക് കോളേജ് ഹോസ്റ്റലില്‍ റെയ്ഡ് നടത്തിയത് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്ന് തൃക്കാക്കര എസിപി പി വി ബേബി. മുന്നൊരുക്കം നടത്തിയുള്ള റെയ്ഡായിരുന്നു. രണ്ട് വിദ്യാര്‍ത്ഥികളുടെ മേശയില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. നിയമം പാലിച്ച് അധികാരികളുടെ അനുമതിയോടുകൂടിയായിരുന്നു റെയ്ഡ്.
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഉപയോഗിക്കാനും വിപണനം ചെയ്യാനുമാണ് ഇത് കൊണ്ടു വന്നത്. എല്ലാക്കാര്യങ്ങളും വ്യക്തമായി പരിശോധിക്കണം. ഹോളി ആഘോഷം നടക്കുന്നതിന്റെ ഭാഗമായി കഞ്ചാവ് ഉപയോഗിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
പുറത്തുനിന്നുള്ളവരുടെ പങ്കുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും എസിപി മാധ്യമങ്ങളോട് പറഞ്ഞു. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ പങ്കുണ്ടെന്ന് കരുതുന്നു. ക്യാംപസിനകത്തും പുറത്തും ഉള്ളവര്‍ക്ക് പങ്കുണ്ടെന്നാണ് പ്രാഥമിക വിവരം. പൂര്‍വ വിദ്യാര്‍ഥികളുടെ പങ്കില്‍ കൂടുതല്‍ അന്വേഷണം വേണം. എത്തിച്ചവരുമായി ബന്ധപ്പെട്ട സൂചന ലഭിച്ചിട്ടുണ്ട്.
ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും വ്യക്തമായ പങ്കുണ്ട്. അതല്ലാതെ കോളേജിലേക്ക് പുറമെ നിന്നൊരാള്‍ക്ക് പ്രവേശിക്കാന്‍ കഴിയില്ല. വിദ്യാര്‍ഥികളുടെ രാഷ്ട്രീയത്തെക്കുറിച്ച് പരിശോധിച്ചിട്ടില്ലെന്നും പരിശോധിക്കപ്പെടേണ്ട കാര്യമാണെന്നും പി വി ബേബി വ്യക്തമാക്കി.