- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇ ലേലത്തിൽ കർഷകർക്ക് ലഭിച്ചത് കിലോയ്ക്ക് ശരാശരി 809 രൂപ; ഉയർന്ന വിലയായി ലഭിക്കുന്നത് 1297 രൂപ വരെയും; ഉത്പാദന ചെലവ് പോലും ലഭിക്കാതെ പൊറുതിമുട്ടി ഏലം കർഷകർ; വിപണിയിൽ കായ ലഭിക്കാനില്ല എന്നിട്ടും വിലയിടിവെന്നും കർഷകർ; ലേല കേന്ദ്രങ്ങളിലെ ഒത്തുകളിയാണ് വിലയിടിവിന് കാരണമെന്നും ആക്ഷേപം
കട്ടപ്പന: തുടർച്ചയായ ഏലയ്ക്ക വിലയിടിവിനെ തുടർന്ന് ഹൈറേഞ്ചിൽ കർഷകന് ഉത്പാദനച്ചെലവ് പോലും ലഭിക്കാതായി. ബുധനാഴ്ച രാവിലെ നടന്ന ഇ-ലേലത്തിൽ ഏലയ്ക്കായക്ക് 809 രൂപയാണ് ശരാശരി വില ലഭിച്ചത്. ഉയർന്ന വിലയായി 1297 രൂപയും ലഭിച്ചു. കട്ടപ്പന കമ്പോളത്തിലും 800-850 രൂപയാണ് ശരാശരി വില ലഭിച്ചത്. ഇതോടെ കർഷകന് കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയായി.
2019 ഓഗസ്റ്റ് മൂന്നിനാണ് ഏലത്തിന് റെക്കോഡ് വില ലഭിക്കുന്നത് അന്ന് പുറ്റടി സ്പൈസസ് പാർക്കിൽ നടന്ന ഇ-ലേലത്തിൽ കിലോയ്ക്ക് 7000 രൂപ ലഭിച്ചു. 209 ലോട്ടുകളായി ഹേഡർ സിസ്റ്റം ഇന്ത്യ നടത്തിയ ലേലത്തിലാണ് ചരിത്രത്തിലെ ഏറ്റവുംവലിയ വില ലഭിച്ചത്. കട്ടപ്പന ,അണക്കര കമ്പോളങ്ങളിലും 6000 രൂപയോളം വില ലഭിച്ചിരുന്നു. എന്നാൽ പിന്നീട് വില കുത്തനെയിടിയുന്ന കാഴ്ചയാണ് കണ്ടത്. 2021 ഫെബ്രുവരിയിൽ ഇ-ലേലത്തിൽ 1348 രൂപ ശരാശരി വിലയും ഉയർന്ന വിലയായി 1969 രൂപയും ലഭിച്ചിരുന്നു എന്നാൽ പിന്നീട് വില ഉയർന്നില്ല.
ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഏലം വിലയിൽ വർധനവ് ഉണ്ടാകാറുണ്ട്. ജനുവരിയിൽ ഉയർന്ന വിലയ്ക്ക് വിറ്റഴിക്കാൻ നവംബർ ഡിസംബർ മാസങ്ങളിലെ വിളവ് കർഷകർ സംഭരിച്ച് വെയ്ക്കും. സംഭരണംമൂലം വിപണിയിലെത്തുന്ന ഏലയ്ക്കായയുടെ അളവ് കുറയുന്നതോടെ വിലയിൽ നേരിയ വർധനവ് ഉണ്ടാകും. കാലാവസ്ഥാ വ്യതിയാനം മൂലം ഇത്തവണ ഉത്പാദനവും കുറവാണ്. വിപണിയിലെത്തുന്ന ഏലയ്ക്കായയുടെ അളവ് കുറഞ്ഞിട്ടും വിലയിടിവ് തുടരുന്നത് വ്യാപാരികളെയും കർഷകരെയും അമ്പരപ്പിക്കുന്നുണ്ട്.
സ്പൈസസ് ബോർഡ് നടത്തുന്ന ഇ-ലേലത്തിൽ പുറ്റടിയിലും, ബോഡിനായ്ക്കന്നൂരിലും വൻകിട വ്യാപാരികളും കയറ്റുമതിക്കാരും ഉത്തരേന്ത്യൻ ലോബിയും ചേർന്ന് വിലയിടിക്കാൻ ശ്രമിക്കുന്നതായി കർഷകർ പറയുന്നു. നിലവാരം കുറഞ്ഞ ഏലയ്ക്കായ ലേലത്തിനെത്തിച്ച് കുറഞ്ഞ വിലയ്ക്ക് ഇ-ലേലം നടത്തും. ഇ-ലേലത്തിൽ തുക കുറച്ച് കാണുന്നതോടെ പ്രാദേശിക വിലയിടിയും. ഇതോടെ കർഷകരിൽനിന്ന് കുറഞ്ഞവിലയ്ക്ക് ഏലയ്ക്ക വാങ്ങാൻ വൻകിട വ്യാപാരികൾക്ക് അവസരം ഒരുങ്ങും.
വില കുത്തനെയിടിഞ്ഞതോടെ കർഷകർക്ക് ഉത്പാദിപ്പിച്ച ഏലയ്ക്കായ നഷ്ടത്തിൽ വിറ്റഴിക്കേണ്ട അവസ്ഥയായി. 2019-ലെ ഏലം വില വർധനവോടെ വളം, കീടനാശിനി വിലയും പണിക്കൂലിയും കുത്തനെ ഉയർന്നിരുന്നു. ഇതോടെ ഒരുകിലോ ഏലയ്ക്കായ ഉത്പാദിപ്പിക്കാൻ 900-1100 രൂപ ചെലവുവരുമെന്ന അവസ്ഥയായി. വില ഇടിഞ്ഞതോടെ ഏലത്തിന് ആവശ്യത്തിന് വളപ്രയോഗമൊ പരിചരണമൊ നൽകാൻ കഴിയാത്ത അവസ്ഥയിലാണ് കർഷകർ.
ഏലം വില ഉയർന്നതോടെ നിരവധിയാളുകളാണ് ഏലക്കാട് പാട്ടത്തിനെടുത്ത് കൃഷി ആരംഭിച്ചത്. ഏക്കറിന് രണ്ടുലക്ഷം രൂപ വരെ പാട്ടം നൽകിയവരുണ്ട്. പലരും അഞ്ചുമുതൽ ഏഴുവർഷത്തേയ്ക്കാണ് ഭൂവുടമകളുമായി കരാറിൽ ഏർപ്പെട്ടത്. വില താഴ്ന്നതോടെ ഭൂമി പണയപ്പെടുത്തിയും മറ്റും ലോണെടുത്ത് കൃഷി ചെയ്യാനിറങ്ങിയ പാട്ടക്കർഷകർ ജപ്തിനടപടികൾ നേരിടുകയാണ്.
ആവണി ഗോപാല് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്