കണ്ണൂര്‍: ഉന്നതങ്ങളില്‍ പിടിയുള്ള കുറ്റവാളി ഷെറിന്‍ ജയിലില്‍ രാഞ്ജിയായി വാഴുന്നതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പലതവണ പുറത്തുവന്നിട്ടുണ്ട്. ഈ സ്വാധീനം തന്നെയാണ് അവരെ മോചിപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചതും ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്തതും. ജയില്‍ ഉപദേശക സമിതിയില്‍ നിന്നും നല്ലകുട്ടി ഇമേജ് ലഭിച്ചതോടെ ഷെറിന്‍ തന്റെ തനിക്കൊണം പുറത്തെടുത്തു. സഹതടവുകാരിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഭാസ്‌ക്കര കാരണവര്‍ കേസിലെ പ്രതിക്കെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.

കണ്ണൂര്‍ വനിതാ ജയിലില്‍ ഈ മാസം 24ന്് നടന്ന അടിപിടിയിലാണ് കേസെടുത്തിരിക്കുന്നത്. കുടിവെള്ളം എടുക്കാന്‍ പോയ തടവുകാരിയെ ഷെറിനും മറ്റൊരു തടവുകാരിയും മര്‍ദിച്ചെന്നാണ് കേസ്. വനിതാ ജയിലിലെ എഫ്-1/24 തടവുകാരി കാനേ സിംപോ ജൂലി(33)നെയാണ് 24 ന് രാവിലെ 7.45 ന് ഷെറിനും മറ്റൊരു തടവുകാരിയായ ഷബ്നയും ചേര്‍ന്ന് മര്‍ദ്ദിച്ചത്. സംഭവത്തില്‍ തടവുകാരിക്ക് പരിക്കേറ്റിട്ടുണ്ട്. മര്‍ദ്ദനമേറ്റ തടവുകാരി വനിതാ ജയില്‍ സൂപ്രണ്ടിന് നല്‍കിയ പരാതി സൂപ്രണ്ട് ടൗണ്‍ പോലീസിന് കൈമാറുകയായിരുന്നു. വൈകുന്നേരം 4.30 നാണ് പോലീസ് ജയിലിലെത്തി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്തത്.

ശിക്ഷാ ഇളവ് നല്‍കാന്‍ തീരുമാനം എടുത്തതിനു പിന്നാലെ ഷെറിനെതിരെ കേസെടുത്തിരിക്കുന്നത്. മാനസാന്തരം വന്നെന്നും നല്ല നടപ്പെന്നും വിലയിരുത്തിയായിരുന്നു ജയില്‍ ഉപദേശക സമിതിയുടെ തീരുമാനം. എന്നാല്‍ ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. ജയില്‍ ഉപദേശക സമതിയുടെ തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന സംഭവവും.

സഹതടവുകാരുമായും ഉദ്യോഗസ്ഥരുമായും ജയിലില്‍ പ്രശ്‌നങ്ങളുണ്ടാക്കിയതിനാല്‍ നാലു തവണ ജയില്‍ മാറ്റിയ ഷെറിനെ ജയില്‍ മോചിതയാക്കാനുള്ള മന്ത്രസഭ തീരുമാനം മിന്നല്‍ വേഗത്തിലായിരുന്നു. 25 വര്‍ഷത്തിലധികമായി തടവിലുള്ളവരെ വിട്ടയക്കണമെന്ന് ജയില്‍ ഉപദേശ സമിതികളുടെ ശുപാര്‍ശകളില്‍ തീരുമാനം നീളുമ്പോഴാണ് 14 വര്‍ഷം പൂര്‍ത്തിയാക്കിയെന്ന കാരണം പറഞ്ഞ് ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം ഉണ്ടായത്.

ഷെറിനെ മോചിപ്പിക്കാന്‍ ഇടപെട്ടത് മന്ത്രി കെബി ഗണേഷ് കുമാറിന്റെ ഓഫീസാണെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതി കുമാര്‍ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ഷെറിനെ ജയില്‍ മോചിതയാക്കാനുള്ള ശുപാര്‍ശയില്‍ രാജ്ഭവന്‍ ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടല്ല. കാരണവര്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഷെറിനെ ശിക്ഷ ഇളവു ചെയ്തു വിട്ടയയ്ക്കാനുള്ള അപേക്ഷ പരിഗണിച്ച ജയില്‍ ഉപദേശകസമിതി അനുകൂല തീരുമാനമെടുത്തത് ഈ അപേക്ഷയില്‍ മാത്രമായിരുന്നു.

മാസങ്ങളായി പരോള്‍ ലഭിക്കുന്നില്ലെന്നും പരോള്‍ അനുവദിക്കണമെന്നും കണ്ണൂര്‍ വനിതാ ജയിലിലെ മറ്റു രണ്ടു തടവുകാര്‍ നല്‍കിയ അപേക്ഷ ഓഗസ്റ്റ് എട്ടിനു ചേര്‍ന്ന ഉപദേശകസമിതി അംഗീകരിച്ചില്ല. ഇവര്‍ക്കു പൊലീസ് റിപ്പോര്‍ട്ട് എതിരാണെന്ന കാരണമാണു ചൂണ്ടിക്കാട്ടിയത്. അതേസമയം, ഷെറിന്റെ കാര്യത്തില്‍ പൊലീസ് റിപ്പോര്‍ട്ടും സാമൂഹിക നീതി വകുപ്പിന്റെ പ്രബേഷന്‍ റിപ്പോര്‍ട്ടും അനുകൂലമായി വന്നു. ജയിലില്‍ നല്ലനടപ്പുകാരിയെന്നു ജയില്‍ സൂപ്രണ്ടും റിപ്പോര്‍ട്ട് നല്‍കി.

നല്ലനടപ്പുകാരിയെന്ന് ഇപ്പോള്‍ ജയില്‍ വകുപ്പ് അംഗീകരിക്കുന്ന ഷെറിനെ മുന്‍പു രണ്ടു ജയിലുകളില്‍നിന്നു മാറ്റിയതു ജീവനക്കാരുടെയും സഹതടവുകാരുടെയും പരാതിയെ തുടര്‍ന്നാണ്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയവേ പരാതിയെത്തുടര്‍ന്ന് ആദ്യം വിയ്യൂരിലേക്കാണു മാറ്റിയത്. ഇവിടെ ജോലി ചെയ്യാന്‍ മടി കാണിച്ചതിനു ജയില്‍ ജീവനക്കാരുമായി പ്രശ്‌നങ്ങളുണ്ടായി. ഇതെത്തുടര്‍ന്നാണു കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചത്.

പ്രതികള്‍ ശിക്ഷിക്കപ്പെട്ടാല്‍ റിമാന്‍ഡ് കാലാവധിയും ശിക്ഷാ കാലാവധിയായി കണക്കാക്കും. അതനുസരിച്ച്, 2009 നവംബറില്‍ റിമാന്‍ഡിലായ ഷെറിന്‍ 2023 നവംബറില്‍ 14 വര്‍ഷം തികച്ചു. പിന്നീട് ആദ്യം ചേര്‍ന്ന ജയില്‍ ഉപദേശക സമിതിയിലാണു ഷെറിന്റെ അപേക്ഷ പരിഗണിച്ചത്. 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ ജീവപര്യന്തം തടവുകാരുടെയെല്ലാം മോചന അപേക്ഷ ജയില്‍ ഉപദേശകസമിതിക്കു മുന്‍പില്‍ വരാറുണ്ടെങ്കിലും, ആദ്യ അപേക്ഷ അംഗീകരിക്കുന്ന കീഴ്‌വഴക്കമില്ല. ആറുമാസത്തിനുശേഷം ചേരുന്ന അടുത്ത യോഗത്തിലേക്കു മാറ്റുകയാണു ചെയ്യാറുള്ളത്. എന്നാല്‍ ഷെറിന്റെ കാര്യത്തില്‍ ആദ്യയോഗം തന്നെ അംഗീകാരം നല്‍കി.

ജയിലിലെ നല്ലനടപ്പുകൊണ്ടാണ് ശിക്ഷയിളവിനു പരിഗണിച്ചതെന്ന് കണ്ണൂര്‍ വനിതാ ജയില്‍ ഉപദേശക സമിതിയംഗം എം.വി.സരള. ഉപദേശകസമിതി നല്ല രീതിയില്‍ പരിശോധന നടത്തിയാണു റിപ്പോര്‍ട്ട് നല്‍കിയത്. എല്ലാ റിപ്പോര്‍ട്ടുകളും അവര്‍ക്ക് അനുകൂലമായിരുന്നു. പുറത്തുവിട്ടാല്‍ പ്രശ്‌നമുണ്ടാകില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ജയില്‍വകുപ്പിന്റെ റിപ്പോര്‍ട്ടും അനുകൂലമായിരുന്നു. പ്രത്യേകിച്ച് ഒരു മുന്‍ഗണനയും ഉപദേശകസമിതി നല്‍കിയിട്ടില്ല. ഷെറിന്‍ മാനസാന്തരപ്പെട്ടു. ഇപ്പോള്‍ കുറ്റവാസനയില്ല. സ്വഭാവത്തില്‍ ഒരുപാടു മാറ്റംവന്നു.

ജയിലിലെ പ്രവര്‍ത്തനത്തെക്കുറിച്ച് നല്ല അഭിപ്രായം മാത്രമാണുള്ളത്. എല്ലാക്കാലത്തും ഒരാളെ കുറ്റവാളിയായി കാണുന്നതു ശരിയല്ലെന്നും സരള പറഞ്ഞു.സരളയ്ക്കു പുറമേ, സിപിഎം നേതാക്കളായ കെ.കെ.ലതിക, കെ.എസ്.സലീഖ എന്നിവരും സമിതിയിലുണ്ട്. 2009 നവംബര്‍ ഏഴിനാണു ഷെറിന്റെ ഭര്‍തൃപിതാവ് ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്‌സ് വില്ലയില്‍ ഭാസ്‌കര കാരണവര്‍ കൊല്ലപ്പെട്ടത്.

ചെറിയനാട് ഭാസ്‌കര കാരണവര്‍ വധക്കേസില്‍ പ്രതിയായ മരുമകള്‍ ഷെറിനെ വിട്ടയയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനത്തില്‍ ബന്ധുക്കള്‍ കൂടിയാലോചിച്ച് നിയമനടപടി സ്വീകരിക്കുമെന്നു കാരണവരുടെ ബന്ധുവും കേസിലെ ഒന്നാം സാക്ഷിയുമായ അനില്‍ കുമാര്‍ ഓണമ്പള്ളില്‍ പറഞ്ഞു. ഷെറിനു മാത്രം ശിക്ഷയിളവ് ലഭിച്ചതിനു പിന്നില്‍ ഉന്നതരുടെ സ്വാധീനമുണ്ടെന്നു കരുതണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഷെറിന് മുന്‍ ജയില്‍ ഡിഎജി പ്രദീപുമായി അടുത്ത ബന്ധമെന്ന് സഹതടവുകാരിയുടെ വെളിപ്പെടുത്തിയിരുന്നു. മറ്റൊരു തടവുകാര്‍ക്കും ഇല്ലാത്ത സ്വാതന്ത്ര്യം ഷെറിന് ജയിലില്‍ ലഭിച്ചിരുന്നു. മന്ത്രി ഗണേഷ് കുമാറുമായും അടുത്ത ബന്ധമെന്ന് ഷെറിന്‍ പറഞ്ഞിരുന്നുവെന്നും സഹതടവുമകാരി സുനിത വെളിപ്പെടുത്തി.

ലോക്കപ്പ് പൂട്ടിയ ശേഷവും ഷെറിന്‍ വൈകുന്നേരങ്ങളില്‍ പുറത്തേക്ക് പോകുമെന്നും സുനിത പറഞ്ഞു. മറ്റ് തടവുകാര്‍ ജയിലില്‍ ക്യു നിന്ന് ഭക്ഷണം വാങ്ങുമ്പോള്‍, ഷെറിന് ആവശ്യപ്പെടുന്ന ഭക്ഷണം എത്തിച്ച് കൊടുക്കുമായിരുന്നു. ബെഡ്ഷീറ്റ്, കിടക്ക, തലയണ തുടങ്ങിയ സൗകര്യങ്ങള്‍ ലഭിച്ചിരുന്നു.മേക്കപ്പ് സാധനങ്ങളും ഫോണും ജയിലില്‍ അനുവദിച്ചു. ജയിലില്‍ തടവുകാര്‍ക്ക് നല്‍കുന്ന വസ്ത്രം അല്ലാതെ വീട്ടില്‍ നിന്ന് തയ്പ്പിച്ച് കൊണ്ട് വന്ന വസ്ത്രമാണ് ഷെറിന്‍ ധരിച്ചിരുന്നതെന്നും സഹതടവുകാരി വെളിപ്പെടുത്തുകയുണ്ടായി.