- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
'പെട്ടെന്നൊരുനാള്‍ ഞാന്‍ സംസ്‌കൃതം എഴുതാനും വായിക്കാനും അറിയാത്തയാളായി മാറിയതെങ്ങനെ ? ആ മറിമായത്തിന്റെ പൊരുളാണ് ജാതി വിവേചനം ! തന്റെ രാഷ്ട്രീയം ചര്‍ച്ചയാകുമ്പോള്‍ അധ്യാപികയുടെ സംഘപരിവാര്‍ രാഷ്ട്രീയം ചര്‍ച്ചയാകാത്തത് എന്തുകൊണ്ട്? കേരള സര്‍വകലാശാലയില്‍ ഗവേഷകനോട് ജാതി വിവേചനമെന്ന് ആരോപണം; ഡീന്‍ വിസിക്ക് നല്‍കിയ കത്ത് വിവാദമായത് ഇങ്ങനെ
കേരള സര്‍വകലാശാലയില്‍ ഗവേഷകനോട് ജാതി വിവേചനമെന്ന് ആരോപണം
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍, ജാതിയുടെ പേരില്‍ ഗവേഷകനെ അപമാനിച്ചെന്ന് ആരോപണം. എസ്.എഫ്.ഐ നേതാവും ഗവേഷകനുമായ വിപിന്‍ വിജയനാണ് ആരോപണം ഉന്നയിച്ചത്. സംസ്‌കൃതത്തില്‍ പി.എച്ച്.ഡിക്ക് അര്‍ഹനല്ലെന്ന് കാണിച്ച് ഡീന്‍ ഡോ. സി.എന്‍. വിജയകുമാരി വൈസ് ചാന്‍സലര്‍ക്ക് നല്‍കിയ കത്താണ് വിവാദങ്ങള്‍ക്കിടയാക്കിയത്. ഫേസ്ബുക്കിലാണ വിപിന്‍ ആരോപണം ഉന്നയിച്ചത്.
ഒക്ടോബര്‍ 5-ന് വിപിന്റെ പ്രബന്ധത്തെക്കുറിച്ചുള്ള ഓപ്പണ്‍ ഡിഫന്‍സ് നടന്നതിന് പിന്നാലെയാണ് ഡീന്‍ വിസിക്ക് കത്ത് നല്‍കിയത്. വിപിന് സംസ്‌കൃത ഭാഷ അറിയില്ലെന്നും പി.എച്ച്.ഡി നല്‍കരുതെന്നും ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്. എന്നാല്‍, വിപിന്‍ വിജയന്‍ സംസ്‌കൃതത്തില്‍ എം.എ, ബി.എഡ്, എം.എഡ്, എം.ഫില്‍ ബിരുദങ്ങള്‍ നേടിയ വ്യക്തിയാണ്. ഇതിനുപുറമെ, എം.ഫില്‍ പ്രബന്ധം ഡോ. വിജയകുമാരിയുടെ മേല്‍നോട്ടത്തില്‍ പൂര്‍ത്തിയാക്കിയതുമാണ്.
തന്റെ വര്‍ഷങ്ങളായുള്ള അക്കാദമിക നേട്ടങ്ങളെയും യോഗ്യതകളെയും നിഷ്പ്രഭമാക്കുന്ന അധ്യാപികയുടെ പരാമര്‍ശം തന്റെ ജീവിതത്തില്‍ മായാത്ത മുദ്ര പതിപ്പിച്ചെന്നും ഉണങ്ങാത്ത മുറിവായെന്നും വിപിന്‍ വിജയന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. വര്‍ഷങ്ങള്‍കൊണ്ട് നേടിയ അക്കാദമിക നേട്ടവും മെറിറ്റും ഒറ്റദിവസം കൊണ്ട് ഇല്ലാതെയായി, സത്യത്തിന് വിലയില്ലേ എന്നും വിദ്യാര്‍ഥി ചോദിക്കുന്നു. തന്റെ രാഷ്ട്രീയ നിലപാടുകള്‍ ചര്‍ച്ചയാകുമ്പോള്‍ അധ്യാപികയുടെ സംഘപരിവാര്‍ രാഷ്ട്രീയം എന്തുകൊണ്ട് ചര്‍ച്ചയാകുന്നില്ലെന്നും അദ്ദേഹം ചോദിക്കുന്നു.
വിവാദമായ കത്തിന്റെ അടിസ്ഥാനത്തില്‍ വൈസ് ചാന്‍സലര്‍ വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
വിപിന്‍ വിജയന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം:
എനിക്ക് ഇപ്പോള്‍ രോഹിത് വെമുലയെന്ന എന്റെ കൂടെപ്പിറപ്പിന്റെ നിലവിളി കേള്‍ക്കാം. ജാതി വിവേചനത്തിന്റെ അട്ടഹാസങ്ങള്‍ കേള്‍ക്കാം. എനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ല, ജീവിതം വീണ്ടും വഴുതിപ്പോകുന്നു.
' സംസ്‌കൃതം അറിയാത്ത ' എന്ന വിശേഷണം ഒരിയ്ക്കലും മായാത്ത മുദ്രപോലെ എന്നില്‍ പതിപ്പിക്കപ്പെട്ടു കഴിഞ്ഞു. സത്യത്തിന്റെ കണികപോലുമില്ലാത്ത ഈ പ്രചരണം എന്നെന്നേയ്ക്കുമായി എന്റെ ജീവിതത്തില്‍ ഉണങ്ങാത്ത മുറിവുകള്‍ സൃഷ്ടിച്ചു കഴിഞ്ഞു. എന്റെ വാക്കുകള്‍ എന്റെ ജീവിതത്തിലെ നേരുകള്‍ ഇനി ഏത് ചാനലുകളും പത്രങ്ങളും പ്രസിദ്ധീകരിക്കും ?
അറിയില്ല.
കേരളസര്‍വ്വകലാശാലയുടെ സംസ്‌കൃത ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് സംസ്‌കൃതത്തില്‍ എം. ഫില്‍ നേടിയ ഞാന്‍ എം. ഫില്‍ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ഗവേഷണത്തിന് ചേരുന്നത്.
'EPISTEMOLOGICAL REVIEW OF KENOPANISAD' എന്ന എന്റെ എം. ഫില്‍ പ്രബന്ധത്തിന്റെ ഗൈഡ് ഡോ. സി. എന്‍. വിജയകുമാരി ടീച്ചര്‍ ! അതെ, എനിക്ക് സംസ്‌കൃതം എഴുതാനും വായിക്കാനും അറിയില്ല എന്ന് സര്‍വ്വകലാശാലയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയ അതേ ഡീന്‍ തന്നെ.
സംസ്‌കൃതം എഴുതാനും വായിക്കാനും അറിയാത്ത എനിക്ക് അര്‍ഹതയില്ലാത്ത എം.ഫില്‍ ഡിഗ്രി നല്‍കാന്‍ കൂട്ടുനിന്ന ഡോ. സി. എന്‍. വിജയകുമാരി ടീച്ചര്‍ക്ക് അദ്ധ്യാപികയായി തുടരാന്‍ എന്ത് യോഗ്യതയാണുള്ളത് ? എന്റെ എം. ഫില്‍ പ്രബന്ധം പരിശോധിച്ച എന്റെ ഗൈഡായിരുന്ന ഡോ. വിജയകുമാരി ടീച്ചര്‍ സര്‍വ്വകലാശാലയെ കമ്പളിപ്പിക്കുകയായിരുന്നോ ?തട്ടിപ്പുകാരനായ എനിക്ക് കൂട്ടുനിന്ന തട്ടിപ്പുകാരിയാണോ ഡോ. വിജയകുമാരി ടീച്ചര്‍ ? അതോ എം. ഫില്‍ ലഭിച്ചതിനു ശേഷം ഞാന്‍ സംസ്‌കൃതം മറന്നു പോയതാണോ ?
പെട്ടന്നൊരുനാള്‍ ഞാന്‍ സംസ്‌കൃതം എഴുതാനും വായിക്കാനും അറിയാത്തയാളായി മാറിയതെങ്ങനെ ? ആ മറിമായത്തിന്റെ പൊരുളാണ് ജാതി വിവേചനം ! ഗവേഷണ വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഒരു നോമിനേഷന്‍ പോലും നല്‍കാത്ത ഞാന്‍ എങ്ങനെ വാര്‍ത്തകളില്‍ ഗവേഷക യൂണിയന്റെ ജനറല്‍ സെക്രട്ടറി എന്ന സുപ്രധാന പദവിയില്‍ ഉണ്ടായിരുന്നതായി അവതരിപ്പിക്കപ്പെട്ടു ?
എനിക്ക് രാഷ്ട്രീയമുണ്ട് ഡോ. വിജയകുമാരി ടീച്ചര്‍ക്കും വ്യക്തമായ രാഷ്ട്രീയമുണ്ട്. എന്റേത് ഇടതുപക്ഷമാണ്. ടീച്ചര്‍ RSS - BJP രാഷ്ട്രീയം പിന്തുടരുന്നു. കേരളസര്‍വ്വകലാശാലയിലെ സംഘപരിവാര്‍ അദ്ധ്യാപക സംഘടനയുടെ സജീവപ്രവര്‍ത്തകയാണ്. എന്റെ രാഷ്ട്രീയം മാത്രം ചര്‍ച്ചയാകുന്നതെങ്ങനെയാണ്?
SFI നേതാവിനെതിരെ സംഘപരിവാര്‍ അദ്ധ്യാപകസംഘടനയുടെ ഡീന്‍ റിപ്പോര്‍ട്ട് നല്‍കി എന്ന് എന്താണ് വാര്‍ത്തയാവാത്തത് ? ഡോ. സി. എന്‍. വിജയകുമാരി ടീച്ചറുടെ രാഷ്ട്രീയപക്ഷം വെളിപ്പെടാത്തതെന്താണ് ? ഞാന്‍ കുറ്റവാളിയും ഡോ. സി. എന്‍. വിജയകുമാരി ടീച്ചര്‍ വിശുദ്ധമാലാഖയുമായി മാറുന്നതെങ്ങനെയാണ് ?
മാധ്യമങ്ങള്‍ ചിന്തിക്കുമോ അറിയില്ല. വസ്തുതകള്‍ക്ക് വാര്‍ത്തകളില്‍ യാതൊരു വിലയുമില്ലേ ? വൈസ് ചാന്‍സിലര്‍ തിരഞ്ഞെടുത്ത പ്രബന്ധ പരിശോധകരെയും ഓപ്പണ്‍ഡിഫന്‍സ് ചെയര്‍മാനെയും മറികടന്ന് ഇല്ലാത്ത അധികാരം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഡീന്‍ വൈസ് ചാന്‍സിലറുടെ തീരുമാനങ്ങളെത്തന്നെ അവിശ്വസിക്കുകയും വെല്ലുവിളിക്കുകയുമാണ്. പ്രബന്ധ പരിശോധകരും ചെയര്‍മാനും എന്റെ പ്രബന്ധത്തിന് പി.എച്ച്. ഡി നല്‍കാം എന്ന് ശുപാര്‍ശ ചെയ്തു കഴിഞ്ഞു.
ഡീന്‍ എന്ന മഹത്വമാര്‍ന്ന അക്കാദമിക് പദവിയ്ക്ക് യോജിക്കാത്തവിധം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സി എന്‍ വിജയകുമാരി ടീച്ചര്‍ ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരരുത്. അല്ലെങ്കില്‍ ബന്ധപ്പെട്ട അധികാരികള്‍ ഡീനിനെ പുറത്താക്കണം. മഹത്തായ പാരമ്പര്യമുള്ള ഈ സര്‍വ്വകലാശാലയ്ക്ക് അപമാനമായി ഇനിയും ഡീന്‍ തുടര്‍ന്നുകൂടാ. കാരണം മറ്റൊരു വിദ്യാര്‍ത്ഥിയും ഇതുപോലെ അധികാര ദുര്‍വിനിയോഗത്താല്‍ ഇനി വേട്ടയാടപ്പെടരുത്.
എന്റെ PhD പ്രബന്ധം ഇംഗ്ലീഷ് ഭാഷയിലാണ് തയ്യാറാക്കിയിട്ടുള്ളത് ഇതിന് സര്‍വകലാശാല നിയമം അനുവദിക്കുന്നുണ്ട്. ഓപ്പണ്‍ ഡിഫന്‍സില്‍ സംസ്‌കൃതം മാത്രം ഉപയോഗിക്കണം എന്ന് നിര്‍ബന്ധമില്ല, ഇംഗ്ലീഷ്, മലയാളം ഭാഷകള്‍ ഉപയോഗിക്കാവുന്നതാണ്. സംസ്‌കൃത ഡിപ്പാര്‍ട്ട്‌മെന്റ് ലൈബ്രറി പരിശോധിച്ചാല്‍ ഇംഗ്ലീഷില്‍ തയ്യാറാക്കിയ നിരവധി ഗവേഷണ പ്രബന്ധങ്ങളും, എം.ഫില്‍ പ്രബന്ധങ്ങളും കാണാന്‍ കഴിയും.
യൂണിവേഴ്‌സിറ്റിയെ രക്ഷിക്കാന്‍ എന്ന ഭാവത്തില്‍ മുഖം മൂടി അണിഞ്ഞു നടക്കുന്ന തിരുവനന്തപുരത്തെ ചില ദുഷ്ടജന്‍മങ്ങള്‍ പേ പിടിച്ച പട്ടിയെപ്പോലെ എന്നെ ആക്രമിക്കാന്‍ കുതിച്ചെത്തിയത് കഴിഞ്ഞ ദിവസമാണ്. എന്റെ യോഗ്യത അളക്കാന്‍ ഇവരെയൊക്കെ ചുമതലപ്പെടുത്തിയത് ആരാണ് ?
വാര്‍ത്തകള്‍ വന്ന സമയത്ത് പലമാധ്യമപ്രവര്‍ത്തകരും എന്നെ വിളിച്ചിരുന്നു. മാധ്യമങ്ങളുടെ മുന്നില്‍ വരാന്‍ കഴിയുന്നില്ല, പുറത്തിറങ്ങാന്‍ തന്നെ എനിക്ക് പേടി തോന്നുന്നു. ഡീനിന്റെ ഒരു കത്തുകൊണ്ട് എന്റെ ജീവിതമാകെ മുറിഞ്ഞ് ചോരയൊലിക്കുകയാണ്. ഞാന്‍ കഷ്ടപ്പെട്ട് നേടിയ ഡിഗ്രികളെല്ലാം വിഫലമായതു പോലെ തോന്നുന്നു. PhD എന്റെ ജീവിതമാണ്. വര്‍ഷങ്ങള്‍ കൊണ്ട് ഞാന്‍ സ്വരുക്കൂട്ടിയ അക്കാദമിക് നേട്ടങ്ങളും മെറിറ്റും ഒരൊറ്റ ദിവസം കൊണ്ട് ഇല്ലാതായ പോലെ. സത്യത്തിന് യാതൊരു വിലയുമില്ലേ ? അതില്ലായെങ്കില്‍ പിന്നെ ഞാനുമുണ്ടാവില്ല. ജീവിതത്തില്‍ ഇരുട്ട് നിറയുകയാണ്...
ഈ വിഷയവുമായി ബന്ധപ്പെട്ട് ഞാന്‍ എഴുതിയ വിശദമായ കുറിപ്പിന്റെ ലിങ്ക് നല്‍കുന്നു...
https://www.facebook.com/share/p/1Bgh4akCiY/




