കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വനിതാ ഡോക്ടറെ ലൈംഗികാതിക്രമത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ടു. പൊലീസ് അന്വേഷണത്തില്‍ ഒരു പുരോഗതിയുമില്ലെന്നും സര്‍ക്കാര്‍ ഇരക്കൊപ്പമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കൊല്‍ക്കത്ത ഹൈക്കോടതി വിധി പറഞ്ഞത്. ആശുപത്രി സംവിധാനവും ഇരയെ പിന്തുണച്ചില്ലെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് ഹൈക്കോടതി വിമര്‍ശിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ എല്ലാം ഉടന്‍ സി.ബി.ഐക്ക് കൈമാറണമെന്ന് കോടതി നിര്‍ദേശിച്ചു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം ഉള്‍പ്പടെ നിരവധി ഹര്‍ജിക്കാര്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു.

ബിജെപി നേതാവ് അഡ്വ കൗസ്തവ് ബഗ്ചി നല്‍കിയ ഹര്‍ജി അംഗീകരിച്ചാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. സംഭവത്തില്‍ എന്തുകൊണ്ട് ആദ്യം കൊലപാതക കേസ് റജിസ്റ്റര്‍ ചെയ്തില്ലെന്നും അസ്വാഭാവിക മരണത്തിന് കേസെടുത്തില്ലെന്നും ചീഫ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനം അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. ആര്‍.ജി. കര്‍ കോളേജ് പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനോട് ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കാനും കോടതി നിര്‍ദേശിച്ചു. കേസില്‍ കോളേജ് പ്രിന്‍സിപ്പലിനെയാണ് ആദ്യം ചോദ്യം ചെയ്യേണ്ടിയിരുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു.

കൊലപാതകത്തിനുശേഷം രാജിവെച്ച സന്ദീപ് ഘോഷ് മണിക്കൂറുകള്‍ക്കുശേഷം മറ്റൊരു കോളേജിലെ പ്രിന്‍സിപ്പലായി നിയമിതനായത് എങ്ങനെയാണെന്നും സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി ചോദിച്ചു. 'എന്തിനാണ് പ്രിന്‍സിപ്പലിനെ സംരക്ഷിക്കുന്നത്. എന്തുകൊണ്ട് അദ്ദേഹത്തിന്റെ മൊഴിയെടുത്തില്ല. മൊഴി രേഖപ്പെടുത്തണം. അറിയാവുന്ന കാര്യങ്ങള്‍ അദ്ദേഹം പറയട്ടെ', കോടതി നിര്‍ദേശിച്ചു.

വെള്ളിയാഴ്ച രാവിലെ കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സെമിനാര്‍ ഹാളിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ഡ്യൂട്ടിക്കിടെയായിരുന്നു ഡോക്ടറുടെ കൊലപാതകം. ചെസ്റ്റ് മെഡിസിന്‍ വിഭാഗത്തിലെ രണ്ടാം വര്‍ഷ പിജി ഡോക്ടറാണ് കൊല്ലപ്പെട്ടത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും അന്വേഷണം തൃപ്തികരമല്ലെന്നാണ് ഡോക്ടര്‍മാര്‍ നിലപാടെടുത്തത്. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ കക്ഷികളും സംസ്ഥാനത്ത് സമരത്തിലാണ്. അതിനിടെ ഡോക്ടര്‍മാര്‍ ദേശവ്യാപക പ്രതിഷേധം തുടരുകയാണ്.

സംഭവം നടക്കുമ്പോള്‍ മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പലായിരുന്ന വ്യക്തിയോട് ഉടന്‍ രാജിവെക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ഇദ്ദേഹത്തെ പുറത്താക്കണമെന്നും കോടതി വ്യക്തമാക്കി. സംഭവം നടന്ന ആശുപത്രിയില്‍ നിന്ന് രാജിവച്ച പ്രിന്‍സിപ്പലിനെ മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റൊരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിയമിച്ചിരുന്നു. ഇതിലാണ് ഹൈക്കോടതി രോഷത്തോടെ പ്രതികരിച്ചത്. കൊലപാതകം ഭയാനകമായ സംഭവമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസില്‍ പൊലീസ് ഇങ്ങനെ അന്വേഷണം നടത്തിയാല്‍ പോര. മരിച്ചയാള്‍ക്ക് നീതി കൊടുക്കേണ്ടത് ഇങ്ങനെയല്ല. ഗുരുതരമായ കേസാണിത്. പ്രിന്‍സിപ്പലിന്റെ വിശദമായ മൊഴിയെടുക്കണം. പ്രതിയെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും മനുഷ്യത്വരഹിതമായ പെരുമാറ്റമാണിതെന്നും കോടതി വിമര്‍ശിച്ചു.

കേസ് അന്വേഷിക്കാന്‍ ഏഴംഗ പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. രാവിലെ പത്ത് മണിയോടെയാണ് ആശുപത്രി ഔട്ട് പോസ്റ്റില്‍ വിവരം കിട്ടിയത്. സംഭവത്തില്‍ ആരും പരാതി നല്‍കിയില്ല. രക്ഷിതാക്കളുടെ ആവശ്യപ്രകാരം മജിസ്‌ട്രേട്ടിന്റെ സാന്നിധ്യത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. പ്രതിഷേധം ശക്തമായതോടെ മൃതദേഹം പുറത്തേക്ക് കൊണ്ടു പോകുന്നതിലടക്കം ബുദ്ധിമുട്ടുണ്ടായി. രാഷ്ട്രീയ പാര്‍ട്ടികള്‍ വിഷയം വേഗത്തിലേറ്റെടുത്തു. അതോടെ വലിയ വിവാദമായി മാറി. പ്രതിഷേധം ശക്തമായതോടെ ആശുപത്രി ദ്രുത കര്‍മ്മ സേനയുടെ നിയന്ത്രണത്തിലാക്കി. കേസെടുക്കുന്നതില്‍ കാലതാമസമുണ്ടായിട്ടില്ല. ഡോക്ടറുടെ കുടുംബത്തിന് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ വാദിച്ചു. എന്നാല്‍ തൃപ്തി, സന്തോഷം തുടങ്ങിയ പദങ്ങള്‍ അനവസരത്തില്‍ പ്രയോഗിക്കരുതെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജിലെ നെഞ്ചുരോഗ വിഭാഗത്തില്‍ പി.ജി. ട്രെയിനിയായ വനിതാ ഡോക്ടറെയാണ് ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്.

വെള്ളിയാഴ്ച രാവിലെ കോളേജിലെ സെമിനാര്‍ ഹാളിനുള്ളില്‍ അര്‍ധനഗ്നമായ നിലയിലായിരുന്നു വനിതാ ഡോക്ടറുടെ മൃതദേഹം. ശരീരമാസകലം മുറിവേറ്റിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമായ ലൈംഗികപീഡനവും സ്ഥിരീകരിച്ചതോടെ സംഭവത്തില്‍ വന്‍ പ്രതിഷേധമാണുയര്‍ന്നത്. ഇതിനുപിന്നാലെ ക്രൂരകൃത്യം നടത്തിയ, പോലീസിന്റെ സിവിക് വൊളണ്ടിയര്‍ ആയ സഞ്ജയ് റോയ് പോലീസിന്റെ പിടിയിലായി.