- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിവൈഎഫ്ഐ വിചാരിച്ചാല്‍ തൂത്തുവാരിക്കളയാവുന്ന ഫോറസ്റ്റുകാരേ ഇവിടെയുള്ളൂ; പ്രകോപന പ്രസംഗവുമായി സിപിഎം പെരുനാട് ഏരിയാ സെക്രട്ടി; പാടം സംഭവത്തില്‍ വീഴ്ച എംഎല്‍എയ്ക്കാണെന്ന് സി.സി.എഫിന്റെ അന്വേഷണ റിപ്പോര്‍ട്ട്
ഡിവൈഎഫ്ഐ വിചാരിച്ചാല്‍ തൂത്തുവാരിക്കളയാവുന്ന ഫോറസ്റ്റുകാരേ ഇവിടെയുള്ളൂ
പത്തനംതിട്ട: പാടം ഫോറസ്റ്റ് സ്റ്റേഷനില്‍ കെ.യു. ജനീഷ്‌കുമാര്‍ എം.എല്‍.എ നടത്തിയ ഭീഷണിക്ക് പിന്നാലെ ഫോറസ്റ്റുകാരെ അടിച്ചൊതുക്കുമെന്ന സൂചന നല്‍കി സിപിഎം റാന്നി-പെരുനാട് ഏരിയാ സെക്രട്ടറി എം.എസ്. രാജേന്ദ്രന്റെ വെല്ലുവിളി. കാക്കി ഊരയിട്ടിട്ട് വന്നാല്‍ തങ്ങളുടെ ഏതെങ്കിലും ഒരു കൊച്ചു പോഷകസംഘടനയോ ഡി.വൈ.എഫ്.ഐയോ വിചാരിച്ചാല്‍ തൂത്തുവാരി അടിച്ചു കളയാവുന്ന ഫോറസ്റ്റുകാരനെ ഇവിടെയുള്ളൂവെന്നായിരുന്നു രാജേന്ദ്രന്റെ പ്രസംഗം. സി.പി.എം നേതൃത്വത്തില്‍ കോന്നി ഡി.എഫ്.ഓഫീസിലേക്ക് എം.എല്‍.എയ്ക്ക് പിന്തുണ അറിയിച്ച് നടത്തിയ പ്രതിഷേധ മാര്‍ച്ചിലായിരുന്നു രാജേന്ദ്രന്റെ പ്രസംഗം. സിപിഎം സംസ്ഥാന സമിതി അംഗം കെ.പി. ഉദയഭാനുവാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്.
അതേ സമയം, സംഭവത്തില്‍ വീഴ്ച പറ്റിയത് എംഎല്‍എയ്ക്കാണെന്ന് ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍. കമലഹാര്‍ വനംമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു. വീഴ്ച പറ്റിയത് വനപാലകര്‍ക്കല്ല, എം.എല്‍.എയ്ക്കാണ്. ആന ചരിഞ്ഞ കേസുമായി ബന്ധപ്പെട്ട് വനംവകുപ്പ് നടത്തിയ അന്വേഷണം എം.എല്‍.എ തടസപ്പെടുത്തുകയാണ് ചെയ്തത്. അന്വേഷണം നിര്‍ണായക ഘട്ടത്തില്‍ എത്തിയിരുന്നു. പ്രതി ചേര്‍ത്തവര്‍ക്കെതിരേ നിരവധി തെളിവുകളും ലഭിച്ചു. തോട്ടം ഉടമയുടെ സഹായിയായ തമിഴ്നാട് സ്വദേശിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് അതിന്റെ അടിസ്ഥാനത്തിലാണ്. എം.എല്‍.എ ഇയാളെ ബലമായി ഇറക്കിക്കൊണ്ടു പോയി. ഇത് കേസന്വേഷണം വഴിമുട്ടിച്ചു. നടപടി ക്രമങ്ങള്‍ പാലിച്ചാണ് നാട്ടുകാരെയടക്കം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കഴിഞ്ഞ 10 ന് ഉച്ചയ്ക്കാണ് കലഞ്ഞൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡ് കുളത്തുമണ്‍ ശിവക്ഷേത്രത്തിന് സമീപത്ത് കാട്ടുകൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കോട്ടയം ഹൈറേഞ്ച് സര്‍ക്കിളിലെ ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ ഡോ. അന്‍മോദിന്റെ നേതൃത്വത്തില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ ആന ചരിഞ്ഞത് ഹൈവോള്‍ട്ട് ഷോക്കേറ്റാണെന്ന് കണ്ടെത്തി. സാധാരണ സൗരോര്‍ജവേലിയില്‍ കൂടി ബാറ്ററിയില്‍ നിന്ന് കടത്തി വിടുന്നത് ഒമ്പത് വോള്‍ട്ട് വൈദ്യുതിയാണ്. ഇതേറ്റാല്‍ ആന ചരിയില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫോറസ്റ്റ് അധികൃതര്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിരുന്നു.
നടുവത്തുമൂഴി വനം റേഞ്ചിലെ പാടം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ കണ്ട കാട്ടാനയുടെ ജഡത്തിന് മൂന്നു ദിവസം പഴക്കമുണ്ടായിരുന്നു. 25 നും 30 നും ഇടയില്‍ പ്രായമുള്ള ആനയാണ് ചരിഞ്ഞത്. ഇതേപ്പറ്റി വിശദമായ അന്വേഷണത്തിന് വനം വിജിലന്‍സ് വിഭാഗത്തെ വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ ചുമതലപ്പെടുത്തിയിരുന്നു. നേരത്തേ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നിയോഗിച്ച മൂന്നംഗ സമിതി നടത്തുന്ന അന്വേഷണത്തിന് പുറമേയാണിത്. കാട്ടാന ചരിഞ്ഞത് കണ്ടെത്തുന്നതിലും റിപ്പോര്‍ട്ട് ചെയ്യുന്നതിലും കാലതാമസം നേരിട്ടുവെന്ന് ബോധ്യപ്പെട്ടതിനാല്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് മനഃപൂര്‍വമായ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നും വിജിലന്‍സ് വിഭാഗം പരിശോധിക്കുന്നുണ്ട്.
വനപാലകരുടെ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് കൈതച്ചക്ക തോട്ടത്തിലെ തൊഴിലാളിയായ തമിഴ്നാട്ടുകാരനെ കഴിഞ്ഞ 13 ന് കസ്റ്റഡിയില്‍ എടുത്തത്. ഈ വിവരം അറിഞ്ഞാണ് എം.എല്‍.എ പാടം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തിയത്. തൊഴിലാളിയെ അറസ്റ്റ് ചെയ്തതിന്റെ രേഖകള്‍ കാണിക്കാന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ഒരാളെ അറസ്റ്റ് ചെയ്യുന്നതിന് ചില നടപടി ക്രമങ്ങള്‍ ഉണ്ടെന്നും എം.എല്‍.എ സൂചിപ്പിച്ചു. എന്നാല്‍, അറസ്റ്റ് ചെയ്തിട്ടില്ലെന്നും മഹസര്‍ എഴുതുന്നതേയുള്ളൂവെന്നും തൊഴിലാളിയുടെ മൊഴിയില്‍ അയാളെ അറസ്റ്റ് ചെയ്യാന്‍ ആവശ്യമായ വസ്തുതകള്‍ ഉണ്ടെന്നും ഫോറസ്റ്റ് അധികൃതര്‍ അറിയിച്ചതോടെ എം.എല്‍.എ മേശയില്‍ അടിച്ചു ആക്രോശിക്കുകയായിരുന്നു. തോന്ന്യാസമാണോ കാണിക്കുന്നത്. മനുഷ്യന്‍ സഹിക്കുന്നതിനും ക്ഷമിക്കുന്നതിനും പരിധിയുണ്ട്്.
ഫോറസ്റ്റ് സ്റ്റേഷന്‍ കത്തിക്കുമെന്നും വീണ്ടും നക്സല്‍ ആക്രമണം ഉണ്ടാകുമെന്നും എം.എല്‍.എ പറഞ്ഞു. തൊഴിലാളിയെ കസ്റ്റഡിയില്‍ എടുത്ത നടപടി ക്രമങ്ങളും അറസ്റ്റും നിയമവിധേയമാണോയെന്ന് പരിശോധിക്കാന്‍ എം.എല്‍.എ ഒപ്പമുണ്ടായിരുന്ന ഡിവൈ.എസ്.പി രാജപ്പന്‍ റാവുത്തറോട് നിര്‍ദേശിച്ചു.
കാട്ടാന കാരണം നാട്ടുകാര്‍ക്ക് ജീവിക്കാന്‍ വയ്യാത്ത സ്ഥിതിയാണ്. കാട്ടാന ആക്രമിച്ചാലും ജനങ്ങള്‍ക്കാണ് കുറ്റം. ഒറ്റ ദിവസം മാത്രം 11 പേരെയാണ് നിങ്ങള്‍ കസ്റ്റഡിയില്‍ എടുത്തത്. ജനങ്ങളുടെ പ്രതിഷേധത്തില്‍ പങ്കെടുത്താണ് താന്‍ വരുന്നതെന്നും പറഞ്ഞ എം.എല്‍.എ കസ്റ്റഡിയില്‍ എടുത്ത തൊഴിലാളിയെ ഇറക്കി കൊണ്ട് പോവുകയും ചെയ്തു.