ന്യൂഡല്‍ഹി: സൈബര്‍ തട്ടിപ്പുകള്‍ തടയുന്നതിനുള്ള സുരക്ഷാ നടപടികളുടെ ഭാഗമായി പുതിയ സ്മാര്‍ട്ട്‌ഫോണുകളില്‍ 'സഞ്ചാര്‍ സാഥി' (Sanchar Saathi) ആപ്ലിക്കേഷന്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. എല്ലാ പുതിയ ഫോണുകളിലും കേന്ദ്ര ടെലികോം വകുപ്പിന്റെ ഈ സൈബര്‍ സുരക്ഷാ ആപ്പ് പ്രീ-ഇന്‍സ്റ്റാള്‍ ചെയ്യണമെന്നാണ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

90 ദിവസത്തിനകം നടപ്പാക്കണം; ആപ്പ് നീക്കം ചെയ്യാനാവില്ല

സൈബര്‍ കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി പ്രതിരോധിക്കുക എന്നതാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. ടെലികോം വകുപ്പിന്റെ നിര്‍ദേശം അനുസരിച്ച് അടുത്ത 90 ദിവസത്തിനകം ഈ നിര്‍ദേശം നടപ്പാക്കാനാണ് ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദേശം.

വിതരണ ശൃംഖലയിലുള്ള ഫോണുകളില്‍ സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് വഴി ആപ്പ് നിര്‍ബന്ധമായി ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും നിര്‍ദേശമുണ്ട്.ഫോണില്‍ ഒരിക്കല്‍ പ്രീ-ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഉപയോക്താവിന് പിന്നീട് ഈ ആപ്പ് നീക്കം ചെയ്യാന്‍ സാധിക്കില്ല എന്നതും ശ്രദ്ധേയമാണ്.

ആപ്പിള്‍ എന്തു ചെയ്യും? കാത്തിരുന്ന് കാണണം

കേന്ദ്ര സര്‍ക്കാരിന്റെ ഈ നിര്‍ദേശം പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ (Apple) എങ്ങനെ സ്വീകരിക്കും എന്നതിലാണ് ഇപ്പോള്‍ സംശയം നിലനില്‍ക്കുന്നത്. ആപ്പിള്‍ സാധാരണയായി അവരുടെ സ്വന്തം ആപ്പുകള്‍ മാത്രമേ ഫോണുകളില്‍ പ്രീ-ഇന്‍സ്റ്റാള്‍ ചെയ്യാറുള്ളൂ. തേര്‍ഡ് പാര്‍ട്ടി ആപ്പുകളോ സര്‍ക്കാര്‍ ആപ്പുകളോ ആപ്പിള്‍ തങ്ങളുടെ ഡിവൈസുകളില്‍ മുന്‍കൂട്ടി ലോഡ് ചെയ്യാന്‍ അനുവദിക്കാറില്ല.

അതുകൊണ്ടുതന്നെ, പുതിയ കേന്ദ്ര നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ ലോകോത്തര കമ്പനിയായ ആപ്പിള്‍ എന്തു നിലപാട് സ്വീകരിക്കും എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

'സഞ്ചാര്‍ സാഥി' എന്ന ഈ ആപ്പ്, ഉപയോക്താക്കള്‍ക്ക് തങ്ങളുടെ പേരിലുള്ള സിം കാര്‍ഡുകള്‍ കണ്ടെത്താനും നഷ്ടപ്പെട്ട ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും സൈബര്‍ തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും സഹായിക്കുന്ന ഒരു സുരക്ഷാ പ്ലാറ്റ്‌ഫോമാണ്.