ന്യൂഡല്‍ഹി: സെബി ചെയര്‍പേഴ്‌സണും അദാനി ഗ്രൂപ്പും തമ്മിലുള്ള ബന്ധം വ്യക്തമാക്കിയെ വെളിപ്പെടുത്തലുമായി ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് രംഗത്തുവന്നതിന് പിന്നാലെ ആരോപണങ്ങല്‍ നിഷേധിച്ചു സെബിയും രംഗത്ത്. നേരത്തെ ആരോപണങ്ങള്‍ തള്ളി അദാനി ഗ്രൂപ്പും മാധബി പുരി ബുച്ചും രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സെബിയും ആരോപണങ്ങള്‍ തള്ളുന്നത്.

അദാനിയുടെ ഷെല്‍ കമ്പനികളില്‍ സെബി ചെയര്‍പേഴ്‌സണ് നിക്ഷേപമുണ്ടെന്ന ഗുരുതര ആരോപണമാണ് ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ടത്. സെബി ചെയര്‍പേഴ്‌സന്റെ ഇടപെടലാണ് അന്വേഷണത്തില്‍ നിന്നും പിന്‍വലിയാന്‍ ഇടയാക്കുന്നതെന്നായിരുന്നു ആരോപണം. എന്നാല്‍, അദാനിക്കെതിരായ അന്വേഷങ്ങള്‍ വൈകിയിട്ടില്ലെന്നും 24 അന്വേഷണങ്ങളില്‍ 23 എണ്ണവും പൂര്‍ത്തിയായെന്നും അവസാന അന്വേഷണം ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും വാര്‍ത്താകുറിപ്പിലൂടെ സെബി വ്യക്തമാക്കി. വ്യക്തിപരമായ ആരോപണങ്ങള്‍ക്ക് ചെയര്‍പേഴ്‌സണ്‍ മറുപടി പറഞ്ഞിട്ടുണ്ടെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

ഒന്നര വര്‍ഷമായിട്ടും അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ സെബി അന്വേഷണം പൂര്‍ത്തിയാക്കാത്തത് അദാനിയുടെ കമ്പനിയുമായി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ചിനും ഭര്‍ത്താവിനുമുള്ള ബന്ധം കാരണമാണെന്നാണ് ഇന്നലെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്. അദാനി ഗ്രൂപ്പിനെതിരെ കഴിഞ്ഞവര്‍ഷം പുറത്തുവന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ സെബിയാണ് അന്വേഷണം നടത്തുന്നത്. ഒന്നര വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം പൂര്‍ത്തിയായില്ല എന്ന വിമര്‍ശനം നിലനില്‍ക്കെയാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ പുതിയ ആരോപണം.

ഓഹരി മൂല്യം പെരുപ്പിച്ചുകാട്ടാനായി അദാനി ഷെല്‍ കമ്പനികള്‍ രൂപീകരിച്ചിരുന്നു. ഈ ഷെല്‍ കമ്പനികളിലാണ് സെബി ചെയര്‍പേഴ്‌സന്‍ മാധബി ബുച്ചിനും ഭര്‍ത്താവിനും നിക്ഷേപമുണ്ടെന്ന് ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്നത്. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട രഹസ്യ വിദേശ നിക്ഷേപങ്ങളില്‍ പങ്കാളിത്തം ഉണ്ടെന്ന ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണം തള്ളി സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ച് രംഗത്തെത്തിയിരുന്നു. തന്റെയും ഭര്‍ത്താവിന്റെയും ജീവിതവും സാമ്പത്തിക കാര്യങ്ങളും തുറന്ന പുസ്തകമാണെന്നും ഏത് ഏജന്‍സിക്കും ഇത് സംബന്ധിച്ച രേഖകള്‍ നല്‍കാന്‍ തയ്യാറാണെന്നുമാണ് മാധബി ബുച്ചിന്റെ പ്രതികരണം.

ഇന്നലെയാണ് കേന്ദ്ര സര്‍ക്കാരിനെയും അദാനി ഗ്രൂപ്പിനെയും സെബിയെയും വെട്ടിലാക്കി ഹിന്‍ഡന്‍ബര്‍ഗിന്റെ പുതിയ വെളിപ്പെടുത്തല്‍ പുറത്ത് വന്നത്. അതേസമയം പുതിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തു വന്നു. ഹിന്‍ഡെന്‍ബര്‍ഗിന്റെ വെളിപ്പെടുത്തല്‍ ഗുരുതരമെന്നാണ് കോണ്‍ഗ്രസ്സ് വക്താവ് സുപ്രിയ ശ്രീനേത് പ്രതികരിച്ചത്. നടന്നത് വലിയ അഴിമതിയാണെന്നും ക്രിമിനല്‍ ഗൂഢാലോചനയാണെന്നും സുപ്രിയ കുറ്റപ്പെടുത്തി. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ വെളിപ്പെടുത്തല്‍ പാര്‍ലമെന്റിന്റെ സംയുക്ത സമിതി അന്വേഷിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനിക്കും അദ്ദേഹത്തിന്റെ അടുത്ത കൂട്ടാളികള്‍ക്കും പങ്കുള്ള ബെര്‍മുഡയും മൗറീഷ്യസും ആസ്ഥാനമായുള്ള ഓഫ്ഷോര്‍ ഫണ്ടുകളില്‍ സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ചും അവരുടെ ഭര്‍ത്താവും നിക്ഷേപം നടത്തിയതായി ഹിന്‍ഡന്‍ബര്‍ഗ് ഗവേഷണ വെളിപ്പെടുത്തലുകള്‍ പറയുന്നു. മാധബി പുരി ബുച്ച് സെബി ചെയര്‍പേഴ്‌സണായതിന് പിന്നാലെ അദാനി രണ്ട് തവണ ഇവരുമായി കൂടിക്കാഴ്ച നടത്തിയതും ഈ അവസരത്തില്‍ പുതിയ ചോദ്യങ്ങളുയര്‍ത്തുന്നു.

അദാനി അഴിമതിയില്‍ സെബി നടത്തുന്ന അന്വേഷണത്തിലെ എല്ലാ വൈരുദ്ധ്യങ്ങളും ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട അഴിമതിയാരോപണത്തിന്റെ യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരാന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമിതി രൂപീകരിക്കണമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പ്രസ്താവനയില്‍ പറഞ്ഞു