തിരുവനന്തപുരം: രഞ്ജിത് രാജിവച്ച് ഒഴിഞ്ഞ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പദവിയിലേക്ക് മുന്‍ വൈസ് ചെയര്‍പഴ്‌സന്‍ ബീന പോളിന്റെ പേരിനു മുന്‍തൂക്കം. ചലച്ചിത്രോത്സവം നടത്തി ബീനാ പോളിന് ഏറെ പരിചയമുണ്ട്. വര്‍ഷങ്ങളോളം ഐഎഫ്എഫ്‌കെയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ആയിരുന്നത് അടക്കമുള്ള അനുഭവ സമ്പത്ത് ബീന പോളിനുണ്ട്. ഇകാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടന്‍ അന്തിമ തീരുമാനം എടുക്കും. അടൂര്‍ ഗോപാലകൃഷ്ണന്റെ അഭിപ്രായവും തേടും.

ചലച്ചിത്ര അക്കാദമിയുടെ ചുമതലയില്‍ നടത്തപ്പെടേണ്ട പ്രധാനപ്പെട്ട പരിപാടികള്‍ നടക്കാനിരിക്കെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് എത്രയും വേഗം ആളെ കണ്ടെത്തേണ്ടതുണ്ട്. സിനിമ കോണ്‍ക്ലേവ്, ഐഎഫ്എഫ്‌കെ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം തുടങ്ങിയവയില്‍ അക്കാദമിക്ക് നിര്‍ണ്ണായക റോളാണുള്ളത്. അതിനിടെ നിലവിലെ വൈസ് ചെയര്‍മാന്‍ പ്രേംകുമാറിനെ അധ്യക്ഷനാക്കണമെന്നും അഭിപ്രായമുണ്ട്. ഇടതുമുന്നണിയിലും ഇക്കാര്യം ചര്‍ച്ച ചെയ്യും. സിപിഎം മനസ്സ് ബീനാ പോളിന് അനുകൂലമാണെന്നാണ് സൂചന.

നേരത്തേ സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് എം.ജി.ശ്രീകുമാറിനെ കൊണ്ടുവരാനുള്ള ശ്രമം പാര്‍ട്ടിക്കും മുന്നണിക്കും ഉള്ളിലെ എതിര്‍പ്പിനെ തുടര്‍ന്നാണ് നടപ്പിലാകാതെ പോയത്. രഞ്ജിത്തിന്റെ രാജിക്കായി സിപിഐ വലിയ സമ്മര്‍ദ്ദമാണ് മുന്നണിക്കുള്ളില്‍ ഉയര്‍ത്തിയത്. ഈ പശ്ചാത്തലത്തിലാണ് തീരുമാനം. നിലവിലെ ഭരണ സമിതിയുടെ മൂന്നുവര്‍ഷ കാലാവധി ജനുവരിയിലാണ് അവസാനിക്കുക. 2022 ജനുവരി ആറിനാണ് രഞ്ജിത് ചെയര്‍മാന്‍ പദവി ഏറ്റെടുത്തത്. കാലാവധി തീരുമ്പോള്‍ മാത്രമേ ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ പുനസംഘടിപ്പിക്കൂ. അതിനാല്‍, പുതിയ ചെയര്‍മാന്‍ വന്നാലും ജനുവരി വരെ ഈ ജനറല്‍ കൗണ്‍സില്‍ തുടരും.

ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷ സ്ഥാനത്ത് വനിതയെ നിയമിക്കണമെന്ന് സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മ മുഖ്യമന്ത്രിക്ക് കത്തയച്ചു. കേരള ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷ സ്ഥാനത്ത് ഇതുവരെ ഒരു സ്ത്രീ ഉണ്ടായിട്ടില്ല. അക്കാദമിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് യോഗ്യയായ ഒരു സ്ത്രീയെ നിയമിച്ചുകൊണ്ട് മാതൃക കാണിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണമെന്നാണ് സ്ത്രീപക്ഷ കൂട്ടായ്മ നല്‍കിയ കത്തില്‍ പറയുന്നത്.

'ഇടതുപക്ഷം സ്ത്രീപക്ഷം' എന്നത് ആലങ്കാരികമായ ഒരു മുദ്രാവാക്യമാകേണ്ടതല്ല. മലയാള ചലച്ചിത്ര ലോകത്തെ സ്ത്രീവിരുദ്ധതയും ചൂഷണവും അവസാനിപ്പിക്കുന്നതിന്റെ ആദ്യ ചുവടുവയ്‌പെന്ന നിലയില്‍ അധ്യക്ഷ സ്ഥാനത്തേക്ക് കഴിവും പ്രതിബദ്ധതയും ജെന്‍ഡര്‍ സെന്‍സിറ്റിവിറ്റിയുമുള്ള ഒരു സ്ത്രീയെ നിയമിക്കണമെന്നുള്ള അഭ്യര്‍ത്ഥനയാണ് സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ മുന്നോട്ട് വെയ്ക്കുന്നത്.

അതേസമയം പുതിയ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ നിയമനത്തില്‍ സ്ത്രീ പ്രാതിനിധ്യത്തിന്റെ മറവില്‍ സ്വജനപക്ഷപാതികളെ തിരികെ കൊണ്ടുവരാന്‍ ശ്രമമെന്ന് സംവിധായകന്‍ ഡോ. ബിജു ആരോപിച്ചു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രാജി വെച്ച സാഹചര്യത്തില്‍ പുതിയ നീക്കങ്ങളുമായി ബന്ധപ്പെട്ടു കേള്‍ക്കുന്ന വാര്‍ത്തകള്‍ സത്യമാവുകയാണെങ്കില്‍ കൂടുതല്‍ ഡിസാസ്റ്റാര്‍ എന്നേ പറയാന്‍ സാധിക്കൂവെന്ന് ബിജു പറഞ്ഞു.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആയി സ്ത്രീ പ്രാതിനിധ്യം വേണമെങ്കില്‍ അതിന് ഇപ്പോള്‍ ഏറ്റവും അനുയോജ്യ രഞ്ജിത്തും കൂട്ടരും പുറത്താക്കിയ ദീപിക സുശീലന്‍ ആണെന്ന് ബിജു പറയുന്നു. അന്താരാഷ്ട്ര ചലച്ചിത്ര മേളകളുമായി അടുത്തു പരിചയമുള്ള അനുഭവ സമ്പത്തുള്ള വേറെ സ്ത്രീകള്‍ മലയാളത്തില്‍ ഇല്ല എന്ന് തന്നെ പറയാം'- എന്നാണ് ബിജു ഫേസ്ബുക്കില്‍ കുറിച്ചത്.